വിവാദങ്ങൾക്ക് സഞ്ജു ബാറ്റ് കൊണ്ടു മറുപടി പറയുമോ? ഇന്ത്യ- ഇം​ഗ്ലണ്ട് ഒന്നാം ടി20 ഇന്ന്

നീണ്ട ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, പോരാട്ടം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും ലൈവായി കാണാം
India vs England 1st T20I
സഞ്ജു സാംസൺ, മുഹമ്മദ് ഷമിഎക്സ്, പിടിഐ
Updated on

കൊൽക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരിമിത ഓവർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ടി20 പരമ്പരയോടെയാണ് ഇം​ഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിനു തുടക്കമാകുന്നത്. ഇന്ന് വൈകീട്ട് 7 മുതൽ കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിലാണ് ആദ്യ ടി20. പരമ്പരയിൽ 5 മത്സരങ്ങളാണ് ഉള്ളത്. ടി20 പരമ്പരയ്ക്ക് ശേഷം 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കും.

2023ലെ ലോകകപ്പ് പോരാട്ടങ്ങൾക്ക് ശേഷം പേസർ മുഹമ്മദ് ഷമി ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങുന്നു എന്നതാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. സ്പിൻ ഓൺ റൗണ്ടർ അക്ഷർ പട്ടേൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വന്നതും നിർണായക മാറ്റമാണ്.

കാരണം വ്യക്തമാക്കാതെ വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള കേരള ടീമിൽ നിന്നു വിട്ടുനിന്ന സഞ്ജു സാംസന്റെ നടപടി കെസിഎയെ ചൊടിപ്പിച്ചിരുന്നു. ഇതോടെ താരത്തിനു ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം ലഭിക്കാതെ പോകുകയും ചെയ്തു. സഞ്ജുവിനെ ഇം​ഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായ സഞ്ജു ഇന്ന് കളിക്കാനിറങ്ങും. വിവാദങ്ങൾക്ക് താരം ബാറ്റ് കൊണ്ടു മറുപടി പറയുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

ഇന്ത്യ ഓപ്പണിങിൽ സഞ്ജു സാംസൺ- അഭിഷേക് ശർമ സഖ്യത്തെ തന്നെ കളിപ്പിക്കും. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവും കളിക്കും. ശേഷിക്കുന്ന ബാറ്റിങ് സ്ഥാനങ്ങൾ മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് മാറിയേക്കും.

മറുഭാ​ഗത്ത് ഇം​ഗ്ലണ്ടും കരുത്തോടെയാണ് നിൽക്കുന്നത്. ക്യാപ്റ്റൻ ജോസ് ബട്ലർ അടക്കമുള്ള താരങ്ങൾ ഏത് ബൗളിങിനേയും നേരിടാൻ കെൽപ്പുള്ള സംഘമാണ്. ഹാരി ബ്രൂക്, ലിയാം ലിവിങ്‌സ്റ്റൻ, ജോഫ്ര ആർച്ചർ അടക്കമുള്ള പരിമിത ഓവർ സെപ്ഷലിസ്റ്റുകൾ ടീമിൽ കളിക്കുന്നുണ്ട്.

അറ്റാക്കിങ്, അറ്റാക്കിങ്, അറ്റാക്കിങ്!

ടി20യിൽ അതിസമർഥമായ കോച്ചിങ് മികവാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനുള്ളത്. മറുഭാഗത്ത് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ആക്രമണത്തിന്റെ നവീന ആശയമായ ബാസ്‌ബോൾ മന്ത്രം സന്നിവേശിപ്പിച്ച പരിശീലകൻ ബ്രണ്ടൻ മക്കല്ലവും. ഇരു കോച്ചുമാരുടേയും തന്ത്രങ്ങൾ ഇന്ന് കളത്തിൽ നിർണായാകമാകും.

വമ്പൻ സ്‌കോറുകൾ കൊൽക്കത്തയിൽ പിറന്നാൽ അത്ഭുതപ്പെടേണ്ടതില്ല. കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്‌സ് ഐപിഎല്ലിൽ 263 റൺസ് ചെയ്‌സ് ചെയ്തു പിടിച്ചത് ഈ പിച്ചിലാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ചെയ്‌സിങ് കണ്ട മത്സരം കൂടിയാണിത്. അവസാനം നടന്ന എട്ട് ഐപിഎൽ മത്സരങ്ങളിലും ഈഡൻ ഗാർഡൻസിൽ സ്‌കോർ 200 കടന്നതും ആവേശം നൽകുന്ന കണക്കാണ്.

ടി20 ലോകകപ്പിനു ശേഷം ഇന്ത്യ 7 തവണയാണ് 200നു മുകളിൽ സ്‌കോർ കുറിച്ചത്. മറ്റൊരു ടീമിനും ഈ റെക്കോർഡില്ല. ടീമിന്റെ ശരാശരി സ്‌ട്രൈക്ക് റേറ്റ് 158.28 ആണ്. ഇംഗ്ലണ്ടിന്റേത് 151.66ഉം. ഇരു ടീമുകളുടേയും ബാറ്റിങ് മന്ത്രം കടന്നാക്രമണം തന്നെ.

ഇന്ത്യ സാധ്യതാ ഇലവൻ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, റിങ്കു സിങ്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.

മത്സരം സമയക്രമം

ഒന്നാം ടി20- ജനുവരി 22, വൈകീട്ട് 7 മുതൽ

രണ്ടാം ടി20- ജനുവരി 25, വൈകീട്ട് 7 മുതൽ

മൂന്നാം ടി20- ജനുവരി 28, വൈകീട്ട് 7 മുതൽ

നാലാം ടി20- ജനുവരി 31, വൈകീട്ട് 7 മുതൽ

അഞ്ചാം ടി20- ഫെബ്രുവരി 2, വൈകീട്ട് 7 മുതൽ

ലൈവ്

ടെലിവിഷൻ വഴി ആരാധകർക്ക് സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലൂടെ മത്സരം തത്സമയം കാണാം. ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെയും ആരാധകർക്ക് ലൈവായി പോരാട്ടം കാണാൻ കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com