
മുള്‍ട്ടാന്‍: പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആവേശകരം. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 163 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാനു സാധിച്ചു. എന്നാല്‍ വിന്‍ഡീസ് ബൗളര്‍മാര്‍ തിരിച്ചടിച്ചതോടെ പാക് ഒന്നാം ഇന്നിങ്‌സ് 154 റണ്‍സില്‍ അവസാനിച്ചു.
9 റണ്‍സ് നേരിയ ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ വിന്‍ഡീസ് രണ്ടാം ദിനം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് വീഴ്ത്തിയ നോമാന്‍ അലി തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും വിന്‍ഡീസിനെ കുഴക്കുന്നത്. സന്ദര്‍ശകര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായ 5ല്‍ 4 വിക്കറ്റുകളും നോമാന്‍ അലി നേടി. രണ്ടിന്നിങ്സിലുമായി താരം ഇതുവരെ 10 വിക്കറ്റുകൾ വീഴ്ത്തി കഴിഞ്ഞു. സാജിത് ഖാന്‍ 1 വിക്കറ്റെടുത്തു.
രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് അര്‍ധ ശതകം നേടി. താരം 4 സിക്‌സും 2 ഫോറും സഹിതം 52 റണ്‍സെടുത്തു. ആമിര്‍ ജാന്‍ഗൂവാണ് (30) പിടിച്ചു നിന്ന മറ്റൊരു താരം. നിലവില്‍ 5 റണ്‍സുമായി ജസ്റ്റന്‍ ഗ്രീവസാണ് ക്രീസില്‍.
നേരത്തെ 49 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ (49), 32 റണ്‍സെടുത്ത സൗദ് ഷക്കീല്‍ എന്നിവരുടെ ചെറുത്തു നില്‍പ്പാണ് പാക് ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 154ല്‍ എത്തിച്ചത്.
വിന്‍ഡീസിനായി ജോമല്‍ വാറിക്കന്‍ 4 വിക്കറ്റുകളും ഗുഡാകേഷ് മോട്ടി 3 വിക്കറ്റുകളും വീഴ്ത്തി. കെമാര്‍ റോച്ച് 2 വിക്കറ്റുകള്‍ പിഴുതു.
ഒന്നാം ഇന്നിങ്‌സ് ബാറ്റിങില്‍ വിന്‍ഡീസ് ഒരു ഘട്ടത്തില്‍ 38 റണ്‍സിനിടെ 7 വിക്കറ്റ് നഷ്ടമായ അവസ്ഥയിലായിരുന്നു. പിന്നീട് അവര്‍ 95 റണ്‍സ് ചേര്‍ക്കുന്നതിനിടെ 9 വിക്കറ്റ് നഷ്ടമായ അവസ്ഥയിലുമായിരുന്നു.
എന്നാല്‍ വാലറ്റം നടത്തിയ ധീരോദാത്തമായ ചെറുത്തു നില്‍പ്പാണ് അവരെ 163ല്‍ എത്തിച്ചത്. 9ാം സ്ഥാനത്തിറങ്ങി അര്‍ധ സെഞ്ച്വറി നേടിയ (55) ഗുഡാകേഷ് മോട്ടി ഒരറ്റത്ത് പൊരുതി നിന്നു. 10, 11 സ്ഥാനങ്ങളിലിറങ്ങിയ കെമാര്‍ റോച്ച് (25), പുറത്താകാതെ 36 റണ്‍സെടുത്ത ജോമല്‍ വാറിക്കന്‍ (36) എന്നിവരുടെ പിന്തുണയും സ്‌കോര്‍ 163ല്‍ എത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക