
ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ തുടരെ രണ്ടാം വട്ടവും ഇന്ത്യ ഫൈനലില്‍. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ട് വനിതാ ടീമിനെ അനായാസം വീഴ്ത്തി. 30 പന്തുകള്‍ ബാക്കി നില്‍ക്കെ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യന്‍ വനിതാ ടീം സ്വന്തമാക്കിയത്.
അപരാജിതരായാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചെത്തിയത്. കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമാണ് ഇന്ത്യയുടെ എതിരാളികള്‍. ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്ക ഫൈനലുറപ്പിച്ചത്. ടൂര്‍ണമെന്റില്‍ ഒരു കളിയും തോല്‍ക്കാതെയാണ് ദക്ഷിണാഫ്രിക്കയും വരുന്നത്. ഇന്ത്യ- ദക്ഷിണാഫ്രിക്ക കിരീട പോരാട്ടം ഫെബ്രുവരി 2 ഞായറാഴ്ച അരങ്ങേറും.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യ 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 117 റണ്‍സെടുത്താണ് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചത്.
ഓപ്പണര്‍ ജി കമാലിനി അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. താരം 50 പന്തില്‍ 8 ഫോറുകള്‍ സഹിതം 56 റണ്‍സ് അടിച്ചെടുത്തു.
ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന സഹ ഓപ്പണര്‍ ഗോംഗഡി തൃഷ 29 പന്തില്‍ 5 ഫോറുകള്‍ സഹിതം 35 റണ്‍സുമായി മടങ്ങി. താരത്തിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.
പിന്നീട് ക്രീസിലെത്തിയ സനിക ചല്‍കെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ കമാലിനിക്കൊപ്പം നിന്ന് ടീമിനെ ജയത്തിലെത്തിച്ചു. താരം 11 റണ്‍സെടുത്തു.
നേരത്തെ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ എന്നിവരുടെ മിന്നും ബൗളിങാണ് ഇംഗ്ലണ്ടിനെ വെട്ടിലാക്കിയത്. ആയുഷി ശുക്ല രണ്ട് വിക്കറ്റെടുത്തു.
45 റണ്‍സെടുത്ത ഡാവിന പെറിന്‍, 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ അബി നോര്‍ഗോവെ എന്നിവര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചു നിന്നത്. പുറത്താകാതെ 14 റണ്‍സെടുത്ത അമു സുരന്‍കുമാറാണ് രണ്ടക്കം കടന്ന മറ്റൊരു ഇംഗ്ലണ്ട് താരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക