
മുംബൈ: ഐപിഎല്‍ പോരാട്ടങ്ങളില്‍ ബൗളര്‍മാര്‍ക്ക് ഉമിനീര്‍ ഉപയോഗിച്ച് പന്തില്‍ മിനുസം വരുത്താം. ഇക്കാര്യത്തില്‍ ബിസിസിഐ അനുമതി നല്‍കി. കോവിഡ് മഹാമാരി സമയത്ത് സുരക്ഷ മുന്‍നിര്‍ത്തി ഐസിസി ബൗളര്‍മാര്‍ ഉമിനീര്‍ ഉപയോഗിക്കുന്നതു വിലക്കിയിരുന്നു. ഈ വിലക്ക് നിലവില്‍ തുടരുന്നുണ്ട്. അതിനിടെയാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു മാത്രമായി ബിസിസിഐ വിലക്കു നീക്കിയിരിക്കുന്നത്.
ഇത്തവണ ഐപിഎല്ലില്‍ ഈ നിയമം ബാധകമായിരിക്കില്ല. ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ യോഗത്തിലാണ് തീരുമാനം. ബിസിസിഐ നീക്കത്തെ എല്ലാ ടീമുകളുടേയും നായകന്‍മാര്‍ സ്വാഗതം ചെയ്തു.
ഐപിഎല്‍ പുതിയ സീസണ്‍ ഈ മാസം 22നു തുടങ്ങാനിരിക്കെയാണ് ശ്രദ്ധേയ തീരുമാനം. ഇതോടെ കോവിഡിനു ശേഷം ഉമിനീര്‍ ഉപയോഗിച്ചു ബൗളര്‍മാര്‍ പന്തെറിയുന്ന ആദ്യ പോരട്ടമായി ഐപിഎല്‍ മാറും. ഓഫ് സ്റ്റംപിനു പുറത്തു പോകുന്ന ഹൈറ്റ് വൈഡുകള്‍ റിവ്യു ചെയ്യാനുള്ള അവസരവും ഇത്തവണ ടീമുകള്‍ക്കു അനുവദിച്ചിട്ടുണ്ട്.
റിവേഴ്‌സ് സ്വിങിനായി ഉമിനീര്‍ ഉപയോഗിച്ചു പന്തില്‍ മാറ്റം വരുത്തി എറിയേണ്ടത് അനിവാര്യമാണെന്നു ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഐപിഎല്‍ പോലുള്ള ബാറ്റര്‍മാര്‍ക്കു പ്രാധാന്യമുള്ള പോരാട്ടങ്ങളില്‍. ഇതിനെ പിന്‍താങ്ങി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോന്‍ ഫിലാന്‍ഡര്‍, ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി എന്നിവരും രംഗത്തെത്തിയിരുന്നു.
ക്രിക്കറ്റ് പിച്ചിലേക്ക് റിവേഴ്‌സ് സ്വിങ് തിരികെ കൊണ്ടു വരണമെങ്കില്‍ ഉമിനീര്‍ ഉപയോഗിച്ചു പന്തില്‍ മിനുസം വരുത്താന്‍ അനുമതി ലഭിക്കണമെന്നാണ് കഴിഞ്ഞ ദിവസം ഷമി വ്യക്തമാക്കിയത്. പിന്നാലെയാണ് ഐപിഎല്ലില്‍ നിയമം ബാധകമല്ലെന്നു വ്യക്തമാക്കി ബിസിസിഐ രംഗത്തെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക