
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ അര്‍ജന്റീനക്കെതിരെ ബ്രസീലിന് നാണംകെട്ട തോല്‍വി. ലോക ചാംപ്യന്മാരായ അര്‍ജന്റീന ബദ്ധവൈരികളും മുന്‍ ചാംപ്യന്മാരുമായ ബ്രസീലിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് തകര്‍ത്തത്. സൂപ്പര്‍ താരം മെസി ഇയ്യാതെയിറങ്ങിയാണ് അര്‍ജന്റീനന്‍ പട കരുത്ത് കാട്ടിയത്. 1964 ന് ശേഷം, അര്‍ജന്റീനയോട് 61 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ ഇത്ര വലിയ തോല്‍വി ഏറ്റുവാങ്ങുന്നത്.
ബ്രസീലിനെതിരായ മത്സരത്തിനു തൊട്ടുമുമ്പു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അര്‍ജന്റീന, ബദ്ധവൈരികള്‍ക്കെതിരായ തകര്‍പ്പന്‍ വിജയത്തോടെ ലോകകപ്പ് യോഗ്യതാനേട്ടം രാജകീയമാക്കി. ഗോളടിയും ഇടയ്ക്ക് തമ്മിലടിയും നിറഞ്ഞതായിരുന്നു എല്‍ക്ലാസിക്കോയിലെ ആവേശപ്പോരാട്ടം. ബ്രസീല്‍ നിരയില്‍ സൂപ്പര്‍ താരം നെയ്മറും കളിക്കാനുണ്ടായിരുന്നില്ല.
അർജന്റീനയ്ക്കായി യൂലിയൻ അൽവാരസ് (4–ാം മിനിറ്റ്), എൻസോ ഫെർണാണ്ടസ് (12–ാം മിനിറ്റ്), അലക്സിസ് അക്അലിസ്റ്റർ (37–ാം മിനിറ്റ്), ജൂലിയാനോ സിമിയോണി (71–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം നേടി. ആദ്യ നാല് മിനിറ്റിനുള്ളില്‍ തന്നെ ലീഡ് നേടിയ അര്‍ജന്റീന മത്സരം വരുതിയിലാക്കി. നാലാം ഗോൾ നേടിയ സിമിയോണി, അര്‍ജന്റീനയ്ക്കായുള്ള തന്റെ ആദ്യ ഗോള്‍കൂടിയാണ് നേടിയത്. ബ്രസീലിന്റെ ഏക ആശ്വാസ ഗോൾ 26–ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയുടെ വകയാണ്.
തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്നും ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന ലോകകപ്പ് യോഗ്യത നേടിയിട്ടുള്ളത്. ബ്രസീലിനെതിരായ വിജയത്തോടെ, 14 കളികളിൽനിന്ന് 10–ാം ജയം കുറിച്ച അർജന്റീനയ്ക്ക് 31 പോയിന്റാണുള്ളത്. ലാറ്റിനമേരിക്കയിൽ നിന്നും ലോകകപ്പിന് ആദ്യം യോഗ്യത നേടുന്ന ടീമാണ് ലയണൽ സ്കലേനി പരിശീലിപ്പിക്കുന്ന നീലപ്പട.
14 കളികളിൽ നിന്ന് അഞ്ചാം തോൽവി വഴങ്ങിയ ബ്രസീൽ 21 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14 കളികളിൽനിന്ന് ഏഴു ജയവും അഞ്ച് സമനിലയും സഹിതം 23 പോയിന്റുമായി ഇക്വഡോറാണ് രണ്ടാമത്. 14 കളികളിൽനിന്ന് അഞ്ച് ജയം, ആറു സമനില സഹിതം 21 പോയിന്റുമായി യുറഗ്വായ് മൂന്നാം സ്ഥാനത്തുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക