'എ ട്രൂ ഗ്രെയ്റ്റ് ഓഫ് ദി ഗെയിം!'; കോഹ്‌ലി, ടെസ്റ്റ് ക്രിക്കറ്റിന്റെ 'കാമുകന്‍'

ടെസ്റ്റ് ഫോര്‍മാറ്റിനായി കോഹ്‌ലിയുടെ ത്യാഗങ്ങള്‍
How Virat Kohli 'Sacrificed' Himself
വിരാട് കോഹ്‌ലി
Updated on

രിത്രത്തില്‍ അസാമാന്യ നേട്ടങ്ങള്‍ അടയാളപ്പെടുത്തിയാണ് വിരാട് കോഹ്‌ലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പടിയിറങ്ങിയത്. പരിമിത ഓവര്‍ ക്രിക്കറ്റിന്റെ അതിപ്രസരത്തില്‍ മുങ്ങി ക്രിക്കറ്റിന്റെ തനത് രൂപമായ ടെസ്റ്റ് ഫോര്‍മാറ്റ് അതിജീവനത്തിനുള്ള വഴികള്‍ തേടുന്നുവെന്ന ആശങ്ക ആളുകള്‍ക്ക് തുടങ്ങിയ കാലത്താണ് വിരാട് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുന്നത്.

സച്ചിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോസ്റ്റര്‍ ബോയ് ആയി കോഹ്‌ലി മാറുന്നുണ്ട്. പരിമിത ഓവറിലെ അസാധ്യ പ്രകടനങ്ങളാല്‍ സ്വയം അടയാളപ്പെടുത്തിയ കോഹ്‌ലി, ടെസ്റ്റില്‍ പ്രത്യേകിച്ച് നായകനായ ശേഷമുള്ള ടെസ്റ്റുകളില്‍ പ്രകടിപ്പിച്ച മികവും ഔന്നത്യവും സമാനതകളില്ലാത്തതാണ്. കോഹ്‌ലി പോസ്റ്റര്‍ ബോയ് ബ്രാന്‍ഡില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിനോടു കാണിച്ച പ്രണയവും അഭിനിവേശവും പുത്തന്‍ തലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് പാഠവും പാഠപുസ്തകവുമാണ്.

മരണ മണി മുഴങ്ങുന്നുവെന്നു വേവലാതിപ്പെട്ട തലമുറകളോട് അദ്ദേഹം, ടെസ്റ്റിലെ ഐതിഹാസിക പ്രകടനങ്ങളാല്‍ അത്തരം ആശങ്കകള്‍ വേണ്ടെന്നു പറയുന്നുണ്ട്. നായകനായ ശേഷം ടെസ്റ്റില്‍ കോഹ്‌ലി നേടിയത് 7 ഇരട്ട സെഞ്ച്വറികളാണ്. ബ്രാഡ്മാനില്‍ തുടങ്ങുന്ന ഏറ്റവും കൂടുതല്‍ ടെസ്റ്റ് ഇരട്ട സെഞ്ച്വറികള്‍ നേടിയ ഇതിഹാസങ്ങളുടെ എലീറ്റ് പട്ടികയില്‍ അയാള്‍ അഞ്ചാം സ്ഥാനത്തുണ്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറികളുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.

ചരിത്രമെടുത്തു നോക്കു, മനോഹരമായ ടെസ്റ്റ് ഇന്നിങ്‌സുകളില്‍ പലതും അപൂര്‍ണമായി അവസാനിക്കുന്ന കാഴ്ച ക്രിക്കറ്റ് പ്രേമികള്‍ പലവട്ടം കണ്ടിട്ടുണ്ട്. അത്തരമൊരു അപൂര്‍ണതയാണ് കോഹ്‌ലിയുടെ ടെസ്റ്റ് കരിയറും. 10000 ടെസ്റ്റ് റണ്‍സുകളെന്ന അനുപമ നേട്ടത്തിന്റെ പടിവാതില്‍ക്കല്‍ വച്ചാണ് കോഹ്‌ലി തന്റെ മഹിത ചരിതത്തിനു പൂര്‍ണ വിരമാമിട്ടത്.

വര്‍ത്തമാന ക്രിക്കറ്റില്‍ കോഹ്‌ലിയെന്ന ടെസ്റ്റ് കളിക്കാരനെപ്പോലെ ഈ ഫോര്‍മാറ്റ് സംരക്ഷിച്ചു നിര്‍ത്തിയ ഒരു താരമുണ്ടാകുമെന്നു തോന്നുന്നില്ല. തന്റെ കരിയറിന്റെ വിയര്‍പ്പും അധ്വാനവും ആനന്ദവും ചിന്തകളും എല്ലാം അദ്ദേഹം പല വേളകളിലായി ടെസ്റ്റിനായി മാറ്റിവച്ചിട്ടുണ്ട്.

മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും കോഹ്‌ലിയുടെ അതേ കാലത്ത് പരിമിത ഓവറില്‍ ഗംഭീരമായി കളിക്കുകയും ചെയ്ത ആരോണ്‍ ഫിഞ്ച് കഴിഞ്ഞ ദിവസം ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. ബാറ്റിങിലെ തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ മാറ്റി വച്ച് നായകനെന്ന നിലയില്‍ ടെസ്റ്റ് ടീമിനു വേണ്ടി ഓട്ടേറെ ത്യാഗങ്ങള്‍ കോഹ്‌ലി ചെയ്തിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു. സമീപ കാലത്തെ പ്രകടനങ്ങള്‍ വച്ചല്ല അദ്ദേഹത്തെ വിലയിരുത്തേണ്ടത് എന്നു ഫിഞ്ച് ചൂണ്ടിക്കാട്ടി.

തന്റെ ബാറ്റിങ് ശൈലി അപകടത്തിലാകുമെന്നു ഉറപ്പുണ്ടായിട്ടും ഇന്ത്യയില്‍ ടെസ്റ്റ് പോരാട്ടങ്ങള്‍ക്കായി കൂടുതല്‍ സ്പിന്‍ അനുകൂല പിച്ചൊരുക്കാന്‍ കോഹ്‌ലി ശക്തമായ പിന്തുണ നല്‍കിയെന്നു ഫിഞ്ച് പറഞ്ഞു. സ്വന്തം ടീമിനു വിജയങ്ങള്‍ ഉറപ്പിക്കാന്‍ സകല തന്ത്രങ്ങളും കോഹ്‌ലി കളത്തില്‍ നടപ്പാക്കി. സ്വന്തം നേട്ടങ്ങള്‍ മാറ്റി വച്ച് എതിരാളികളെ വീഴ്ത്താന്‍ ടീമിനു എന്താണ് വേണ്ടത് എന്നു ഓരോ നിമിഷവും ചിന്തിച്ചിരുന്ന നായകനായിരുന്നു കോഹ്‌ലിയെന്നും ഫിഞ്ച് അടയാളപ്പെടുത്തുന്നു.

അയാളുടെ കരിറിനു ചുറ്റും നായകനെന്ന നിലയില്‍ വലിയ കിരീട നേട്ടങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ടെസ്റ്റ് പരമ്പര ജയമെന്നത് ഒരു ശീലമാക്കി മാറ്റാന്‍ ടീമിനെ സജ്ജമാക്കി എന്നതാണ് ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ കോഹ്‌ലിയുടെ മഹത്വം. സ്പിന്നിനെ മാത്രം ആശ്രയിച്ച് ടെസ്റ്റ് ജയിക്കാമെന്ന മനോഭാവം അട്ടിമറിച്ച് പേസ് സ്വാധീനത്തില്‍ ടെസ്റ്റ് പോരാട്ടങ്ങള്‍ ജയിച്ചു കയറാനുള്ള ആര്‍ജവം അദ്ദേഹം ടീമില്‍ സൃഷ്ടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുള്ള ഇന്ത്യന്‍ നായകനായി കോഹ്‌ലി മാറുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ സഹനങ്ങളുടെ കരുത്ത് ആലോചിച്ചു നോക്കു.

ടെസ്റ്റ് ബാറ്റിങിനെ അതിമനോഹരമായി പനരാഖ്യാനം ചെയ്തു എന്നതാണ് കോഹ്‌ലിയുടെ സൗന്ദര്യം. ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച അപൂര്‍വം ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍. ടെസ്റ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍, ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും തങ്ങളുടെ താരവുമായ ഹാരി കെയ്‌നിനൊപ്പമുള്ള കോഹ്‌ലിയുടെ ചിത്രം പങ്കിട്ട് ജര്‍മന്‍ ബുണ്ടസ് ലീഗ അതികായരായ ബയേണ്‍ മ്യൂണിക്ക് അവരുടെ സമൂഹ മാധ്യമത്തില്‍ ഇങ്ങനെ കുറിച്ചു- എ ട്രൂ ഗ്രെയ്റ്റ് ഓഫ് ദി ഗെയിം!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com