
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ ആറ് വിക്കറ്റ് ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. രാജസ്ഥാന്‍ നിരയില്‍ വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറിയുമായി(33 പന്തില്‍ 57) ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(31 പന്തില്‍ 41), യശസ്വി ജയ്സ്വാള്‍(19 പന്തില്‍ 36), ധ്രുവ് ജുറല്‍(12 പന്തില്‍ 31) എന്നിവരും മികച്ച പ്രകടനം നടത്തി. ചെന്നൈക്കായി സ്പിന്നര്‍ ആര്‍ അശ്വിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്റേത് മികച്ച തുടക്കമായിരുന്നു. യശസ്വി ജയ്സ്വാള്‍ വെടിക്കെട്ടോടെ കളംനിറഞ്ഞതോടെ രാജസ്ഥാന്‍ സ്‌കോര്‍ മൂന്നോവറില്‍ 31 ലെത്തി. ജയ്സ്വാള്‍(36) പുറത്തായതിന് പിന്നാലെ സഞ്ജുവും വൈഭവും രണ്ടാം വിക്കറ്റില്‍ ഒന്നിച്ചു. പതിയെ ആണ് ഇരുവരും തുടങ്ങിയത്. ചെന്നൈ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ചേര്‍ന്ന് ആറോവറില്‍ സ്‌കോര്‍ അമ്പത് കടത്തി.
പവര്‍ പ്ലേക്ക് പിന്നാലെ വൈഭവ് തകര്‍ത്തടിച്ചു. വൈഭവ് ചെന്നൈ ബൗളര്‍മാരെ തകര്‍ത്തടിച്ചു. 12-ാം ഓവറില്‍ നൂര്‍ അഹമ്മദിനെ അതിര്‍ത്തികടത്തി താരം അര്‍ധസെഞ്ചുറിയും തികച്ചു. 27 പന്തില്‍ നിന്നാണ് വൈഭവ് അര്‍ധസെഞ്ചുറി തികയ്ക്കുന്നത്. സഞ്ജുവും വെഭവും റിയാന്‍ പരാഗും(3) പുറത്തായതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. 158-4 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ഷിമ്രോണ്‍ ഹെറ്റ്മയറും ധ്രുവ് ജുറെലും ടീമിനെ ജയത്തിലെത്തിച്ചു. 17.1 ഓവറില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. ചെന്നൈക്കായി അശ്വിന്‍ രണ്ടുവിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ കൗമാരതാരം ആയുഷ് മാത്രെയുടേയും(20 പന്തില്‍ 43) ഡെവാള്‍ഡ് ബ്രേവിസിന്റേയും(25 പന്തില്‍ 42) ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ശിവം ദുബെ(32 പന്തില്‍ 39) റണ്‍സെടുത്തു. ഡെത്ത്ഓവറുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്തി ആകാഷ് മധ്വാളാണ് ചെന്നൈയെ 200 കടത്താതെ വരിഞ്ഞുമുറുക്കിയത്. എംഎസ് ധോനി 17 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. മധ്വാള്‍,യുധ്വിര്‍ സിങ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സീസണില്‍ രാജസ്ഥാന്റെ നാലാം ജയമാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ