
ജയ്പുർ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും തമ്മിൽ നടന്ന നിർണായക പോരാട്ടത്തിനിടെ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും (Shreyas Iyer) മുംബൈ ടീം ഉടമ ആകാശ് അംബാനിയും തമ്മിൽ ചർച്ച. ബൗണ്ടറി ലൈനിനരികിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഡഗൗട്ടിൽ ഇരുന്ന ആകാശുമായി ശ്രേയസിന്റെ ചർച്ച. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വ്യാപക ട്രോളുകളും വന്നു.
ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലായിരുന്നു നിർണായക പോരാട്ടം. മുംബൈ കളിക്കുമ്പോൾ ഗ്രൗണ്ടിനോടു ചേർന്നാണ് ഉമകളായ നിത അംബാനിയും ആകാശ് അംബാനിയും സാധാരണ ഇരിക്കാറുള്ളത്. സമാനമായാണ് ഇന്നലെയും ആകാശ് ഇരുന്നത്. അതിനിടെയാണ് ശ്രേയസുമായുള്ള ചർച്ച.
മത്സരത്തിൽ മുംബൈ ബാറ്റ് ചെയ്യുമ്പോഴാണ് ഇരുവരും സംസാരിച്ചത്. 18ാം ഓവറിലായിരുന്നു ഇത്. ക്രീസിൽ ഈ സമയത്ത് സൂര്യകുമാർ യാദവാണ് മുംബൈക്കായി ബാറ്റ് ചെയ്തത്. അതിനിടെയാണ് ബൗണ്ടറി ലൈനിലെ പരസ്യ ബോർഡുകൾക്കു മീതെ കുനിഞ്ഞു നിന്നു ശ്രേയസ് അയ്യർ ആകാശ് അംബാനിയോടു സംസാരിച്ചത്. എന്താണ് ഇരുവരും തമ്മിൽ ചർച്ച ചെയ്തത് എന്നതു വ്യക്തമല്ല. ദൃശ്യങ്ങൾക്കു താഴെ ആരാധകർ അവരവരുടെ ഇഷ്ടത്തിനുള്ള വ്യാഖ്യാനങ്ങളാണ് നൽകിയത്.
ആകാശ് അംബാനി മുന്നോട്ടു വച്ച ഓഫർ ശ്രേയസിനു സ്വീകാര്യമായില്ലെന്നു തോന്നുന്നു എന്നായിരുന്നു ഒരു ആരാധകൻ ചിത്രത്തിനു നൽകിയ കുറിപ്പ്. അടുത്ത സീസണിലേക്ക് അംബാനി ക്യാപ്റ്റനായി നാട്ടുകാരനെ തന്നെ തേടുന്നു. 150 കോടിയ്ക്കു മുകളിൽ തുകയും ക്യാപ്റ്റൻസിയും കരാറായി എന്നായിരുന്നു മറ്റൊരു കമന്റ്.
അതേസമയം നിർണായക പോരിൽ മുംബൈയെ വീഴ്ത്തി പഞ്ചാബ് ഒന്നാം സ്ഥാനത്തേക്ക് കയറി. മുംബൈ എലിമിനേറ്റർ പോരിലേക്കും പോയി.
മുംബൈക്കെതിരെ പഞ്ചാബ് 7 വിക്കറ്റ് ജയമാണ് ആഘോഷിച്ചത്. ആദ്യ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നിർണയിക്കുന്ന പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തിയാണ് പഞ്ചാബ് തലപ്പത്തേക്ക് കയറിയത്. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ 11 വർഷങ്ങൾക്കു ശേഷമാണ് പഞ്ചാബ് എത്തുന്നത്. ഇതോടെ മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ പോരാട്ടം കളിക്കണം.
മുംബൈ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് കണ്ടെത്തി. പഞ്ചാബ് 18.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 187 റൺസ് അടിച്ചെടുത്തു.
പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തിയതോടെ വെട്ടിലായത് ഗുജറാത്താണ്. ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായി മത്സരിക്കുന്നുണ്ട്. ഇതിൽ ആർസിബി ജയിച്ചാൽ അവർ ഗുജറാത്തിനെ പിന്തള്ളി മുന്നിൽ കയറും. അതോടെ ഗുജറാത്ത് എലിമിനേറ്റർ കടമ്പ കൂടി കടക്കേണ്ട സ്ഥിതിയാകും.
ജോഷ് ഇംഗ്ലിസ്, പ്രിയാംശ് ആര്യ എന്നിവരുടെ അർധ സെഞ്ച്വറി ബലത്തിലാണ് പഞ്ചാബിന്റെ മുന്നേറ്റം. ഇംഗ്ലിസാണ് ടോപ് സ്‌കോറർ. താരം 42 പന്തിൽ 9 ഫോറും 3 സിക്‌സും സഹിതം 73 റൺസെടുത്തു. പ്രിയാംശ് ആര്യ 35 പന്തിൽ 9 ഫോറും 2 സിക്‌സും സഹിതം 62 റൺസും സ്വന്തമാക്കി.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ പുറത്താകാതെ 16 പന്തിൽ 2 സിക്‌സും ഒരു ഫോറും സഹിതം 26 റൺസ് കണ്ടെത്തി. പ്രഭ്‌സിമ്രാൻ സിങ് (13) ആണ് പുറത്തായ മറ്റൊരു ബാറ്റർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ