മൂന്നാറില്‍ റവന്യു വകുപ്പ് നന്നായി പണിയെടുക്കുന്നുണ്ടെന്ന് സിറോ മലബാര്‍ സഭാ വക്താവ്, കുരിശു വിവാദത്തില്‍ ഒഴിപ്പിക്കല്‍ നിന്നുപോവരുത്

മൂന്നാറില്‍ റവന്യു വകുപ്പ് നന്നായി പണിയെടുക്കുന്നുണ്ടെന്ന് സിറോ മലബാര്‍ സഭാ വക്താവ്, കുരിശു വിവാദത്തില്‍ ഒഴിപ്പിക്കല്‍ നിന്നുപോവരുത്


കൊച്ചി: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ റവന്യു വകുപ്പ് നന്നായി പണിയെടുക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് സിറോ മലബാര്‍ സഭ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ സഭ എതിര്‍ത്തിട്ടില്ല. കുരിശു നീക്കം ചെയ്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നിന്നുപോവരുതെന്നും ഫാ. ജിമ്മി പൂച്ചക്കാട്ട് ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്ത കുരിശ സ്വകാര്യ വ്യക്തി സ്ഥാപിച്ചതാണ്. അതില്‍ നടപടിയെടുക്കേണ്ടത് റവന്യു വകുപ്പാണ്. അത് അവര്‍ നന്നായി ചെയ്യുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. കുരിശ് നീക്കം ചെയതതിലുടെ ആരുടെയെങ്കിലും മതവികാരം വ്രണപ്പെട്ടതായി അഭിപ്രായപ്പെട്ടിട്ടില്ല. അത് കുറെക്കൂടി ഭംഗിയായി ചെയ്യാമായിരുന്നു എന്നുമാത്രമാണ് പറഞ്ഞത്. സാധാരണ വിശ്വാസികളെ സംബന്ധിച്ച് കുരിശ് കയ്യേറ്റ ഭൂമിയിലാണോ കയ്യേറ്റത്തിന്റെ മറവില്‍ സ്ഥാപിച്ചതാണോ എന്നൊന്നും അറിയില്ല. ജെസിബി ഉപയോഗിച്ച് കുരിശിനെ അടിക്കുന്നതും മറ്റും കാണുമ്പോള്‍ അവര്‍ക്കു വിഷമമുണ്ടാവാം. ഈയൊരു ആശങ്കയാണ് സഭ മുന്നോട്ടുവച്ചത്. വലിയ കുരിശ് ജെസിബി ഉപയോഗിക്കാതെ നീക്കം ചെയ്യാന്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടാവാം. അങ്ങനെയങ്കില്‍ മാധ്യമങ്ങള്‍ ഇല്ലാത്ത സമയത്ത് അതു ചെയ്യണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ തവണ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നിന്നുപോയത് ചെറിയ പ്രശ്‌നങ്ങളില്‍ തട്ടിയായിരുന്നു. കുരിശ് നീക്കം ചെയ്തതിനെച്ചൊല്ലിയുളള ചര്‍ച്ചകളില്‍ ഇത്തവണയും അങ്ങനെ സംഭവിക്കരുതെന്ന് ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു. ഈയൊരു ജാഗ്രതയാണ ഉദ്യോഗസ്ഥര്‍ക്കു വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com