മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയെന്ന ഗവര്‍ണര്‍ പി.സദാശിവത്തിന്റെ ട്വീറ്റിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ 'സമണ്‍' ചെയ്‌തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയെന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി പറയുന്നു.
തിരുവനന്തപുരത്ത് സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനില്‍ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നു. ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി ഭരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ഉപദേശകന്റെ റോള്‍ മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്.
ആര്‍എസ്എസ് നയിക്കുന്ന കേന്ദ്രത്തിലെ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരാകട്ടെ, പല സംസ്ഥാന ഗവര്‍ണര്‍മാരെയും സങ്കുചിത രാഷ്ട്രീയനേട്ടത്തിനും സര്‍ക്കാരുകളെ അട്ടിമറിക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ മോഹമുള്ളവരാണ് മോഡി ഭരണവും സംഘപരിവാറും. ഈ രാഷ്ട്രീയമെല്ലാം തിരിച്ചറിയാനുള്ള പക്വത എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുണ്ടെന്നും കോടിയേരി പറയുന്നു.
നാട്ടില്‍ വര്‍ഗീയകലാപം സൃഷ്ടിച്ച് കാവിപ്രസ്ഥാനത്തെ വളര്‍ത്തുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. അത് നടക്കാത്തത് കമ്യൂണിസ്റ്റുകാരുടെ വീറുറ്റ ചെറുത്തുനില്‍പ്പും ഇടപെടലുംകൊണ്ടാണ്. ഇത് വിസ്മരിച്ച് സിപിഐ എമ്മിനെയും ആര്‍എസ്എസിനെയും ഒരു നാണയത്തിന്റെ രണ്ട് വശമായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും യോജിച്ചുനീങ്ങുന്നതായും ദേശാഭിമാനിിലെ ലേഖനത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates