ഇങ്ങനെ തല്ലിച്ചതയ്ക്കാന്‍ മാത്രം എന്റെ മകന്‍ ചെയ്ത തെറ്റെന്താണ്

പോലീസ് സ്‌റ്റേഷനില്‍ നിന്നും അച്ഛന്റെ കൂടെ വീട്ടിലെത്തിയ ശേഷം അവന്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.
വിനായകന്‍
വിനായകന്‍

വാടാനപ്പിള്ളി: തന്റെ മകന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് പോലീസ് അവനോടിത്ര ക്രൂരത കാട്ടിയതെന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി. രേഖകളില്ലാതെ ബൈക്കില്‍ യാത്ര ചെയ്തുവെന്നാരോപിച്ചാണ് വിനായകന്‍ എന്ന 18കാരനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി പീഢിപ്പിച്ചത്. പോലീസ് സ്‌റ്റേഷനില്‍ നിന്നും അച്ഛന്റെ കൂടെ വീട്ടിലെത്തിയ ശേഷം അവന്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് പോലീസ് തന്റെ മകനെ എന്തുമാത്രം ദ്രോഹിച്ചുവെന്ന് മനസിലായത്. അതിനുമാത്രം അവന്‍ എന്ത് തെറ്റാണ് ചെയ്തത്. പെണ്‍കുട്ടിയുമായി സംസാരിച്ചതോ. അതോ രേഖകളില്ലാതെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചതോ. അതിനുള്ള ശിക്ഷയാണോ ഇവിടെ നടപ്പിലാക്കിയത്. സാധാരണ ഇത്തരം കുറ്റങ്ങള്‍ക്ക് ഇവിടെ ശിക്ഷ നടപ്പിലാക്കുന്നത് ഇങ്ങനെയാണോ എന്നും കൃഷ്ണന്‍കുട്ടി ചോദിക്കുന്നു.

പാവറട്ടി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ ബൈക്കിന് മതിയായ രേഖകളിലില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്‌തെന്നാണ് പോലീസുകാര്‍ പറഞ്ഞത്. മക്കളെ തല്ലി വളര്‍ത്തണമെന്നും ഒരു പോലീസുകാരന്‍ പറഞ്ഞു. ഞാനന്റെ മക്കളെ തല്ലാറില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോ എന്നോട് പറഞ്ഞു ചേട്ടനൊന്ന് അവന്റെ ചെകിട്ടത്ത് നോക്കി ഒന്നു കൊടുക്കാന്‍. ഞാന്‍ അടിക്കാറില്ലെന്ന് പറഞ്ഞു. ഞാനടിക്കാനൊന്നും പോയില്ല. ഞാനന്ന് അന്ന് എന്റെ മോനെ അടിച്ചിരുന്നേല്‍ ഇപ്പോ കേസ് മുഴുവനും എന്റെ ചുമലിലായേനെ. അച്ഛന്‍ തല്ലിയതിനാലാണ് മകന്‍ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞേനെ.

പോലീസുകാരിങ്ങനെ ക്രൂരമായി മര്‍ദ്ദിക്കേണ്ട തെറ്റൊന്നും അവന്‍ ചെയ്തിട്ടില്ല. ഈ കേസില്‍ ഏതറ്റം വരെ പോകാനും ഞാന്‍ തയാറാണ്. രാഷ്ട്രീയക്കാരെല്ലാം എന്റെ കൂടെയുണ്ട്. പട്ടികജാതി സമുദായ സംഘടനകളെല്ലാം എല്ലാ പിന്തുണയും ഉറപ്പും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വീട്ടില്‍ നിരന്തരം പാര്‍ട്ടിക്കാരും നാട്ടുകാരും വന്നുകൊണ്ടിരിക്കുകയാണ്. വിനായകന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞേ എന്തു നിലയിലുള്ള പ്രക്ഷോഭമാണ് നടത്തേണ്ടതെന്ന് ആലോചിക്കുകയുള്ളൂവെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com