യെച്ചൂരിക്കെതിരെ നടന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണം; പിണറായി വിജയന്‍

ഇത് ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. 
യെച്ചൂരിക്കെതിരെ നടന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണം; പിണറായി വിജയന്‍

കോഴിക്കോട്: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എ.കെ ആന്റണിയും രംഗത്തെത്തിയിരുന്നു. കയ്യേറ്റത്തെ പ്രാകൃതമാണെന്നായിരുന്നു ആന്റണി വിശേഷിപ്പിച്ചത്. തങ്ങളെ എതിര്‍ക്കുന്നവരെ ആക്രമണത്തിലൂടെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് ശക്തികള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയും അക്രമം അഴിച്ച് വിടുന്നത് കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 

അതേസമയം തന്നെ ആക്രമച്ചതിന് പ്രതികരണവുമായി യെച്ചൂരിയും രംഗത്തെത്തിയിരുന്നു. സംഘപരിവാറിന്റെ ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ഇതു കൊണ്ടൊന്നും തങ്ങള്‍ നിശബ്ദരാകില്ലെന്നും ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും പറഞ്ഞ യെച്ചൂരി അതില്‍ തങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.    

ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലായിരുന്നു സീതാറാം യെച്ചൂരിക്കെതിരെ ആക്രമണമുണ്ടായത്. വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കയ്യേറ്റമുണ്ടായത്. ഉടന്‍ തന്നെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരാണെന്ന് അക്രമികള്‍ തന്നെ അവകാശപ്പെട്ടിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com