കാരായി രാജന്‍ ചോദിക്കുന്നു, അവര്‍ നടത്തിയ കൊലയ്ക്ക് ഞങ്ങള്‍ക്കെന്തിനു ശിക്ഷ?

ആര്‍.എസ്.എസ്‌സുകാര്‍ ഫസലിനെ കൊന്നതിനാണോ ഞങ്ങള്‍ക്കു വനവാസം? - കാരായി രാജനുമായുള്ള സംഭാഷണം
കാരായി രാജന്‍ ചോദിക്കുന്നു, അവര്‍ നടത്തിയ കൊലയ്ക്ക് ഞങ്ങള്‍ക്കെന്തിനു ശിക്ഷ?

ണ്ണൂര്‍ ജില്ലയിലെ തലശേ്ശരിയില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ടതു 2006 ഒകേ്ടാബര്‍ 22-ന്. അന്നു വൈകുന്നേരം ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍നിന്ന് എന്‍.ഡി.എഫ് ജില്ലാ നേതാക്കള്‍ ഇറങ്ങിപ്പോയി. യോഗത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ്. നേതാക്കള്‍ക്കു നേരെ വിരല്‍ ചൂണ്ടിയാണ് അവര്‍ അതിന്റെ കാരണം പറഞ്ഞത്: ''ഫസലിനെ കൊന്നവര്‍ പങ്കെടുക്കുന്ന ഈ യോഗത്തില്‍ ഇരിക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ല.'
 ഫസല്‍ കൊല്ലപ്പെട്ടിട്ടു പത്തു വര്‍ഷം. ഇടതുമുന്നണി സര്‍ക്കാര്‍ പോവുകയും പിന്നീട് യു.ഡി.എഫ് വന്നുപോവുകയും വീണ്ടും ഇടതുമുന്നണി വരികയും ചെയ്തു. എന്‍.ഡി.എഫ് ഇതിനിടെ പേരുമാറ്റി പോപ്പുലര്‍ ഫ്രണ്ട് ആയി. ലോക്കല്‍ പൊലീസും പ്രത്യേക അന്വേഷണസംഘവും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ച ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി 2012 ജൂണില്‍ അറസ്റ്റിലായ കണ്ണൂര്‍ ജില്ലയിലെ രണ്ടു രാഷ്ര്ടീയ നേതാക്കള്‍ മൂന്നു വര്‍ഷമായി അനിശ്ചിത 'വനവാസം' അനുഭവിക്കുകയാണ്, എറണാകുളത്ത്. ഏഴാം പ്രതി കാരായി രാജന്‍, എട്ടാം പ്രതി കാരായി ചന്ദ്രശേഖരന്‍. ചിലരെങ്കിലും ഇപ്പോഴും കരുതുന്നതുപോലെ സഹോദരന്മാരല്ല അവര്‍. സി.പി.എം നേതാക്കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമാണ്. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം ശരിവച്ചാണ്, സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കോടതി അവര്‍ക്ക് അനുമതി നിഷേധിച്ചത്. കാരായി രാജന്‍ സംസാരിക്കുന്നു:

കാരായി രാജനും കാരായി ചന്ദ്രശേഖരനും
 

ഫസല്‍ വധത്തിന്റെ ആ ദിവസങ്ങളില്‍ സംഭവിച്ചത് എന്താണ്?

ഫസലിനെ കൊന്നത് ആര്‍.എസ്.എസ് ആണെന്നു വളരെ ആധികാരികമായാണ് എന്‍.ഡി.എഫ് ജില്ലാ കണ്‍വീനറായിരുന്ന എ.സി. ജലാലുദ്ദീന്‍ സി.പി.എം നേതാക്കളോടു പറഞ്ഞത്. ഫസല്‍ കൊല്ലപ്പെട്ട ദിവസം നടന്ന സമാധാന യോഗത്തില്‍ത്തന്നെ ഫസലിന്റെ സംഘടനയുടെ നേതാക്കന്മാര്‍ ആ നിലപാടു വ്യക്തമാക്കുകയും ചെയ്തു. എന്നോടുമൊക്കെ എന്‍.ഡി.എഫ് നേതാക്കന്മാര്‍ പറഞ്ഞതു കൊലയ്ക്കു പിന്നില്‍ ആര്‍.എസ്.എസ് ആണ് എന്നാണ്. ഹിന്ദു ഐക്യവേദി നേതാവ് സജിത്തിനെ എന്‍.ഡി.എഫുകാര്‍ തല്ലിയെന്ന കേസ് ചൊക്‌ളി പൊലീസിലുണ്ടായിരുന്നു. അതില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റിലും റിമാന്‍ഡിലുമായി. കൊലപാതകത്തിലേക്കെത്തിയ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, ഒകേ്ടാബര്‍ 18-ന് അവര്‍ ജാമ്യത്തില്‍ പുറത്തുവന്നതായി അറിഞ്ഞു. അതിനു മുന്‍പ് എന്‍.ഡി.എഫും ആര്‍.എസ്.എസ്‌സും തമ്മിലുള്ള ചെറിയ ചെറിയ സംഘര്‍ഷങ്ങള്‍ കുറച്ചു ദിവസങ്ങളായി നടക്കുന്നുണ്ട്. എന്‍.ഡി.എഫിന്റെ പോസ്റ്ററുകള്‍ ആര്‍.എസ്.എസ്‌സുകാര്‍ നശിപ്പിച്ചു എന്ന പരാതിയുണ്ടായി. അവര്‍ വീണ്ടും പോസ്റ്റര്‍ ഒട്ടിച്ചു. രാധാകൃഷ്ണ മഠത്തിനടുത്തുവച്ച് ആര്‍.എസ്.എസ്‌സിന്റെ ബോര്‍ഡ് എന്‍.ഡി.എഫുകാര്‍ നശിപ്പിച്ചുവെന്നു പറഞ്ഞ് ആര്‍.എസ്.എസ്‌സുകാരും പ്രശ്‌നമുണ്ടാക്കി. അങ്ങനെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു എന്നതുകൊണ്ടുതന്നെ ഞങ്ങളുടെ പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ ഇത് ആര്‍.എസ്.എസ് നടത്തിയ കൊലപാതകമാണെന്നു തീര്‍ത്തു പറഞ്ഞു. 
എന്നെ ഈ കേസില്‍പ്പെടുത്താന്‍ സി.ബി.ഐ പറഞ്ഞ കാരണം, കൊലപാതകത്തിനു പിന്നാലെ സി.പി.എം ഏരിയാ സെക്രട്ടറി എന്ന നിലയില്‍ മാധ്യമങ്ങളോടു ഞാന്‍ പ്രതികരിച്ചതിന്റെ ഉള്ളടക്കം സംശയകരമാണ് എന്നാണ്. ആര്‍.എസ്.എസ് നടത്തിയ കൊലയാണെന്നും റമദാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയായ പുണ്യദിവസംതന്നെ കൊലപാതകം നടത്തിയതു വളരെ കാര്യമായ ആലോചനയ്ക്കു ശേഷമാകണം എന്നും ഞാന്‍ പ്രതികരിച്ചിരുന്നു. തലശേ്ശരി പോലൊരു സ്ഥലത്തു ധ്രുവീകരണം ഉണ്ടാക്കാന്‍ സാമുദായിക സ്പര്‍ധ ലക്ഷ്യമിട്ടാണ് കൊല നടത്തിയതെന്നും സംശയരഹിതമായി ഞാന്‍ പറഞ്ഞിരുന്നു. അതെങ്ങനെയാണ് അങ്ങനെ പറയുക എന്നു പറഞ്ഞാണ് എന്നെ പിടിച്ചത്. പക്ഷേ, ആദ്യം ഇതിനേക്കുറിച്ചു പറഞ്ഞത് എന്‍.ഡി.എഫുകാര്‍ തന്നെയാണ്.
ആ കൊലപാതകം ഞങ്ങളല്ല നടത്തിയത് എന്ന് എന്‍.ഡി.എഫിനു ബോധ്യപ്പെട്ടതുകൊണ്ടാണ് സബ് കളക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ അവര്‍ നിലപാടു വ്യക്തമാക്കിയത്. എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളും ആര്‍.എസ്.എസ്‌സിന്റെയും എന്‍.ഡി.എഫിന്റെയും പ്രതിനിധികളും ആ യോഗത്തിന് എത്തിയിരുന്നു. യോഗം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് എന്‍.ഡി.എഫ് പറഞ്ഞു, ഞങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഫസലിന്റെ കൊലപാതകത്തില്‍ പങ്കെടുത്ത, അതിനു നേതൃത്വം കൊടുത്ത, ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍.എസ്.എസ്‌സുകാരാണ് ഈ ഇരിക്കുന്നത്. 

ആര്‍.എസ്.എസ് നേതാക്കളുടെ മുഖത്തിനു നേരെ വിരല്‍ചൂണ്ടി അതു പറഞ്ഞിട്ട് അവര്‍ ഇറങ്ങിപ്പോയി. അത്രയ്ക്ക്, ആര്‍.എസ്.എസ്‌സിന്റെ പങ്കിനെക്കുറിച്ച് എന്‍.ഡി.എഫിനു ബോധ്യമുണ്ടായിരുന്നു. സി.പി.എമ്മിന് ഫസല്‍ വധത്തില്‍ പങ്കില്ലെന്നു പാര്‍ട്ടി അന്നു മുതല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. സി.പി.എമ്മാണ് കൊലയ്ക്കു പിന്നിലെന്ന് ബി.ജെ.പി–ആര്‍.എസ്.എസ് നേതൃത്വം അന്നു പറഞ്ഞിരുന്നുമില്ല. രണ്ടു ദിവസം കഴിഞ്ഞാണ് സംഭവം വഴിതിരിച്ചുവിടാന്‍ അണിയറയില്‍ നീക്കം നടന്നത്. അതിന്റെ വിവരങ്ങളൊക്കെ പിന്നീടു ഞങ്ങള്‍ക്കു കിട്ടി, എങ്ങനെയാണ് കേസ് വഴിതിരിച്ചുവിട്ടത് എന്ന വിവരങ്ങള്‍. പൊലീസും ആദ്യം ആര്‍.എസ്.എസ്‌സിലേക്കുതന്നെയാണ് പോയത്. എന്‍.ഡി.എഫുകാരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ അന്വേഷണം അങ്ങനെയാണ് നീങ്ങിയത്. പക്ഷേ, പിന്നെപ്പിന്നെ ഏതെല്ലാമോ കോണുകളില്‍നിന്നുള്ള വഴിതെറ്റിക്കല്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ മാധ്യമങ്ങളും പങ്കുവഹിച്ചിട്ടുണ്ട്. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന തരത്തില്‍ ബോധപൂര്‍വ്വമുള്ള പ്രചാരണവും സി.പി.എമ്മിനെതിരെ ഉണ്ടായി. സി.പി.എമ്മില്‍നിന്ന് ആളുകള്‍ കൊഴിഞ്ഞുപോകുന്നു എന്നൊരു കള്ളപ്രചാരണം, തേജസ് പത്രം വന്നതുകൊണ്ട് ദേശാഭിമാനിയുടെ വരിക്കാര്‍ കുറഞ്ഞുപോകുന്നു എന്നൊരു പ്രചരണം. കുറച്ചാളുകളെ സംശയാലുക്കളാക്കി മാറ്റുന്നതില്‍ ഇതൊക്കെ വലിയ പങ്കുവഹിച്ചു. കേസ് അപ്പോള്‍ എത്തുംപിടിയും കിട്ടാതെ നീങ്ങുകയായിരുന്നു. ആരെയും കസ്റ്റഡിയില്‍ എടുത്തിരുന്നില്ല. പൊലീസ് നായ ചില ആര്‍.എസ്.എസ്‌സുകാരുടെ വീടുകളില്‍ കയറുകയും മറ്റും ചെയ്തിരുന്നു. പക്ഷേ, ആ വഴിക്കൊന്നും പൊലീസ് പിന്നെ അന്വേഷണം കൊണ്ടുപോയില്ല.

പക്ഷേ, അന്ന് ഇടതുമുന്നണിയല്ലേ ഭരിക്കുന്നത്, കോടിയേരി ബാലകൃഷ്ണനായിരുന്നില്ലേ ആഭ്യന്തര മന്ത്രി?

അതെ, നമ്മുടെ സര്‍ക്കാരായിരുന്നു ഭരണത്തില്‍. പക്ഷേ, പൊലീസിനു ഗുരുതരമായ തെറ്റുപറ്റിയിട്ടുണ്ട്. അതു സത്യം സത്യമായി പറയാതിരുന്നിട്ടു കാര്യമില്ല. ഇതുവരെ അനുമാനങ്ങളും സാഹചര്യത്തെളിവുകളുമാണ് ഉണ്ടായിരുന്നത്. രണ്ടു വര്‍ഷം മുന്‍പ് ആര്‍.എസ്.എസ്‌സിലും സംഘപരിവാറിലാകെയും കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായ വലിയ പൊട്ടിത്തെറിയോടെ അതിന്റെ പൂര്‍ണചിത്രം വെളിവായി. ചില പ്രധാന നേതാക്കള്‍, ജില്ലാ സെക്രട്ടറി, സംസ്ഥാന, കേന്ദ്രനിര്‍വാഹകസമിതി അംഗം തുടങ്ങിയ ചില പ്രധാനപ്പെട്ടയാളുകള്‍ ബി.ജെ.പി വിട്ടു സി.പി.എമ്മില്‍ ചേര്‍ന്നു. ആര്‍.എസ്.എസ്‌സിന്റെയും ബി.ജെ.പിയുടെയും പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുറേയധികം പ്രവര്‍ത്തകരും ആ കൂട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം വന്നു. അപ്പോഴേക്കും ഫസല്‍ കേസില്‍പ്പെട്ടു ഞങ്ങള്‍ ഒന്നര വര്‍ഷത്തോളം ജയിലില്‍ കിടന്നുകഴിഞ്ഞിരുന്നു. ജാമ്യം കിട്ടി പുറത്തുവരുമ്പോഴേയ്ക്കും പാര്‍ട്ടിയും സമൂഹവുമൊക്കെ ഈ കേസിലെ ഞങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്താനുള്ള ഇടപെടലുകളിലായിരുന്നു. അതിനൊപ്പം, ബി.ജെ.പിയില്‍നിന്നു പാര്‍ട്ടിയിലേക്കു വന്ന നേതാക്കളും ഫസല്‍ വധത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ടു. നടന്നതൊക്കെ അവര്‍ക്ക് അറിയാമായിരുന്നു. സുബീഷ്, പുലി പ്രബീഷ്, ഷിനോജ്, പ്രമേഷ് എന്നീ നാലുപേരാണ് ഫസലിനെ കൊന്നതെന്നും ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റൊരു ആറേഴു പേരുടെ വിവരങ്ങളും പുറത്തുവന്നു. അതു സ്ഥിരീകരിച്ചപ്പോള്‍ സി.പി.എം ജില്ലാ നേതൃത്വം വാര്‍ത്താസമ്മേളനം നടത്തി പുറത്തുവന്നവരില്‍നിന്നു ലഭിച്ച വിവരങ്ങള്‍ വിശദീകരിച്ചു. മാസങ്ങളോളം ആര്‍.എസ്.എസേ്‌സാ പോപ്പുലര്‍ ഫ്രണ്ടോ അതിനോടു പ്രതികരിച്ചില്ല. കുറേക്കഴിഞ്ഞപ്പോള്‍ അവര്‍ക്കു നില്‍ക്കക്കള്ളിയില്ലാതായി. പലഭാഗത്തുനിന്നും സി.പി.എമ്മിനെതിരെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായതുകൊണ്ടാകാം, പിന്നീട് എന്‍.ഡി.എഫുകാര്‍ വാര്‍ത്താസമ്മേളനം നടത്തി മുഖം രക്ഷിക്കാന്‍ മാത്രം പ്രതികരിച്ചു. സി.പി.എം പറഞ്ഞതു ശരിയല്ല എന്ന ഒരുതരം ന്യായം പറച്ചിലാണ് ഉണ്ടായത്. സി.ബി.ഐ അന്വേഷിച്ച കേസല്ലേ, ഇപ്പോള്‍ സി.പി.എം അതു വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ് എന്ന മട്ടിലാണ് ആര്‍.എസ്.എസ്‌സും ബി.ജെ.പിയും പ്രതികരിച്ചത്.
അതിനുശേഷം, ഈ സംഭവത്തില്‍ പങ്കെടുത്തവരില്‍നിന്നുതന്നെ വിവരങ്ങള്‍ പുറത്തുപോകാന്‍ തുടങ്ങി. ഇപ്പോള്‍ പൊലീസ് അറസ്റ്റു ചെയ്ത സുബീഷിനെ ആര്‍.എസ്.എസ് അവരുടെ കാര്യാലയത്തിലേക്കു വിളിപ്പിച്ചു. ''എല്ലാ വിവരങ്ങളും പുറത്തുപോയിരിക്കുകയാണ്. നിന്റെ ലൂസ് ടോക്കാണ് കാരണം. ഇനി രക്ഷപ്പെടാന്‍ പറ്റില്ല, നിന്നെയും തട്ടും' എന്നൊക്കെ ഭീഷണിപ്പെടുത്തി. സുബീഷ് ഇതോടെ വല്ലാതെ പേടിച്ചു. തോക്കിനുവേണ്ടി ഒരാളെ ഫോണില്‍ ബന്ധപ്പെട്ടു. ''ഇതുവരെ സി.പി.എമ്മിനെ മാത്രമേ പേടിക്കേണ്ടിയിരുന്നുള്ളൂ. ഞങ്ങളാണ് ഫസലിനെ കൊന്നതെന്ന് എന്‍.ഡി.എഫ് മനസ്‌സിലാക്കിയതുകൊണ്ട് ഇനി അവരെയും പേടിക്കണം. സംഘവും എന്നെ നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്. മൂന്നു കൂട്ടരെയും പേടിക്കേണ്ട സ്ഥിതിയാണ്' എന്നായിരുന്നു അയാളോടു പറഞ്ഞത്. ഈ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഞങ്ങള്‍ക്കു കിട്ടി. ഫസല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ ആ ശബ്ദരേഖയിലുണ്ട്. കൊലപാതകത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും മറുതലയ്ക്കലെ ആളോട് സുബീഷ് പറയുന്നതു വ്യക്തമാണ്. അയാളോടു മാത്രമല്ല, അഞ്ചു പേരോട് ഈ വിധം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഈ ശബ്ദരേഖയെ അടിസ്ഥാനമാക്കി ചില വാര്‍ത്തകളൊക്കെ വന്നു. അതോടെ ആര്‍.എസ്.എസ് വീണ്ടും പ്രതിരോധത്തിലായി. രാഷ്ര്ടീയമായി അവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നു. 
കഴിഞ്ഞ മാസം നടുവിലായിയില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗം മോഹനനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതികള്‍ ചെമ്പ്ര ഭാഗത്തുകൂടി, അതായത് സുബീഷിന്റെയൊക്കെ പ്രദേശത്തുകൂടി രക്ഷപ്പെട്ടതായി പൊലീസിനു വിവരം കിട്ടി. ആ അന്വേഷണത്തിനിടയില്‍ ചില വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുപ്പി സുബീഷ് എന്ന സുബീഷിനെ കസ്റ്റഡിയിലെടുത്തത്. സുബീഷിനെ ചോദ്യം ചെയ്തപ്പോള്‍ എല്ലാ കാര്യങ്ങളും പറഞ്ഞു എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അതു കുറച്ചൊക്കെ മാധ്യമങ്ങളില്‍ വരികയും ചെയ്തല്ലോ. സുബീഷ് പങ്കെടുത്ത മറ്റുപല കാര്യങ്ങളുടെയും വിവരങ്ങള്‍ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. അതു പൊലീസ് നോക്കട്ടെ.
ഈ സംഭവത്തില്‍ സി.പി.എമ്മിനു ബന്ധമില്ലെന്നു ഞങ്ങള്‍ മുന്‍പേ പറയുന്നുണ്ട്. കേസില്‍ പ്രതികളായ എട്ടുപേരും നിരപരാധികളാണെന്നു തുടക്കം മുതല്‍തന്നെ പറയുന്നുണ്ട്. എന്നു മാത്രമല്ല, സി.ബി.ഐ ചോദ്യം ചെയ്തപ്പോഴൊക്കെ ഞാനും പാര്‍ട്ടിയിലെ മറ്റെല്ലാവരും ഹൃദയം തുറന്നു ഞങ്ങളുടെ നിരപരാധിത്വം പറഞ്ഞിട്ടുണ്ട്. ഞാനുള്‍പ്പെടെ പലരും സി.ബി.ഐയോട് ആവശ്യപ്പെട്ടതു ഞങ്ങളെ നുണപരിശോധന നടത്തണം എന്നാണ്. സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുക്കുകയാണ് ചെയ്തത്. ഇപ്പോള്‍ സുബീഷ് എല്ലാം ഏറ്റുപറഞ്ഞിരിക്കുന്നു. നുണയല്ല ഞങ്ങള്‍ ഇതുവരെ പറഞ്ഞത് എന്നു വ്യക്തമായല്ലോ.

ഈ അനുകൂല സാഹചര്യം പാര്‍ട്ടി നിയമപരമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നില്ലേ?

ഉണ്ടെന്നാണ് മനസ്‌സിലാകുന്നത്. സ്വാഭാവികമായും അതു ചെയ്യും. നിഷേധിക്കപ്പെട്ട നീതി കിട്ടണമെന്നതില്‍ പാര്‍ട്ടിക്കു തര്‍ക്കമൊന്നുമില്ല. സി.ബി.ഐയിലും കോടതിയിലുമൊക്കെ ഈ പുതിയ സംഭവവികാസങ്ങള്‍ നിയമപരമായി ഉന്നയിക്കും. നിയമത്തിലും നീതിന്യായ സംവിധാനത്തിലും ഞങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സത്യം ബോധ്യപ്പെടുത്താനാകും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. 

സുബീഷിനെ പൊലീസ് മര്‍ദ്ദിച്ചു പറയിച്ചതാണ് എന്ന് ആരോപണമുണ്ട്?

അതെ, അങ്ങനെ ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. പക്ഷേ, മര്‍ദ്ദിച്ചിട്ടില്ല എന്ന് സുബീഷ് തന്നെ പിന്നീട് മജിസ്‌ട്രേട്ടിനു മുന്നില്‍ പറഞ്ഞല്ലോ. തന്നെ മര്‍ദ്ദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് അയാള്‍ പറഞ്ഞത്. മാത്രമല്ല, തന്റെ വക്കീല്‍ ഒരു വെള്ളക്കടലാസില്‍ ഒപ്പിടുവിച്ചു വാങ്ങിയിരുന്നു എന്നും സുബീഷ് കോടതിയില്‍ പറഞ്ഞു. മര്‍ദ്ദിച്ചു പറയിച്ചുവെന്ന പരാതി കൊടുത്തത് അങ്ങനെയായിരിക്കും. മറ്റൊരു കാര്യം, സുബീഷിന്റെ കൂടെ ഇതില്‍ പങ്കാളിയായ ഷിനോജിന്റെ ശബ്ദരേഖയാണ്. അതു ഞങ്ങള്‍ക്കു കിട്ടിയിട്ടുണ്ട്. സുബീഷ് അറസ്റ്റിലാകുന്നതിന് ഒന്നര ആഴ്ച മുന്‍പ് ഷിനോജ് ഒരാളുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ്. ആരും തല്ലിയും മര്‍ദ്ദിച്ചുമൊന്നും പറയുന്നതല്ല. സാധാരണ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞ കാര്യമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെയാണ്, ഒരു കുറ്റവും ചെയ്യാതെ ഞങ്ങള്‍ വര്‍ഷങ്ങളായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്. 

തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണല്ലോ ഉണ്ടായത്?

അതു ശരിയാണ്. പാര്‍ട്ടിയും ജനങ്ങളും ഞങ്ങളില്‍ ഏല്പിച്ച വിശ്വാസമാണ് അത്. പക്ഷേ, കൊലയാളി മുദ്ര പതിപ്പിപ്പിച്ച് അപമാനിച്ചു. കുടുംബത്തിനു പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായി. എന്റെയും ചന്ദ്രശേഖരന്‍ സഖാവിന്റെയും മക്കളുടെ കല്യാണം നടന്നത് ഈ സംശയത്തിന്റെ നിഴലില്‍ ഞങ്ങള്‍ നില്‍ക്കുമ്പോഴാണ്. മകളുടെ കല്യാണത്തിന് ചന്ദ്രശേഖരന്‍ ജയിലിലായിരുന്നു. ഞാന്‍ ഇങ്ങനെ നാടുകടത്തപ്പെട്ട നിലയില്‍ എറണാകുളത്തു കഴിയുമ്പോഴാണ് എന്റെ മകളുടെ വിവാഹം നടന്നത്. സ്വന്തം മക്കളുടെ കല്യാണത്തിനു സാധാരണ ഒരു പിതാവിനു ചെയ്യാന്‍ പറ്റുന്ന ഒരു കാര്യവും ഞങ്ങള്‍ക്കു ചെയ്യാന്‍ പറ്റിയില്ല. 
കുറ്റം ചെയ്യാതെയാണ് പീഡിപ്പിക്കപ്പെടുന്നത്. എന്തിനുവേണ്ടിയാണ് ഈ നീതിനിഷേധം എന്നു സമൂഹം ചിന്തിക്കണം. കൊടുംക്രിമിനലുകളാക്കി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. പക്ഷേ, മറുവശത്തു ഞങ്ങളുടെ പാര്‍ട്ടി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഞങ്ങളെ മത്സരിപ്പിച്ചു. സത്യം ജനങ്ങള്‍ക്കു ബോധ്യമുണ്ട് എന്നതുകൊണ്ടാണ് വലിയ ഭൂരിപക്ഷത്തിനു വിജയിച്ചത്. ജനങ്ങളുടെ സുഖവും ദുഃഖവുമൊക്കെ മനസ്‌സിലാക്കി അവരുടെ കൂടെ നിന്നാണ് ഞങ്ങള്‍ രാഷ്ര്ടീയ പ്രവര്‍ത്തനം നടത്തിയത്. ജനങ്ങളില്‍നിന്ന് അകന്നുനിന്നുള്ള പ്രവര്‍ത്തനമല്ല. അത് ആ നാട്ടിലുള്ളവര്‍ക്ക് അറിയാം. 

ാരായി രാജനും കാരായി ചന്ദ്രശേഖരനും പൊലീസ് കസ്റ്റഡിയില്‍

ഇടതുമുന്നണി സര്‍ക്കാര്‍ ഭരിക്കുന്നു. കോടിയേരി ആഭ്യന്തരമന്ത്രി. ആര്‍.എസ്.എസ്‌സുകാര്‍ ചെയ്ത ഒരു കൊലപാതകം പാര്‍ട്ടിനേതാക്കളിലേക്കു വളരെ അനായാസം വഴിതിരിച്ചുവിടുമ്പോള്‍ അതു മനസ്‌സിലാക്കാനും ചെറുക്കാനുമുള്ള സംവിധാനം പാര്‍ട്ടിക്കും ആഭ്യന്തരവകുപ്പിനും ഇല്ലാതെ പോയോ?

ഇതില്‍ ആര്‍.എസ്.എസ്‌സിന്റെ കൃത്യമായ ഗൂഢാലോചനയുണ്ട്. എന്‍.ഡി.എഫുകാരനെ കൊന്നിട്ടു സി.പി.എമ്മിനെ പ്രതിയാക്കുക, സി.പി.എമ്മുകാരനെ കൊന്നിട്ട് എന്‍.ഡി.എഫിനെ പ്രതിയാക്കുക. അതിന്റെകൂടി ഭാഗമായി പൊലീസില്‍ അവര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. അതിനൊക്കെ ചുമതലപ്പെട്ടയാളുകള്‍ ആര്‍.എസ്.എസ്‌സില്‍ ഉണ്ട്. അവര്‍ ആരാണെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുമുണ്ട്. പണ്ട് തലശേ്ശരിയില്‍ കലാപമുണ്ടായപ്പോള്‍ സി.പി.എം, ആര്‍.എസ്.എസ്‌സുകാരില്‍നിന്നു മുസ്‌ലിങ്ങളെ സംരക്ഷിച്ചതു മുതല്‍ അവര്‍ക്കു പാര്‍ട്ടിയോടുള്ള ഇഷ്ടത്തെയും വിശ്വാസത്തെയുംകുറിച്ച് ഇവര്‍ക്കറിയാം. ഹിന്ദുക്കളില്‍ ഭൂരിഭാഗവും കേരളത്തില്‍ സി.പി.എമ്മിനൊപ്പമാണല്ലോ. ആ പരസ്പര വിശ്വാസം തകര്‍ക്കണം. ഇനിയുമൊരു ലഹളയുണ്ടാക്കണം. അതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ചെയ്യുന്ന ഓരോ കാര്യങ്ങളും. 
ഫസല്‍ വധം കഴിഞ്ഞ് ആറുമാസം കഴിഞ്ഞ് വിജേഷ് എന്ന സി.പി.എം പ്രവര്‍ത്തകനെ ആര്‍.എസ്.എസ്‌സുകാര്‍ കൊന്നു. എന്നിട്ട് അത് എന്‍.ഡി.എഫ് നടത്തിയതാണെന്നു പ്രചരിപ്പിച്ചു. ഭയങ്കര പ്രചാരണം. ഹൈന്ദവ കേരളം എന്ന പേരില്‍ ആര്‍.എസ്.എസ്‌സിന്റെ വെബ്‌സൈറ്റുണ്ട്. അതുവഴി എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസലിനെ കൊന്നതിന്റെ പകരമായി വിജേഷിനെ എന്‍.ഡി.എഫുകാര്‍ കൊന്നു എന്ന പ്രചാരണം കാര്യമായി നടത്തി. ഈ രണ്ടു കൊലപാതകങ്ങളിലും ഒരേ ടീമാണ് പങ്കെടുത്തത്.
മറ്റൊന്ന്, കേരള പൊലീസും പരിപൂര്‍ണമായി കുറ്റമറ്റതാണെന്നൊന്നും പറയാനാകില്ല. എന്നാല്‍, കുറ്റാന്വേഷണം നല്ല രീതിയില്‍ നടത്തി കഴിവു തെളിയിച്ച പൊലീസുദ്യോഗസ്ഥരുമുണ്ട്. കോടിയേരിയുടെ ഭരണമായിരുന്നെങ്കിലും അന്നു പൊലീസ് കണ്ടെത്തിയ രീതി പൂര്‍ണമായും തെറ്റായിരുന്നു എന്നതിനു പൂര്‍ണമായ തെളിവുകള്‍ ഇപ്പോള്‍ നിഷേധിക്കാനാകാത്ത വിധം വന്നല്ലോ. പക്ഷേ, കേരള പൊലീസിനു വീഴ്ച പറ്റിയാല്‍ അതു പരിഹരിച്ചു സൂപ്പര്‍ അന്വേഷണം നടത്തേണ്ടവരാണ് കേന്ദ്ര ഏജന്‍സി. കേരള പൊലീസ് കണ്ടെത്തിയ ഒരു കേസിലെ തെറ്റുകളും കുറ്റങ്ങളും പിഴവുകളും പൊള്ളത്തരവും പുറത്തുകൊണ്ടുവരേണ്ടത് ആരാണ്? പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ ഏതു ഭരണത്തിലുമുണ്ടാകും. ആ തെറ്റാണല്ലോ രണ്ടുവര്‍ഷം മുന്‍പു നിഷേധിക്കാനാകാത്ത തെളിവുകളായി വന്നത്. അതിന്റെ കൂടുതല്‍ വിവരങ്ങളാണ് സുബീഷിലൂടെ ഇപ്പോള്‍ വന്നത്. ആഭ്യന്തരമന്ത്രി കോടിയേരിയാണോ മറ്റാരെങ്കിലുമാണോ എന്നതല്ല കാര്യം. കേരള പൊലീസിനു തെറ്റുപറ്റി എന്നു മാത്രമല്ല, ആര്‍.എസ്.എസ്‌സിന്റെ ഭീഷണിക്കും സ്വാധീനത്തിനും അവര്‍ വഴങ്ങിയെന്നുകൂടിയാണ് മനസ്‌സിലാകുന്നത്. ഫസല്‍ കൊല്ലപ്പെട്ട അന്നു വൈകുന്നേരത്തെ സമാധാനയോഗത്തില്‍വച്ചു പരസ്യമായി ആര്‍.എസ്.എസ് നേതാക്കള്‍ പൊലീസിനെ ഭീഷണിപ്പെടുത്തി. ''ഞങ്ങളിലൊരാളിനെ പ്രതി ചേര്‍ത്താല്‍ വിവരമറിയും' എന്നാണ് പറഞ്ഞത്. ഉദ്യോഗസ്ഥന്മാരെ ഒന്നടങ്കം ഭീഷണിപ്പെടുത്തുകയായിരുന്നു. വിജേഷിന്റെ കൊലപാതകം തങ്ങളല്ല, എന്‍.ഡി.എഫുകാരാണ് ചെയ്തതെന്ന് അവര്‍ കാരായി ചന്ദ്രശേഖരന്‍ സഖാവിനെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. ഫസല്‍ വധം ആദ്യം അന്വേഷിച്ച സംഘത്തിലെ ഡി.വൈ.എസ്.പി രാധാകൃഷ്ണനെ നാട്ടുകാര്‍ ഒരു സംഭവത്തില്‍ പിടികൂടി മര്‍ദ്ദിച്ചപ്പോള്‍ അതു സി.പി.എമ്മിന്റെ തലയില്‍ കെട്ടിവച്ചു. പാര്‍ട്ടിയുടെ ആളുകളെ അറസ്റ്റു ചെയ്തതിനു പകരംവീട്ടിയതാണെന്ന നുണയാണ് പ്രചരിപ്പിച്ചത്. പിന്നീടു ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോഴും ചില ഉദ്യോഗസ്ഥര്‍ ആര്‍.എസ്.എസ്‌സിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. സി.പി.എമ്മിനെ കുടുക്കുക എന്ന ആര്‍.എസ്.എസ് അജന്‍ഡയ്ക്ക് അവര്‍ കൂട്ടുനിന്നു. അതില്‍ സാമ്പത്തിക അഴിമതി ഉള്‍പ്പെടെ നടന്നിട്ടുണ്ടാകാം. 

ഫസലിനെ കൊന്നത് ആര്‍.എസ്.എസ്‌സുകാരാണ് എന്ന് ആദ്യം മുതലേ പറഞ്ഞ എന്‍.ഡി.എഫ് പിന്നീടു നിലപാടു മാറ്റിയത് എങ്ങനെയാണ്?

ഫാസിസ്റ്റുകളുടെ ശൈലിയാണല്ലോ നുണ ആവര്‍ത്തിച്ചു പറഞ്ഞു സത്യത്തിന്റെ പ്രതീതി വരുത്തുന്നത്. സി.പി.എമ്മാണ് ചെയ്തത് എന്ന് ആവര്‍ത്തിച്ച് പറഞ്ഞു മാധ്യമങ്ങളെയും മറ്റും സ്വാധീനിച്ചു. കോടതിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആസിഫലിയും ഉള്‍പ്പെടെ വിശ്വസിക്കുന്ന തരത്തില്‍ ആ പ്രചാരണത്തില്‍ അവര്‍ ഒരു മേല്‍ക്കൈ ഉണ്ടാക്കി. യു.ഡി.എഫിന്റെ കൂടി സഹായത്തോടെ മാധ്യമങ്ങളെയും അന്വേഷണ സംവിധാനങ്ങളെയും മറ്റും അവരതിന്റ ഭാഗമാക്കി. എന്‍.ഡി.എഫും അതില്‍ വീണുപോയിട്ടുണ്ടാകാം. അല്ലെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ രൂക്ഷമായ പ്രതിസന്ധിയിലാക്കിയ കൈവെട്ടു കേസ് ഇടതുമുന്നണി സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാതെ കൈകാര്യം ചെയ്തതിലെ നീരസമാകാം. ഇതില്‍ യു.ഡി.എഫും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിച്ചു. യു.ഡി.എഫിന് തലശേ്ശരി നഗരസഭ പിടിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. നിയമസഭാ മണ്ഡലം എപ്പോഴും സി.പി.എമ്മിനൊപ്പമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വരുമ്പോള്‍ അതില്‍പ്പെട്ട മറ്റ് ആറ് നിയമസഭാ മണ്ഡലങ്ങളില്‍ തോറ്റാലും തലശേ്ശരിയില്‍ എല്‍.ഡി.എഫിനായിരിക്കും ഭൂരിപക്ഷം. മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ച്ചയായി കണ്ണൂരില്‍ നിന്നു ലോക്‌സഭയിലേക്കു ജയിക്കുന്ന കാലത്തും തലശേ്ശരിയില്‍ തോല്‍ക്കുകയായിരുന്നു. ഇതിന്റെയൊക്കെ ജനകീയ അടിത്തറയില്‍ മുസ്‌ലിങ്ങള്‍ക്കു വലിയ പങ്കുണ്ട്. അവിടെ 45 ശതമാനത്തോളം മുസ്‌ലിങ്ങളുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അത് എല്‍.ഡി.എഫിന് അനുകൂലമായാണു വന്നത്. അതു മുസ്‌ലിങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ആര്‍ജ്ജിച്ച വിശ്വാസംകൊണ്ടാണ്. അതു ക്രമേണ തകര്‍ക്കാന്‍ യു.ഡി.എഫിന്റെ അജന്‍ഡയുണ്ടായിരുന്നു, ആര്‍.എസ്.എസ് അജന്‍ഡയെ സഹായിക്കാന്‍. 

സുബീഷിന്റെ ഫോണ്‍ സംഭാഷണത്തില്‍ എന്തൊക്കെയാണ് പറയുന്നത്?

''ഞങ്ങള്‍ ഫസലിനെ കൊല്ലാന്‍ മാടപ്പീടിക കള്ളുഷാപ്പിനടുത്തു കാത്തുനിന്നു. ഫസല്‍ സൈക്കിളില്‍ അവിടെ എത്തിയപ്പോള്‍ പിന്നാലെ ബൈക്കില്‍ പോയി കെ.പി. റോഡിലെ ലിബര്‍ട്ടി ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍വച്ച് അവനെ തടഞ്ഞിട്ടു. സൈക്കിളുമായി നിലത്തുവീണപ്പോള്‍ അവന്‍ ഞങ്ങളെ തൊഴിച്ചു. അപ്പോള്‍ ഞങ്ങള്‍ വെട്ടി. വെട്ടുകൊണ്ട് ഓടി ഒരു ഗേറ്റില്‍ പിടിച്ചുകയറി അപ്പുറത്തേക്കു ചാടി രക്ഷപ്പെടാന്‍ നോക്കി. പിന്നാലെ ചെന്നു വെട്ടിയപ്പോള്‍ ആ വെട്ട് ഇരുമ്പു ഗേറ്റില്‍ കൊണ്ടു. വാള്‍ ഒടിഞ്ഞുപോയി. അടുത്തയാള്‍ പിന്നെയും വെട്ടിയപ്പോള്‍ അവന്‍ വീണു. പല തവണ വെട്ടി തിരിച്ചു പോകാന്‍ ബൈക്കിന്റെ അടുത്തെത്തിക്കഴിഞ്ഞ് ഒരാള്‍ തിരിച്ചുചെന്ന് ഒന്നുകൂടി വെട്ടി. അതു കഴുത്തിനാണ് കിട്ടിയത്. അതിലായിരിക്കും അവന്‍ പോയിട്ടുണ്ടാവുക' എന്നു പറയുന്നുണ്ട്. എന്നിട്ടു നാലുപേരുംകൂടി തിലകന്റെ വീട്ടില്‍ (തിലകേട്ടന്റെ എന്നാണ് പറയുന്നത്) പോയി. അപ്പോള്‍ പുലര്‍ച്ചെ നാലു മണിയായിട്ടുണ്ടാകും. ആയുധങ്ങളൊക്കെ അവിടെത്തന്നെ കുഴിച്ചിട്ടു. പിന്നീട് സജിത്തേട്ടനെ വിളിച്ചു പറഞ്ഞു, അജിയേട്ടനെ വിളിച്ചു പറഞ്ഞു, പിന്നെ, ശശിയേട്ടനെ (പാറ ശശി) വിളിച്ചുപറഞ്ഞു. അജിയേട്ടന്‍ എന്നുപറയുന്നത് ഇരിങ്ങാലക്കുടക്കാരന്‍ പ്രചാരക്. ഇവരെല്ലാം അറിഞ്ഞായിരിക്കുമല്ലോ തീരുമാനിച്ചത്. സംഭവം നടത്തിയത് അവരെ അറിയിച്ചതാണ്. ഈ ഷിനോജിന് പിന്നീടു പനി പിടിച്ചു. ''മൂന്നുനാലു ദിവസം കഴിഞ്ഞു സംഭവം വഴിതിരിഞ്ഞുപോയപ്പോഴാണ് അവന് ആശ്വാസമായത്, നമ്മള്‍ രക്ഷപ്പെട്ടല്ലോ' എന്നും സുബീഷ് ഫോണില്‍ പറയുന്നുണ്ട്. എന്നിട്ടു പറയുന്നത്, ''ഇപ്പഴാണെങ്കില്‍ എല്ലാം പുറത്തുവന്നു. ഇനി നമുക്കു രക്ഷയില്ല. ഈ മാര്‍ക്‌സിസ്റ്റുകാര്‍ വല്ലാത്ത കൂട്ടരാണ്' -എന്നിങ്ങനെയാണ സംഭാഷണം. സുബീഷ് ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേരുമായി സംസാരിച്ചതിന്റെയും ഓഡിയോ ക്‌ളിപ് ഇപ്പോള്‍ പൊലീസിന്റെ പക്കലുണ്ട്. ആ സംഭാഷണം കേള്‍പ്പിച്ചുകൊടുത്തതോടുകൂടിയാണ് പിടിച്ചുനില്‍ക്കാനാകാതെ സുബീഷ് മുഴുവന്‍ സത്യങ്ങളും പൊലീസിനോടു തുറന്നു പറഞ്ഞത്. സംഭാഷണം മുഴുവന്‍ കേള്‍പ്പിക്കേണ്ടിവന്നില്ല എന്നാണ് മനസ്‌സിലാകുന്നത്. ഒരു ഭാഗം കേട്ടപ്പോള്‍ത്തന്നെ, കാര്യങ്ങള്‍ പിടിവിട്ടുപോയി എന്ന് അവനു മനസ്‌സിലായിട്ടുണ്ടാകും.

കേസിന്റെ സ്ഥിതി എന്താണ് ഇപ്പോള്‍?

ഈ പുതിയ വിവരങ്ങള്‍ സി.ബി.ഐയും കോടതിയും പരിഗണിക്കേണ്ട കാര്യങ്ങളാണ്. അതൊക്കെ നിയമപ്രശ്‌നങ്ങളാണ്. നിയമപരായിത്തന്നെ മുന്നോട്ടു പോകും. ഈ നവംബര്‍ എട്ട് ആയപ്പോള്‍ മൂന്നു വര്‍ഷമായി കണ്ണൂര്‍ ജില്ല വിട്ട് എറണാകുളത്തു ജീവിക്കാന്‍ തുടങ്ങിയിട്ട്. വീട്ടിലും നാട്ടിലും പോകാന്‍ പറ്റാതെ, എറണാകുളം ജില്ല വിട്ടുപോകാതെ ഇവിടെത്തന്നെ. അതിനുമുന്‍പ് ഒന്നര വര്‍ഷത്തോളം ജാമ്യം കിട്ടാതെ റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞു. ഈ കേസില്‍നിന്ന് ഒഴിവാക്കണം എന്നു വിടുതല്‍ ഹര്‍ജി കൊടുത്തു കോടതിയില്‍. അത് അംഗീകരിച്ചില്ല. ഈ ഉപാധികള്‍ ലഘൂകരിച്ചു തരണം എന്ന് ആവശ്യപ്പെട്ടു. അതും അംഗീകരിച്ചില്ല.

ഈ കേസിലെ കുറ്റപത്രം പ്രതിഭാഗത്തിനു സ്വാഭാവികമായും വലിയ പിടിവള്ളി ആകേണ്ടതല്ലേ. പ്രത്യേകിച്ചും കെട്ടിച്ചമച്ച കേസാണെന്നു വാദിക്കുമ്പോള്‍ ആ കുറ്റപത്രത്തിലെ പഴുതുകള്‍ സത്യം പുറത്തുകൊണ്ടുവരില്ലേ?

കുറ്റപത്രത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെയും ആര്‍.എസ്.എസ്‌സുകാരുടെയും മൊഴികളുണ്ട്. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ അജിനാസ് സി.ബി.ഐക്കു കൊടുത്ത മൊഴിയില്‍ പറയുന്നത്, ''ഫസലുക്കയെ കാണുമ്പോള്‍ കൊടുവാള്‍ കല്ലില്‍വച്ചു മൂര്‍ച്ച കൂട്ടി, ഇതു നിനക്കുള്ളതാണ് എന്നും പെരുന്നാളിനു മുന്‍പു നിന്നെ പച്ച പുതപ്പിച്ചു കിടത്തും എന്ന് ആര്‍.എസ്.എസ്‌സുകാര്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു' എന്നാണ്. ബി.ജെ.പി കൗണ്‍സിലര്‍ അജേഷിന്റെ മൊഴി ഇതിനെ സാധൂകരിക്കുന്നു. ''ഞങ്ങളും എന്‍.ഡി.എഫുമായി തര്‍ക്കവും പ്രശ്‌നങ്ങളുമുണ്ട്. ഞങ്ങളുടെ ഒരു പ്രാദേശിക നേതാവിനെ അവര്‍ തല്ലിയതിന്റെ കേസുണ്ട്. ഒരു ദിവസം പള്ളിവരെ ഞങ്ങള്‍ എന്‍.ഡി.എഫുകാരുടെ പിന്നാലെ ഓടിയിട്ടുണ്ട്' എന്നൊക്കെ അജേഷിന്റെ മൊഴിയിലുണ്ട്. ഫലത്തില്‍ ഈ മൊഴികള്‍ സമാനമാണ്. പ്രദേശത്ത് എന്‍.ഡി.എഫും ആര്‍.എസ്.എസ്‌സും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നുവെന്നാണല്ലോ മനസ്‌സിലാകുന്നത്. ഇത്രയും തെളിവുകളൊക്കെ സി.ബി.ഐയുടെ മുന്നിലെത്തിയിട്ടുണ്ട്. സി.പി.എമ്മും എന്‍.ഡി.എഫും തമ്മില്‍ എന്തെങ്കിലും പ്രശ്‌നം നിലനിന്നിരുന്നതായി ഒരു മൊഴിയിലുമില്ല. രാഷ്ര്ടീയ തീരുമാനമെടുത്തു സംഘ്പരിവാര്‍ സി.പി.എമ്മിനെ കുടുക്കിയതാണ്. തേജസ് വന്നപ്പോള്‍ ദേശാഭിമാനിയുടെ കോപ്പി കുറഞ്ഞുവെന്നും അങ്ങനെ സി.പി.എമ്മും എന്‍.ഡി.എഫും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു എന്നുമൊക്കെ പിന്നീട് ഉണ്ടാക്കിയതാണ്. 

ഇത്ര ദീര്‍ഘകാലമായി പാര്‍ട്ടിയുടെ ഭാഗമായ നേതാക്കളെ കേസില്‍ കുടുക്കി നാടു കടത്തുന്ന ഒരു സ്ഥിതിയില്‍ എത്തിച്ചു ജീവിതം നാനാവിധമാക്കിയിട്ടും പാര്‍ട്ടി വേണ്ടവിധം സംരക്ഷിച്ചില്ലെന്നുണ്ടോ?

പാര്‍ട്ടി കൂടെത്തന്നെ നിന്നിട്ടുണ്ട്, എല്ലാ രീതിയിലും. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവല്ലേ ഞങ്ങളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. പിന്നെ, ഇതിപ്പോള്‍ നിയമത്തിന്റെ പ്രശ്‌നമായല്ലോ. നിയമത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു. സാധാരണഗതിയില്‍ ഇത്തരമൊരു ഉപാധിയൊക്കെ വച്ചാല്‍ ആളുകള്‍ നാട്ടിലൊക്കെ പോയി വരാറുണ്ട്. പക്ഷേ, ഞങ്ങള്‍ അതു ചെയ്യുന്നില്ല. നിയമത്തിനു പൂര്‍ണമായും വഴങ്ങുന്നതുകൊണ്ടാണ് അത്. കുടുംബത്തിന്റെ കാര്യങ്ങള്‍ ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും പാര്‍ട്ടിയാണ് നോക്കുന്നത്. ഇവിടെ താമസിക്കുന്നതും പാര്‍ട്ടിയുടെ ചെലവിലും സംരക്ഷണത്തിലുമാണ്. പിന്നെ, നീതിക്കുവേണ്ടി പാര്‍ട്ടി വ്യാപകമായി ക്യാംപെയ്‌നുകള്‍ നടത്തിയിട്ടുണ്ട്. പിണറായിയും കോടിയേരിയും ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ എത്രയോ തവണ എത്രയെത്ര സ്ഥലങ്ങളില്‍ ഈ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. 
ഏറ്റവും അവസാനം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതു സത്യം പുറത്തുവന്നിട്ടും നിരപരാധികള്‍ക്കു നീതി ലഭിക്കുന്നില്ല എന്നതാണ്. അതു ചൂണ്ടിക്കാട്ടി ഒപ്പുശേഖരം നടന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പലതരത്തിലുള്ള കൂട്ടായ്മകളും പ്രചാരണ പരിപാടികളും നടന്നുകൊണ്ടിരിക്കുകയാണ്. സത്യം ഇത്രയെല്ലാം പുറത്തുവന്നിട്ടും ഞങ്ങള്‍ക്ക് അവകാശപ്പെട്ട നീതി കിട്ടാത്തതിനെക്കുറിച്ചു ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നുണ്ട്, പാര്‍ട്ടി. ഈ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ എത്ര അന്വേഷണാത്മകമായ കടന്നുചെല്ലല്‍ നടക്കേണ്ടതാണ്. പക്ഷേ, അതുണ്ടാകുന്നില്ല. കാര്യങ്ങള്‍ മുഴുവന്‍ മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, മാവോയിസ്റ്റിനു മനുഷ്യാവകാശപരമായി കിട്ടുന്ന സാമാന്യ നീതി ഞങ്ങള്‍ക്കു കിട്ടിയില്ല.

രാഷ്ര്ടീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടു സി.പി.എമ്മിനെക്കുറിച്ച് ഒരു നെഗറ്റീവ് ഇമേജ് നിലനില്‍ക്കുന്നതുകൊണ്ട്, ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് എത്ര പറഞ്ഞാലും വിശ്വസിക്കാതിരിക്കുകയാണോ മാധ്യമങ്ങളും സമൂഹവും?

രാഷ്ര്ടീയ കൊലപാതകങ്ങളെ ഒരുതരത്തിലും സി.പി.എം ന്യായീകരിക്കാറില്ല. സംഭവിക്കാന്‍ പാടില്ലാത്തതുതന്നെയാണ്. പക്ഷേ, ഏതൊരു സംഭവം എടുത്തുനോക്കിയാലും ഏകപക്ഷീയമായാണ് കമ്യൂണിസ്റ്റുപാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. 1948 മെയ് 13-ന് മൊയ്യാരത്ത് ശങ്കരനെ കൊന്നുകൊണ്ടാണ് കേരളത്തില്‍ ആദ്യത്തെ രാഷ്ര്ടീയ കൊലപാതകം ഉണ്ടാകുന്നത്. സ്വാതന്ത്ര്യസമരത്തിലെ സമുന്നത നായകന്മാരില്‍പ്പെട്ട അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്നു.
കോണ്‍ഗ്രസ്‌സിന്റെ ചരിത്രം എഴുതിയയാള്‍. അതുമുതല്‍ പടുവിലായിയിലെ മോഹനന്‍ കൊല്ലപ്പെട്ടതുവരെയുള്ള സംഭവങ്ങളെല്ലാം എടുത്തു നോക്കിയാല്‍ ആദ്യം കൊല്ലപ്പെട്ടതെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണ്. അതിനൊടൊക്കെയുള്ള പ്രതികരണങ്ങളായി ജനങ്ങള്‍ ചില പ്രതിരോധങ്ങള്‍ നടത്തിയിട്ടുണ്ടാകും. പക്ഷേ, പ്രവര്‍ത്തകര്‍ ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍പേ്പാലും സമാധാനം പാലിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം., എസ്.എഫ്.ഐ സംസ്ഥാന നേതാവായിരുന്ന കെ.വി. സുധീഷ് കൊല്ലപ്പെട്ട ശേഷം ഒരാളെ ഞങ്ങള്‍ തിരിച്ചാക്രമിച്ചില്ല. കുറേക്കാലങ്ങള്‍ക്കുശേഷം സമാധാന അന്തരീക്ഷം വന്നപ്പോള്‍ കൊല്ലപ്പെടുന്നത് പിണറായിയിലെ രവീന്ദ്രനാണ്. അപ്പോഴും തിരിച്ച് ആക്രമണം ഉണ്ടായില്ല. പിന്നെ കൊല്ലപ്പെടുന്നത് പയ്യന്നൂരില്‍ ധനരാജനാണ്. അതിനുശേഷമാണ് ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. അത് അവിടെ നില്‍ക്കേണ്ടതായിരുന്നു. പിന്നെ കൊല്ലപ്പെടുന്നത് മോഹനനാണ്. ഒരു സംഘര്‍ഷവുമില്ലാത്ത സ്ഥലത്താണല്ലോ ജനകീയനായ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷം പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. പകരം സംഘര്‍ഷം അവസാനിപ്പിക്കാനാണ് സി.പി.എം മുന്‍കൈയെടുക്കുന്നത്. കാഞ്ഞങ്ങാട്ട് ഒന്‍പതു വയസുള്ള ഫഹദ് കൊല്ലപ്പെട്ടത് ഈ സമൂഹം ചര്‍ച്ച ചെയ്തില്ല. ആ കുട്ടിയുടെ അച്ഛന്‍ പാര്‍ട്ടി അംഗമായതുകൊണ്ടാണ് ആ സംഭവം ഉണ്ടായത്. ഒരു കമ്യൂണിസ്റ്റുകാരനെ കൊല്ലണമെന്ന് അയാള്‍ക്കു പ്രേരണയുണ്ടായത് ശശികല ടീച്ചറുടെ പ്രസംഗം കേട്ടിട്ടാണ്. പിതാവിനെ കിട്ടാത്തതുകൊണ്ടു പിഞ്ചുകുട്ടിയെ ഇല്ലാതാക്കി. അതിന്റെ ഭീകരതയെക്കുറിച്ചു കേരളം ചര്‍ച്ച ചെയ്തിട്ടില്ല. മറുവശത്തു സി.പി.എമ്മിന്റെ ആളുകള്‍ പ്രതികളായാല്‍ മാത്രമേ ചര്‍ച്ചയാകുന്നുള്ളു. അതിന്റെ ഭാഗമായാണ് ഈ പറഞ്ഞ നെഗറ്റീവ് ഇമേജ് സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. അതു യഥാര്‍ത്ഥ വസ്തുതയുമായി ബന്ധമുള്ളതല്ല.

പാര്‍ട്ടിഗ്രാമങ്ങള്‍ ഇല്ലെന്നാണ് സി.പി.എം പറയുന്നത്. പക്ഷേ, മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍പോലും മറ്റുള്ളവര്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല എന്ന് ആരോപണമുണ്ട്?

എന്റെ ഗ്രാമമായ കതിരൂര്‍ പാര്‍ട്ടി ഗ്രാമമെന്ന് ആക്ഷേപിക്കപ്പെട്ട ഒരു സ്ഥലമാണ്. അവിടുത്തെ 18 വാര്‍ഡുകളില്‍ 18-ഉം എല്‍.ഡി.എഫ് ആണ് ജയിക്കുന്നത്. പക്ഷേ, എല്ലാ വാര്‍ഡുകളിലും എല്ലാ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടിടത്ത് ആര്‍.എസ്.എസ്‌സിനു ശാഖയുണ്ട്. എന്റെ സ്വന്തം അനുഭവത്തില്‍നിന്ന് ഒരു കാര്യം പറയാം. എനിക്കു കുടുംബസ്വത്തായി കിട്ടിയ 26 സെന്റ് സ്ഥലമുണ്ട്. അതിനുള്ളില്‍ ഒരു രേഖയുമില്ലാതെ കോണ്‍ഗ്രസ്‌സിന്റെ ബേ്‌ളാക്ക് സെക്രട്ടറി ജയപ്രകാശ് മാഷ് വര്‍ഷങ്ങളായി കട നടത്തുന്നുണ്ട്. എന്റെ ഏട്ടന്റെ വീടിനോടു ചേര്‍ന്നാണ് അവര്‍ പാരമ്പര്യമായി നടത്തുന്ന ആ കട. ഒരു രേഖയുമില്ല. മറ്റൊരു പാര്‍ട്ടിക്കാരനായതുകൊണ്ടു ജയപ്രകാശിനോട് അവിടെനിന്നു മാറിത്തരണം എന്നു പറയുന്നില്ല. ഞാന്‍ പറയുന്നത്, ഇതൊക്കെ എല്ലായിടത്തും മനുഷ്യര്‍ പരസ്പരം ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ്. പക്ഷേ, സി.പി.എമ്മിനെതിരെ കുപ്രചാരണം നടത്തുന്നവര്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന ദുരുദ്ദേശ്യപരമായ പ്രചാരണവും നടത്തുന്നു. 
കതിരൂരിലെ രണ്ടു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നൂറു ശതമാനമാണ് വിജയം. കതിരൂര്‍ ഗ്രാമപഞ്ചായത്ത് മാതൃകാ പഞ്ചായത്താണ്, കതിരൂര്‍ ബാങ്ക് മതൃകാ ബാങ്കാണ്. നബാര്‍ഡ് അംഗീകരിച്ച ബാങ്ക്. പരിശീലനത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്കിന്റെ ഉദ്യോഗസ്ഥരെ ഗ്രാമങ്ങളിലെ സഹകരണബാങ്കുകളെക്കുറിച്ചു പഠിക്കാന്‍ അയയ്ക്കുന്നത് ഈ ബാങ്കിലേക്കാണ്. കൈക്കൂലി ഇല്ലാത്ത വൈദ്യുതി ഓഫീസിനുള്ള അവാര്‍ഡ് കിട്ടിയതു കതിരൂര്‍ സെക്ഷന്‍ ഓഫീസിനാണ്, കൈക്കൂലി വാങ്ങാത്ത വില്ലേജ് ഓഫീസിനുള്ള അവാര്‍ഡ് കിട്ടിയതും കതിരൂരിലാണ്. ഇതാണ് കണ്ണൂരിലെ ഗ്രാമങ്ങള്‍. വായനശാലകള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, മനുഷ്യത്വം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍. കാവുകളും അമ്പലങ്ങളും പോലും ഏറ്റവുമധികം വര്‍ഗ്ഗീയ കടന്നുകയറ്റമില്ലാതെ നടക്കുന്നത് കണ്ണൂരിലെ ഈ ഗ്രാമങ്ങളിലാണ്.

പിണറായി ഗ്രാമത്തില്‍ ആര്‍.എസ്.എസ്‌സിന്റെ ശാഖകളുണ്ട്. അവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടാണോ അതു സാധിക്കുന്നത്. കൊയ്യാളക്കുന്നത്ത്, പാനുണ്ട എന്നിവയൊക്കെ പിണറായി പഞ്ചായത്തില്‍ ആര്‍.എസ്.എസ്‌സിനു ശാഖയും പ്രവര്‍ത്തകരുമുള്ള, ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥലങ്ങളാണ്. കേളാലൂര്‍ എന്ന സ്ഥലം സഖാവ് പിണറായിയുടെ വീടിനടുത്താണ്. അവിടെയുമുണ്ട് ആര്‍.എസ്.എസ് ശാഖ. പക്ഷേ, ആര്‍.എസ്.എസ്‌സിന്റെ വര്‍ഗ്ഗീയതയോട് അവരുടെ പ്രവര്‍ത്തകര്‍ക്കുതന്നെ മടുപ്പായി. അതുകൊണ്ടു പരമ്പരാഗതമായി പ്രവര്‍ത്തിച്ചിരുന്ന പല സ്ഥലങ്ങളിലും അവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസ് നേതാവ് വി.എ. നാരായണനും പിണറായി വിജയനും അയല്‍ക്കാരാണ്. വി.എ. നാരായണന് അവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടുണ്ടോ?

പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?

അച്ഛന്റെയും അമ്മയുടെയും മൂന്നുമക്കളില്‍ ഇളയ ആളായിരുന്നു. അച്ഛന്‍ കര്‍ഷകനായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ രാഷ്ര്ടീയ പ്രവര്‍ത്തന താല്പര്യം വര്‍ധിച്ചാണ് ബാലസംഘത്തില്‍ സജീവമായത്. യൂണിറ്റ് സെക്രട്ടറിയും കതിരൂര്‍ വില്ലേജ് സെക്രട്ടറിയും തലശേ്ശരി താലൂക്ക് സെക്രട്ടറിയുമായി. അക്കാലത്തെ ദേശാഭിമാനി ബാലസംഘത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവരാണ് ഞാനും പിന്നീട് എം.പിയായ ടി.ജെ. ആഞ്ചലോസും ഇപ്പോഴത്തെ ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനുമൊക്കെ. പിന്നീട് ദിനേശ് ബീഡി തൊഴിലാളിയായി. മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തകനുമായി. ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി, ബേ്‌ളാക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയില്‍ കതിരൂര്‍ ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. പിന്നെ ലോക്കല്‍ സെക്രട്ടറിയും തലശേ്ശരി ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമൊക്കെയായി. ഈ പ്രവര്‍ത്തനങ്ങളൊക്കെ സാധാരണക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണല്ലോ. ഇതിനൊപ്പമാണ് സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ഭാരവാഹിയുമായിരുന്നു. കേരളത്തില്‍ ആദ്യമായി ഒരു സഹകരണബാങ്ക് സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് കതിരൂര്‍ ബാങ്കാണ്. ഐ.വി. ദാസിന്റെ പേരില്‍ മാധ്യമ പുരസ്‌കാരം ഏര്‍പ്പെടുത്തി. യു.കെ. കുമാരന്റെ വയലാര്‍ അവാര്‍ഡ് കിട്ടിയ 'തക്ഷന്‍കുന്നു സ്വരൂപം' എന്ന നോവലിനു രണ്ടു വര്‍ഷം മുന്‍പു ഞങ്ങള്‍ പുരസ്‌കാരം കൊടുത്തിരുന്നു.

കതിരൂര്‍ ബാങ്ക് ആരോപണവിധേയമാണല്ലോ?

അതെ, പലരും പലതും പറഞ്ഞുണ്ടാക്കുകയാണ്. ആ ബാങ്ക് ചെയ്ത സാമൂഹിക പ്രവര്‍ത്തനങ്ങളൊന്നും കാണാതെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു. പണ്ടു നാട്ടിലൊക്കെ ധാരാളം ഓലപ്പുരകള്‍ ഉണ്ടായിരുന്നു. ബാങ്ക് പരിധിയിലുള്ള മുഴുവന്‍ വീടുകളും ഓടിട്ട വീടുകളാക്കാന്‍ ഒരു തീരുമാനമെടുത്തു നടപ്പാക്കിയിട്ടുണ്ട്. വീടില്ലാത്തവര്‍ക്കു വീടിനു വായ്പ വേറെ. മൂന്നു പഞ്ചായത്തുകളിലായി ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ഗള്‍ഫില്‍ പോയതു ബാങ്ക് നല്‍കിയ വിസാ വായ്പയുടെ ബലത്തിലാണ്. ഒരു പ്രദേശത്തെ സാമൂഹിക, സാമ്പത്തിക ജീവിതത്തില്‍ സഹകരണ പ്രസ്ഥാനം വഹിച്ച പങ്കിന് ഉദാഹരണമാണ് ഇതൊക്കെ. 200 എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്, 20 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക്, 20-ല്‍ അധികം ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ കതിരൂര്‍ ബാങ്ക് വായ്പയുടെ പിന്തുണ ഉണ്ടായിട്ടുണ്ട്. നിരവധി ഉദാഹരണങ്ങളില്‍ ചിലതാണ് ഇതൊക്കെ. കള്ളപ്പണം ഉണ്ടെന്ന ആരോപണം രാഷ്ര്ടീയമാണ്. ആരു ഭരിക്കുന്ന സഹകരണ ബാങ്കിലും നിക്ഷേപം നടത്തുന്നത് നാട്ടുകാരായിരിക്കും. ഭാരവാഹികള്‍ക്കും ജീവനക്കാര്‍ക്കും അറിയാവുന്നവര്‍. അഥവാ കള്ളപ്പണമാണെന്നു തോന്നുന്നെങ്കില്‍ പരിശോധിക്കാമല്ലോ. ദുരുദ്ദേശ്യപരമായ ആരോപണം മാത്രമാണ് അത്. 
ഇടക്കാലത്തു ചില സ്ഥലത്തൊക്കെ താന്‍ കയറിച്ചെല്ലുമ്പോള്‍ ആളുകള്‍ക്കു പേടിയായിരുന്നു എന്നു വേദനയോടെയാണ് കാരായി രാജന്‍ പറയുന്നത്. ഒരു ഭീകരന്‍ വന്നിരിക്കുന്നു എന്ന മട്ടിലാണ് പ്രതികരണം. ''എന്റെ മകന്‍െ പേര് സഫ്ദര്‍ എന്നാണ്. ഒരു മതനിരപേക്ഷമായ പേരിട്ടത് ആരെയും കാണിക്കാനല്ല. അതൊരു നിലപാടിന്റെ ഭാഗമാണ്. പക്ഷേ, മുസ്‌ലിം വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമം നടന്നു. അതു വിജയിച്ചിട്ടൊന്നുമില്ല.' അങ്ങനെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ നാട്ടില്‍നിന്നും വേണ്ടപ്പെട്ടവരില്‍നിന്നും വേര്‍പെട്ടു കഴിയേണ്ടിവരുന്നതിലെ നിസ്‌സഹായത കാരായി രാജനെ വിഷമിപ്പിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com