മാധ്യമ വിചാരണയ്ക്കു നിന്നുതരില്ല; പ്രതിയാക്കാന്‍ കുറെയാളുകള്‍ ശ്രമിക്കുന്നു, അതിലൊന്നും ഒന്നും നടക്കില്ലെന്ന് ദിലീപ്

പറയാനുളളതെല്ലാം പൊലീസിനോടും കോടതിയോടും പറഞ്ഞോളാം. മാധ്യമ വിചാരണയ്ക്കു നിന്നുതരാന്‍ തനിക്കു സമയമില്ലെന്നും ദിലീപ്
മാധ്യമ വിചാരണയ്ക്കു നിന്നുതരില്ല; പ്രതിയാക്കാന്‍ കുറെയാളുകള്‍ ശ്രമിക്കുന്നു, അതിലൊന്നും ഒന്നും നടക്കില്ലെന്ന് ദിലീപ്

കൊച്ചി: ചിലരുടെ മാധ്യമ വിചാരണയ്ക്കു നിന്നു തരില്ലെന്ന് നടന്‍ ദിലിപ്. തന്നെ പ്രതിയാക്കാന്‍ കുറെയാളുകള്‍ ശ്രമം നടത്തുന്നുണ്ട്. അതിലൊന്നും ഒന്നും നടക്കില്ലെന്ന് ദിലീപ് പറഞ്ഞു. ആലുവ പൊലീസ് ക്ലബില്‍ മൊഴി നല്‍കാന്‍ പുറപ്പെടുന്നതിനു തൊട്ടു മുമ്പായിരുന്നു ദിലീപിന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി സുനില്‍കുമാറിന്റെ സഹ തടവുകാരന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ദിലീപ് പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് ദിലീപ് മൊഴി നല്‍കുന്നത്. താന്‍ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാനാണ്  പോവുന്നതെന്ന് പുറപ്പെടും മുമ്പ് ദിലീപ് വ്യക്തമാക്കി. ദയവായി വളച്ചൊടിക്കരുത്. പറയാനുളളതെല്ലാം പൊലീസിനോടും കോടതിയോടും പറഞ്ഞോളാം. മാധ്യമ വിചാരണയ്ക്കു നിന്നുതരാന്‍ തനിക്കു സമയമില്ലെന്നും ദിലീപ് പറഞ്ഞു.

ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും മൊഴിയാണ് പൊലീസ് ഇന്നു രേഖപ്പെടുത്തുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ പള്‍സുനിക്കു പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സഹതടവുകാരന്‍ വിഷ്ണു വിളിച്ചതായാണ് ദിലീപ് പരാതി നല്‍കിയത്. ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോഡും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍ വിളിച്ചത് സുനി തന്നെയാണെന്ന് പിന്നീട് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ദിലീപ് നല്‍കിയ പരാതിയില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പരിശോധനകള്‍ക്കു ശേഷം മാത്രമേ നടപടിയുണ്ടാവൂ എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ നടിയെ ആക്രമിച്ച സംഭവം ഒറ്റ കേസായാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് ദിലിപീല്‍നിന്നും നാദിര്‍ ഷായില്‍നിന്നും വിവരങ്ങള്‍ ആരായുക എന്നതാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com