ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചില്ല; മണിക്കൂറുകളോളം മൊഴിയെടുക്കല്‍ നീണ്ടതിങ്ങനെ

ഒരേ ചോദ്യങ്ങള്‍ക്ക് മൂവരും കൃത്യമായ ഉത്തരം നല്‍കിയില്ല എന്നത് മൂവരും പ്ലാന്‍ ചെയ്ത് തയ്യാറാക്കിയ തിരക്കഥയുമായാണ് വന്നത്
ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചില്ല; മണിക്കൂറുകളോളം മൊഴിയെടുക്കല്‍ നീണ്ടതിങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദിച്ച പല ചോദ്യങ്ങളില്‍നിന്നും ദിലീപ് തന്ത്രപരമായി ഒഴിഞ്ഞുമാറിയതാണ് ചോദ്യം ചെയ്യല്‍ 13 മണിക്കൂറോളം നീണ്ടതിനു കാരണമെന്ന് പോലീസ് വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം.
ചോദ്യം ചെയ്യലുമായി പൂര്‍ണ്ണമായും സഹകരിക്കുന്നതായിരുന്നില്ല ദിലീപിന്റെ നിലപാട്. ദിലീപിനോടും നാദിര്‍ഷയോടും അപ്പുണ്ണിയോടുമുള്ള ചോദ്യങ്ങള്‍ക്കിടയില്‍ ഒരേ ചോദ്യങ്ങള്‍ക്ക് മൂവരും കൃത്യമായ ഉത്തരം നല്‍കിയില്ല എന്നത് മൂവരും പ്ലാന്‍ ചെയ്ത് തയ്യാറാക്കിയ തിരക്കഥയുമായാണ് വന്നത് എന്ന് പോലീസ് സംശയിക്കുന്നു.
ബ്ലാക്ക് മെയില്‍ ചെയ്തു എന്ന ദിലീപിന്റെ പരാതിയെത്തുടര്‍ന്നാണ് മൊഴിയെടുക്കാനായി പോലീസ് ക്ലബ്ബില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടതെന്നും ഇത് വളച്ചൊടിക്കരുതെന്നുമായിരുന്നു ദിലീപ് പോലീസ് ക്ലബ്ബില്‍ എത്തുന്നതിനു തൊട്ടുമുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് വിളിച്ചുവരുത്തിയത് മൊഴി രേഖപ്പെടുത്തുന്നതിനല്ലെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനു തന്നെയാണെന്നും ദിലീപിനെ പോലീസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
ഗൂഢാലോചനയില്‍ നാദിര്‍ഷ ഉള്‍പ്പെട്ടതായി പോലീസിന് സംശയമുണ്ടായിരുന്നില്ല. എന്നാല്‍ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന ആരോപണത്തില്‍ ദിലീപിനൊപ്പം നാദിര്‍ഷയും പങ്കാളിയായിരുന്നു എന്നതിനാല്‍ ഇത് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കുന്നതിനായിരുന്നു നാദിര്‍ഷയെയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്.
ബ്ലാക്ക് മെയില്‍ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൂടെയായിരുന്നു ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. എന്നാല്‍ പല ചോദ്യങ്ങളില്‍നിന്നും ദിലീപ് തന്ത്രപരമായി വഴുതിമാറുകയായിരുന്നു. ഇതേ ചോദ്യങ്ങള്‍ക്കുതന്നെ നാദിര്‍ഷയ്ക്കും ഉത്തരമുണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും തുറന്നു പറയുക എന്ന ലക്ഷ്യത്തോടെ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് തയ്യാറാക്കിയ മട്ടിലാണ് ദിലീപ് പോലീസിനു മുന്നില്‍ പറയാനൊരുങ്ങിയത്. ആക്രമിക്കപ്പെട്ട നടിയുമായി സൗഹൃദമുണ്ടാകുന്ന കാലംതൊട്ട് ഇങ്ങോട്ട് പറയാം ആദ്യം എന്നതായിരുന്നു പല ചോദ്യങ്ങള്‍ക്കും ദിലീപിന്റെ മറുപടി. എന്നാല്‍ പിന്നീട് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറഞ്ഞതുമില്ല.
നടിയെ സിനിമയിലേക്ക് സജീവമാക്കിയതിനെക്കുറിച്ചും പിന്നീട് സൗഹൃദം വളര്‍ന്ന് ചില റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും ദിലീപ് പോലീസിനു മുന്നില്‍ വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദിലീപും നടിയും തമ്മില്‍ തെറ്റിപ്പിരിയുന്നതിനുള്ള കാരണം പോലീസിന് തൃപ്തികരമായിരുന്നില്ല. പൂര്‍ണ്ണമായും നടിയെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു ദിലീപിന്റെ വിശദീകരണം.
നടിയ്ക്ക് അവസരം കുറഞ്ഞതിനെക്കുറിച്ചുള്ള പോലീസിന്റെ ചോദ്യങ്ങള്‍ക്ക് അത് തന്റെ തലയിലേക്ക് കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അതിനു പറ്റിയ കഥാപാത്രം ഇല്ലാത്തതുകൊണ്ടും ചില അകല്‍ച്ച കൊണ്ടുമാണ് പണ്ടത്തേതുപോലെ ചാന്‍സ് ഒരുക്കിക്കൊടുക്കാതിരുന്നത്. എന്നാല്‍ മനഃപൂര്‍വ്വം നടിയുടെ ചാന്‍സ് ഇല്ലാതാക്കിയിട്ടില്ലെന്നും ദിലീപ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട ദിവസം സംഭവമറിഞ്ഞത് സുഹൃത്ത് വഴിയാണെന്നും ഉടനെതന്നെ നടിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് തയ്യാറായിരുന്നില്ല. വീട്ടുകാരോടാണ് താന്‍ പിന്നീട് സംസാരിച്ചത്. പിന്നീട് മാധ്യമങ്ങള്‍ പലതും ഗൂഢാലോചന നടത്തിയതില്‍ തനിക്കും പങ്കുണ്ടെന്ന മട്ടില്‍ പ്രത്യക്ഷമായിത്തന്നെ പ്രചരിപ്പിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട നടി എന്തുകൊണ്ട് ഒരു വാക്കുകൊണ്ടുപോലും മാധ്യമങ്ങളുടെ സംശയത്തെ ഇല്ലായ്മ ചെയ്തില്ല എന്നത് തന്നെയും വേദനിപ്പിച്ചിട്ടുണ്ട്.
പ്രതിയായ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് കണ്ടിട്ടുണ്ടാവാം എന്ന ഒഴുക്കന്‍ മട്ടിലായിരുന്നു മറുപടി. എന്നാല്‍ കൂടുതല്‍ ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ദിലീപ് പറഞ്ഞു. ബ്ലാക്ക് മെയില്‍ കേസില്‍ ദിലീപ് കൊടുത്ത പരാതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പലതില്‍നിന്നും ദിലീപ് പിന്മാറുകയാണുണ്ടായത്. ചോദ്യം ചെയ്യല്‍ ഏകദേശം ഒമ്പതുമണിക്കൂറോളം നീണ്ടുനിന്നു. പിന്നീട് ഇത് എഴുതിത്തയ്യാറാക്കി ദിലീപിനെയും നാദിര്‍ഷയെയും പ്രത്യേകം വായിച്ചുകേള്‍പ്പിക്കുന്നനേരത്തും ചില തിരുത്തലുകള്‍ ദിലീപ് നിര്‍ദ്ദേശിച്ചിരുന്നു. ഇതാണ് പിന്നീടും സമയം നീണ്ടുപോയത്.
ദിലീപിനെ ചോദ്യം ചെയ്യുന്ന സ്ഥലത്തേക്ക് നടന്‍ സിദ്ദീഖും നാദിര്‍ഷയുടെ സഹോദരനും എത്തിയത് ചോദ്യം ചെയ്യലിനെ തടസ്സപ്പെടുത്തിയിരുന്നില്ല. അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തില്ലെന്ന് പോലീസ് ക്ലബ്ബില്‍വെച്ച് ദിലീപ് വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യോഗത്തിനുശേഷം നടന്‍ സിദ്ദീഖ് എത്തിയത്.
തല്‍ക്കാലം ചോദ്യം ചെയ്യല്‍ നിര്‍ത്തിയെങ്കിലും തുടര്‍ന്നും ചോദ്യം ചെയ്യലിന് എത്തേണ്ടിവരുമെന്ന മുന്നറിയിപ്പോടെയാണ് ദിലീപിനെയും നാദിര്‍ഷയെയും അപ്പുണ്ണിയെയും ഇന്നലെ രാത്രി വിട്ടയച്ചത്.
നടിയുമായി വ്യക്തിവൈരാഗ്യം നിലവിലുണ്ടായിരുന്നു എന്നതിനുള്ള സൂചനകള്‍ ലഭിച്ചുവെങ്കിലും പോലീസിന് ഗൂഢാലോചനയില്‍ പങ്കാളിയായോ എന്നതില്‍ വ്യക്തത വരുത്തുവാന്‍ സാധിച്ചിട്ടില്ല. സിനിമാമേഖലയില്‍നിന്നുള്ള മറ്റുള്ളവരുടെകൂടി മൊഴിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍. എന്നാല്‍ ഇതാരാണെന്നുള്ള സൂചനകളില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com