വിതുര കേസില്‍ ജഗതിയെ വേട്ടയാടിയത് ഓര്‍ക്കണമെന്ന് സിദ്ദിഖ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2017 10:33 AM  |  

Last Updated: 29th June 2017 12:09 PM  |   A+A-   |  

Siddique

കൊച്ചി: വിതുര പെണ്‍ വാണിഭ കേസില്‍ ജഗതി ശ്രീകുമാറിനെ വേട്ടയാടിയിരുന്നുവെന്ന് ഓര്‍മിപ്പിച്ച് നടന്‍ സിദ്ദിഖ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടക്കുന്ന കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിദ്ദിഖ് വിതുര കേസ് ചൂണ്ടിക്കാട്ടിയത്.

വിതുര കേസുമായി ബന്ധപ്പെട്ട് ജഗതി ശ്രീകുമാറിനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു. പലരു അദ്ദേഹത്തെ കുറ്റപ്പെടുത്തി രംഗത്തുവന്നു. എന്നാല്‍ കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. കോടതി കുറ്റക്കാരെന്നു കണ്ടെത്തുമ്പോള്‍ മാത്രമാണ് ഒരാള്‍ കുറ്റവാളിയാവുന്നത്. അതുവരെ ആരെയും കുറ്റക്കാരെന്നു വിധിക്കാതിരിക്കുകയാണ് വേണ്ടതെന്ന് സിദ്ദിഖ് പറഞ്ഞു.

നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ സിനിമാ രംഗത്തുള്ളവര്‍ക്കു വിഷമമുണ്ട്. അതുപോലെ തന്നെ ദിലീപിനു നേരെ ആരോപണങ്ങള്‍ ഉയരുന്നതിലും വിഷമിക്കുന്നവരാണ് സിനിമാ രംഗത്തുള്ളവര്‍. ഇത്തരമൊരു ആരോപണം ആര്‍ക്കുനേരെയും ഉയരാം. പള്‍സര്‍ സുനി ആരുടെ പേരും പറയാം. അതിലെല്ലാം വ്യക്തത വരുന്നതുവരെ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണമെന്ന് സിദ്ദിഖ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടത് ഒരു ക്രമസമാധാന പ്രശ്‌നമാണ്. അതില്‍ അമ്മയ്ക്ക് ഒന്നും ചെയ്യാനില്ല. അമ്മ ഇടപെടുന്നില്ലേ എന്നു ചോദിക്കുന്നവര്‍ എങ്ങനെയാണ് ഇടപെടേണ്ടത് എന്നു പറയണമെന്ന് സിദ്ദിഖ് അഭിപ്രായപ്പെട്ടു.