മൂന്നാര്‍ ചര്‍ച്ച: മുഖ്യമന്ത്രിയുടേത് വിശ്വാസ വഞ്ചനയെന്ന് ഹരീഷ് വാസുദേവന്‍

നേരത്തെയെടുത്ത നിയമവിരുദ്ധമായ തീരുമാനങ്ങള്‍ മറച്ചുവച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചതെന്ന് ഹരീഷ്
മൂന്നാര്‍ ചര്‍ച്ച: മുഖ്യമന്ത്രിയുടേത് വിശ്വാസ വഞ്ചനയെന്ന് ഹരീഷ് വാസുദേവന്‍

കൊച്ചി: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവരോട് മുഖ്യമന്ത്രി വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നേരത്തെയെടുത്ത നിയമവിരുദ്ധമായ തീരുമാനങ്ങള്‍ മറച്ചുവച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചതെന്ന് ഹരീഷ് അഭിപ്രായപ്പെട്ടു. ഭൂപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ച സന്‍മനസിനെ പ്രശംസിച്ചവരെ നിരാശരാക്കുന്നതാണ് ഇതെന്ന് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാര്‍ച്ച് ഇരുപത്തിയേഴിനു ചേര്‍ന്ന യോഗത്തിലാണ് ഇടുക്കി ജില്ലയിലെ ജനപ്രതിനിധികള്‍ ഉന്നയിച്ച നിയമവിരുദ്ധമായ ആവശ്യങ്ങളില്‍ തുടര്‍നടപടിയെടുക്കാന്‍ മുഖ്യമന്ത്രി റവന്യു ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയത്. ഇക്കാര്യം യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മറച്ചുവച്ചെന്ന് ഹരീഷ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവരില്‍നിന്നും ഇക്കാര്യങ്ങള്‍ മറച്ചുവയ്ക്കുകയായിരുന്നു. ഹരീഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്: 
ഇടുക്കിയിലെ 50,000 ഏക്കര്‍ വനഭൂമി റവന്യൂ ഭൂമിയാക്കുക, കോടതികളില്‍ പാറമട ലോബികള്‍ക്കെതിരായി യുഡിഎഫ് കാലത്ത് നല്‍കിയ സത്യവാങ്ങ്മൂലങ്ങള്‍ തിരുത്തുക, നിവേദിത ഹരന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഞ്ചുനാട് ഭാഗത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ഭൂമിതട്ടിപ്പുകള്‍ വിജിലന്‍സ് അന്വേഷിക്കാനുള്ള ഉത്തരവ് പുന:പരിശോധിക്കുക, നീലക്കുറിഞ്ഞി സാഞ്ചറിയില്‍ നിന്ന് എംപി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഭൂമി ഒഴിവാക്കിക്കൊടുക്കുക, തുടങ്ങി ഇടുക്കി ജില്ലയിലെ ജനപ്രതിനിധികള്‍ നല്‍കിയ നിയമവിരുദ്ധമായ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കാനുള്ള തുടര്‍ നടപടി എടുക്കാന്‍ മാര്‍ച്ച് 27 നു ചേര്‍ന്ന മുഖ്യമന്ത്രിയുടെ യോഗം റവന്യൂ വകുപ്പിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. രാഷ്ട്രീയ ഇടപെടല്‍ മൂലം ഇടുക്കിയില്‍ നിയമം നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്ന ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് വാര്‍ത്തയായ മാര്‍ച്ച് 25 നു തൊട്ടു പിന്നാലെയാണ് ഈ യോഗം നിര്‍ണ്ണായക സര്‍ക്കാര്‍ നിലപാടുകള്‍ പുന:പരിശോധിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ഏറ്റവും പ്രധാനം. അറിയാനുള്ള അവകാശമില്ലെങ്കിലോ, അഭിപ്രായസ്വാതന്ത്ര്യം കൊണ്ട് ഒരു കാര്യവുമില്ല. ഇടുക്കിയിലെ ഭൂമിപ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിയമവിരുദ്ധമായ, നിര്‍ണ്ണായക തീരുമാനങ്ങള്‍ മാര്‍ച്ച് 27 നു എടുത്ത കാര്യം മറച്ചു വെച്ചാണ് മെയ് 7 ന്റെ യോഗം മുഖ്യമന്ത്രി വിളിച്ചത്. അത് യോഗത്തിനു വിളിച്ചവരോടുള്ള വിശ്വാസവഞ്ചനയായി എനിക്ക് തോന്നുന്നു. പ്രശ്‌നപരിഹാരമായിരുന്നു ഉദ്ദേശമെങ്കില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ച് അതിന്മേലായിരുന്നു ചര്‍ച്ച വേണ്ടത്. ഒരു വശത്തുകൂടി വനഭൂമി കേസ് അട്ടിമറിയും, ഹരിത െ്രെടബ്യുണല്‍ നടപ്പാക്കണമെന്ന് പറഞ്ഞ ഉത്തരവ് പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശവും, മറുഭാഗത്തു അതറിയിക്കാതെയുള്ള ചര്‍ച്ചയും ശരിയായ ഗവേണന്‍സല്ല. 27.03.2017 ലെ യോഗതീരുമാനങ്ങള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മുഖ്യമന്ത്രി ഈ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഒളിച്ചുവെച്ചത് എന്തിനായിരുന്നു?
ഇക്കാര്യത്തില്‍, 27.03.2017 ന്റെ പ്രധാന തീരുമാനങ്ങള്‍ മെയ് 7 ന്റെ സര്‍വ്വകക്ഷി യോഗത്തിന്റെ വെളിച്ചത്തില്‍ മരവിപ്പിക്കുന്നില്ലായെങ്കില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ച എന്നെ സംബന്ധിച്ച് നിഷ്ഫലമാണ്. ചര്‍ച്ച ചെയ്യാന്‍ ബഹു.മുഖ്യമന്ത്രി കാണിച്ച സന്മനസിനെ നൂറു ശതമാനം പ്രശംസിച്ചു കൊണ്ട് നിലപാട് എടുത്തവര്‍, ഇക്കാര്യത്തില്‍ നിരാശരാണ്.
ബഹു.മുഖ്യമന്ത്രിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നുമാത്രം പറയട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com