ആ രണ്ടു പേര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് പോലീസിനു തിരിച്ചടിയാകുമോ:  വീണ്ടും അനുകൂല തരംഗമുണ്ടാക്കാന്‍ ശ്രമം

ആ രണ്ടു പേര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് പോലീസിനു തിരിച്ചടിയാകുമോ:  വീണ്ടും അനുകൂല തരംഗമുണ്ടാക്കാന്‍ ശ്രമം

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ചവരുടെ കൂട്ടത്തില്‍ കേസിലെ രണ്ടു സാക്ഷികളും ഉള്‍പ്പെട്ടത് അതീവ ഗൗരവതരമെന്ന് പോലീസ്. സംവിധായകന്‍ നാദിര്‍ഷയും നിര്‍മാതാവ് രഞ്ജിത്തും ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

കേസില്‍ ദിലീപിന്റെ കൂടെ ആദ്യം ചോദ്യം ചെയ്യലിനു വിധേയനായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നാദിര്‍ഷ ആദ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങളില്‍ ആശയക്കുഴപ്പമുണ്ടായതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിക്കുന്നത്. അതേസമയം, അറസ്റ്റുണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍, നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണെന്നും മുന്‍കൂര്‍ ജാമ്യം തേടുകയും ചെയ്ത നാദിര്‍ഷ ഇതുവരെ ചോദ്യം ചെയ്യലിനു ഹാജരായിട്ടില്ല.

പള്‍സര്‍ സുനി ഭീഷണിപ്പെടുത്തുകയാണെന്ന ദിലീപിന്റെ പരാതി ഡിജിപിക്കു എത്തിച്ച കൊടുത്തത് രഞ്ജിത്തായിരുന്നു. കേസില്‍ രഞ്ജിത്തിനെയും സാക്ഷി ചേര്‍ത്തിട്ടുണ്ട്. ഇത്രയും സംശയ നിഴലില്‍ നില്‍ക്കുന്ന നാദിര്‍ഷയും രഞ്ജിത്തും ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് കേസിനെ ബാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ ദിലീപുമായി കേസിന്റെ കാര്യമായിരിക്കും സംസാരിച്ചിരിക്കുകയെന്നും പോലീസിനു ഉറപ്പാണ്.

കേസുമായി ബന്ധപ്പെട്ട് ഒരു പഴുതു പോലും നല്‍കാതെയാണ് അന്വേഷണ സംഘം ദിലീപിനെ പൂട്ടിയിരിക്കുന്നതെന്നാണ് സൂചന. അതുകൊണ്ടു തന്നെ കേസന്വേഷണത്തെ ബാധിക്കുന്ന യാതൊരുവിധ ഇടപെടലുകള്‍ക്കോ കൂടിക്കാഴ്ചകള്‍ക്കോ ഇനി അവസരമൊരുക്കാന്‍ പോലീസ് തയാറായേക്കില്ല. ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നവര്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയതും ഇതിന്റെ ഭാഗമാണ്.

അതേസമയം, ചലചിത്ര ലോകത്തോടെ ദിലീപിനെ സന്ദര്‍ശിക്കണമെന്ന് ജയിലിനു മുമ്പില്‍ വെച്ചുതന്നെ പറഞ്ഞ ഗണേഷ് കുമാറിന്റെ പ്രസ്താവന ദിലീപിനു അനുകൂല തരംഗം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും പോലീസിനു സംശയമുണ്ട്.

സിനിമാ താരങ്ങള്‍ ജയിലില്‍ സന്ദര്‍ശനം നടത്തി ദിലീപിനെതിരായ പൊതുബോധം മാറ്റിയെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സിനിമാ മേഖലയിലുള്ളവര്‍ ദിലീപിനെ പിന്തുണയ്ക്കണമെന്ന് ഗണേഷിന്റെ പ്രസ്താവനയോടെ ജയിലിലേക്കു കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ടുള്ള സാക്ഷികള്‍ കൂടുതലും സിനിമാ മേഖലയില്‍ നിന്നുള്ളതിനാല്‍ തന്നെ പുതിയ സാഹചര്യം ഇവരെ സ്വാധീനിച്ചേക്കുമെന്നും ഇത് കേസില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com