സിപിഎം അംഗത്തിന്റെ വോട്ട് അസാധു ; പാലക്കാട് നഗരസഭയില്‍ യുഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2018 11:04 AM  |  

Last Updated: 28th April 2018 11:05 AM  |   A+A-   |  

 

പാലക്കാട് : ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യുഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയത്തിന് സിപിഎം പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതാണ് തിരിച്ചടിയായത്. 

എട്ടംഗങ്ങളുള്ള സമിതിയില്‍ അഞ്ച് അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സിപിഎം സ്വതന്ത്ര സാജിദയുടെ വോട്ടാണ് അസാധുവായത്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന കത്തില്‍ ഒപ്പിടാതിരുന്നതാണ് വോട്ട് അസാധുവാകാന്‍ കാരണം. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ബിജെപിക്ക് മൂന്നും, യുഡിഎഫിന് മൂന്നും സിപിഎമ്മിന് രണ്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്. 

നഗരസഭയിലെ ബിജെപി ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്ന് ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. യുഡിഎഫ് അവിശ്വാസത്തെ സിപിഎം പിന്തുണയ്ക്കുകയായിരുന്നു. നഗരസഭയിലെ 52 അംഗങ്ങളില്‍ ബിജെപിക്ക് 24, യുഡിഎഫിന് 18, എല്‍ഡിഎഫിന് ഒമ്പത്, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.