മഴ കനത്തു ; നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th August 2018 10:36 AM |
Last Updated: 15th August 2018 10:46 AM | A+A A- |

കൊച്ചി: കനത്ത മഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം നാലുദിവസത്തേക്ക് അടച്ചു. ശനിയാഴ്ച ഉച്ചവരെയാണ് പ്രവർത്തനം പൂർണമായും നിർത്തിവെച്ചത്. വിമാനത്താവളത്തിന്റെ റൺവേ വരെ വെള്ളമുയർന്നതിനെ തുടർന്ന് ആദ്യം രാവിലെ ഏഴുവരെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. പിന്നീട് രാവിലെ ആറുമണിക്ക് ചേർന്ന ഉന്നതതലയോഗം പ്രവർത്തനം ഉച്ചവരെ നിർത്തിവെക്കാൻ തീരുമാനിച്ചു.
എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ട് കൂടി തുറന്നുവിട്ടതോടെ, വെള്ളക്കെട്ട് രൂക്ഷമായി. വിമാനത്താവളത്തിന് സമീപത്തെ ചെങ്ങൽ തോട് കരകവിഞ്ഞു. വൻ അടിയൊഴുക്കാണ് തോട്ടിൽ ഉള്ളത്. സമീപത്തെ വീടുകളെല്ലാം വെള്ളം കയറി.
ഇതേത്തുടർന്ന് രാവിലെ 10 ന് ചേർന്ന അവലോകനയോഗം വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിലേക്ക് വന്ന വിമാനങ്ങളെല്ലാം ചെന്നൈയിലേക്കും തിരുവനന്തപുരത്തേക്കും വഴി തിരിച്ചു വിട്ടു.