

പത്തനംതിട്ട : ശബരിമലയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. മണ്ഡലപൂജ അടുത്ത സമയത്ത് യുവതികള്‍ ദര്‍ശനത്തിന് എത്തുന്നതില്‍ സംശയമുണ്ട്. യുവതികളെ പറഞ്ഞുവിടുന്നത് ആരെന്ന് അന്വേഷിക്കണമെന്നും പദ്മകുമാര്‍ ആവശ്യപ്പെട്ടു.
പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് ഇന്ന് മലകയറാനെത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. എന്നാൽ ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇവരെ തിരിച്ചിറക്കി പമ്പയിലെത്തിക്കുകയായിരുന്നു.
തിരികെയിറങ്ങാന്‍ കൂട്ടാക്കാതെ കുത്തിയിരുന്ന യുവതികളെ പൊലീസ് ബലം പ്രയോഗിച്ചാണ് തിരികെയിറക്കിയത്. ക്രമസമാധാന പ്രശ്മുള്ളത് കൊണ്ടാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം പൊലീസ് തിരികെ കൊണ്ടുവരുമെന്ന് ഉറപ്പു നല്‍കിയത് കൊണ്ടാണ് തിരിച്ചിറങ്ങുന്നതെന്ന് യുവതികളില്‍ ഒരാളായ ബിന്ദു പറഞ്ഞു. ദേഹാസ്വസ്ഥ്യം ഉണ്ടായ കനക ദുര്‍ഗ ബോധരഹിതയായി. ഇവര്‍ക്ക് പൊലീസ് പ്രഥമ ശുശ്രൂഷ നല്‍കി.എന്നാല്‍ ആര്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടില്ലെന്നും പൊലീസ് മനപ്പൂര്‍വ്വം ബലംപ്രയോഗിച്ച് താഴെയിറക്കിയതാണെന്നും ബിന്ദു ആരോപിച്ചു.
റസ്റ്റ് റൂമിലേക്ക് എന്നുപറഞ്ഞ് പൊലീസ് തന്ത്രപരമായി മാറ്റാനാണ് ശ്രമിച്ചത്. ഇതിന് മുമ്പ് വന്ന സ്ത്രീകളോടും ഇതുതന്നെയാണ് ചെയ്തത്. പ്രതിഷേധക്കാരെ മാറ്റി തങ്ങള്‍ക്ക് മലകയറാന്‍ വഴിയൊരുക്കണമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. ദര്‍ശനത്തിനെത്തിയ യുവതിയുടെ വീടിന് മുന്നിലും പ്രതിഷേധം അരങ്ങേറി. കനക ദുര്‍ഗ്ഗയുടെ പെരുന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ വീടിന് മുന്നിലും പ്രതിഷേധം നടന്നു.
ഇന്നലെ തമിഴ്നാട്ടിൽ നിന്നുള്ള മനിതി സംഘവും ശബരിമല ദർശനത്തിനെത്തിയിരുന്നു. എന്നാൽ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് ദർശനം നടത്താനാകാതെ തിരിച്ചിറങ്ങേണ്ടി വന്നു. തുടർന്ന് ഇവരുടെ വാഹനത്തിന് നേർക്കും പ്രതിഷേധക്കാർ ആക്രമണം അഴിച്ചുവിട്ടു. 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates