ശബരിമല ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് യുവതികള്‍ ; മണ്ഡല കാലത്ത് ദര്‍ശനം നടത്താനാവില്ലെന്ന് പൊലീസ് 

ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ കനകദുര്‍ഗയും ബിന്ദുവും ഉറച്ചുനില്‍ക്കുന്നു
ശബരിമല ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് യുവതികള്‍ ; മണ്ഡല കാലത്ത് ദര്‍ശനം നടത്താനാവില്ലെന്ന് പൊലീസ് 

കോട്ടയം: ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ കനകദുര്‍ഗയും ബിന്ദുവും ഉറച്ചുനില്‍ക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത ഇരുവരും ഇക്കാര്യം പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ മണ്ഡല കാലത്ത് ദര്‍ശനം നടത്താനാവില്ലെന്ന് പൊലീസ് അറിയിക്കും. ഇക്കാര്യം കോട്ടയം എസ്പി ഇന്ന് യുവതികളെ അറിയിക്കും. 

തിരക്കും സുരക്ഷാ പ്രശ്‌നവും ചൂണ്ടിക്കാട്ടി യുവതികളുടെ ശബരിമല ദര്‍ശന ആവശ്യം തള്ളാനാണ് തീരുമാനം. യാത്ര നീട്ടിവയ്ക്കാന്‍ പൊലീസ് ആവശ്യപ്പെടും. ശബരിമലയില്‍ സമാധാനം പുനഃസ്ഥാപിച്ചതോടെ ഭക്തരുടെ വരവും കൂടിയിരുന്നു. വീണ്ടും സംഘര്‍ഷമുണ്ടാകുന്നത് ഭക്തരുടെ വരവിനെയും, ശബരിമലയിലെ നടവരവിനെയും പ്രതികൂലമായി ബാധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വിലയിരുത്തുന്നു. 

നിലവിലെ സാഹചര്യത്തില്‍ സംഘര്‍ഷമില്ലാതെ ശബരിമല മണ്ഡലകാലം അവസാനിപ്പിക്കാനാണ് സര്‍ക്കാരിനും താല്‍പ്പര്യം. കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ മനിതി സംഘവും ആക്ടിവിസ്റ്റുകളാണെന്ന് വെളിപ്പെട്ടതും സര്‍ക്കാരിന് ക്ഷീണമായിട്ടുണ്ട്. ആക്ടിവിസ്റ്റുകളെ കയറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന സംഘപരിവാറിന്റെ പ്രചാരണങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിലെ നിലപാട്. 

പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമലയില്‍ നിന്നും തിരികെ എത്തിച്ച കനകദുര്‍ഗയെയും ബിന്ദുവിനെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ശബരിമലയിലേക്ക് വീണ്ടും പോകാന്‍ സുരക്ഷ ആവശ്യപ്പെട്ട് ഇരുവരും പൊലീസിന് കത്ത് നല്‍കി. എന്നാല്‍ ശബരിമലയില്‍ പോകുന്നതിന് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. സ്വന്തം ഉത്തരവാദിത്വത്തില്‍  മലകയറണമെന്നും പൊലീസ് ഇവരെ അറിയിക്കുകയായിരുന്നു. 

പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് ഇന്നലെ മലകയറാനെത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. എന്നാൽ 
ചന്ദ്രാനന്ദന്‍ റോഡുവരെയെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ വളയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com