'ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം പിണറായി വിജയനെ ലക്ഷ്യമിട്ട്' ; സിപിഎം ജില്ലാ സമ്മേളനത്തില്‍ യെച്ചൂരിക്ക് വിമര്‍ശനം

യെച്ചൂരിയുടെ മാത്രമല്ല, ചില പിബി അംഗങ്ങളുടെ നിലപാടും ഇക്കാര്യത്തില്‍ സംശയാസ്പദമാണ്
'ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം പിണറായി വിജയനെ ലക്ഷ്യമിട്ട്' ; സിപിഎം ജില്ലാ സമ്മേളനത്തില്‍ യെച്ചൂരിക്ക് വിമര്‍ശനം

തിരുവനന്തപുരം : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നിട്ടിറങ്ങിയത് പിണറായി വിജയനെ ലക്ഷ്യമിട്ടെന്ന് ആരോപണം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. നേമത്ത് നിന്നുള്ള പ്രതിനിധികളാണ് യെച്ചൂരിക്കെതിരെ രംഗത്തുവന്നത്. 

യെച്ചൂരിയുടെ മാത്രമല്ല, ചില പിബി അംഗങ്ങളുടെ നിലപാടും ഇക്കാര്യത്തില്‍ സംശയാസ്പദമാണ്. പിണറായി വിജയന്‍ അടക്കം കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ചീഫ് ജസ്റ്റിസിനെതിരെ ജനറല്‍ സെക്രട്ടറി രംഗത്തുവന്നത്. ഇത് കേസിനെ ബാധിക്കുമെന്നും, കേരളത്തില്‍ നിന്നുള്ള നേതാക്കളെ പ്രതിരോധത്തിലാക്കാനും മാത്രമേ ഉപകരിക്കൂ എന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. 

സിപിഐയെ ഇനിയും ചുമക്കുന്നത് എന്തിനെന്ന് നേതാക്കള്‍ വിശദീകരിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സിപിഎമ്മിനെ നിരന്തരം പ്രതിരോധത്തിലാക്കുന്നതിനാലാണ്, കാനം രാജേന്ദ്രന് ഒരു ചാനല്‍ ന്യൂസ് മേക്കര്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ ഊര്‍ജ്ജം സംഭരിക്കുകയാണെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം ഭൂരിപക്ഷം പ്രതിനിധികളും ആവര്‍ത്തിച്ചു. 

ജില്ലയില്‍ നടന്ന അക്രമങ്ങളില്‍ പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. തങ്ങള്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടില്ല. പക്ഷപാതപരമായി പെരുമാറുന്നത് പൊലീസാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനെ നിയന്ത്രിക്കേണ്ടതില്ലെന്നും, അനാവശ്യമായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ആഭ്യന്തരവകുപ്പിനെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. 

ബിജെപിയും ആര്‍എസ്എസും നേതൃത്വം നല്‍കിയ അക്രമപരമ്പരകളാണ് തിരുവനന്തപുരം ജില്ലയില്‍ അരങ്ങേറിയത്. പാര്‍ടി ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് വരെ അക്രമം ഉണ്ടായി. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം സാജുവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പോലും പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നു. സിപിഎം പ്രവര്‍ത്തകരെ വ്യാപകമായി കേസുകളില്‍ കുടുക്കുകയാണ് പൊലീസ് ചെയ്തതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. 

നേമത്തെ സിപിഎം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ ജില്ലാ നേതാക്കള്‍ക്ക് മാത്രമല്ല, സംസ്ഥാന നേതൃത്വത്തിനും വീഴ്ച പറ്റി. ബിജെിപിക്ക് മുമ്പുണ്ടായിരുന്ന മുന്നേറ്റം ഇപ്പോഴില്ല. പ്രവര്‍ത്തന റിപ്പോര്‍ട്ട് അനാവശ്യ ആശങ്കയാണ് എഴുതി ചേര്‍ത്തതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com