എല്‍ഡിഎഫ് ഭരണം കൊലയാളികള്‍ക്ക് സുവര്‍ണകാലം ; സിബിഐ അന്വേഷണത്തില്‍ നിയമനടപടിയിലേക്ക് : രമേശ് ചെന്നിത്തല

യഥാര്‍ത്ഥ പ്രതികളെയല്ല പിടികൂടിയതെന്ന് ആദ്യം പറഞ്ഞത് കോടിയേരി ബാലകൃഷ്ണനാണ്. പ്രതികളെ താനല്ല, പൊലീസാണ് തീരുമാനിക്കേണ്ടത്
എല്‍ഡിഎഫ് ഭരണം കൊലയാളികള്‍ക്ക് സുവര്‍ണകാലം ; സിബിഐ അന്വേഷണത്തില്‍ നിയമനടപടിയിലേക്ക് : രമേശ് ചെന്നിത്തല

തിരുവനന്തപുരം : എല്‍ഡിഎഫ് ഭരണം കൊലയാളികള്‍ക്ക് സുവര്‍ണകാലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഷുഹൈബ് കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെയല്ല പിടികൂടിയതെന്ന് ആദ്യം പറഞ്ഞത് കോടിയേരി ബാലകൃഷ്ണനാണ്. പ്രതികളെ താനല്ല, പൊലീസാണ് തീരുമാനിക്കേണ്ടത്. കേസില്‍ സിബിഐ അന്വേഷണം ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ നിയമപരമായ വഴി തേടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതിന് പിന്നാലെ, പ്രതിപക്ഷം സിബിഐ അന്വേഷണ ആവശ്യം ഉന്നയിച്ച് പ്രതിഷേധം കടുപ്പിച്ചു. ബാനറുയര്‍ത്തി സ്പീക്കറുടെ മുഖം മറച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. 


പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ നിരസിക്കുകയായിരുന്നു. കേസില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന ഭയം കൊണ്ടാണോ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അന്വേഷണം നടത്തേണ്ട എസ്‌ഐ റെയ്ഡ് നടക്കുമ്പോള്‍ അവധിയില്‍ പോയി. ഇത് അന്വേഷണ സംഘത്തിലെ ആശയക്കുഴപ്പമാണ് കാണിക്കുന്നത്. 

എസ്‌ഐ റെയ്ഡിനെത്തിയാല്‍ പ്രതികള്‍ കുടുങ്ങുമെന്നതിനാലാണ് അവധി എടുപ്പിച്ചത്. ഈ പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇത് പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ്. കേസില്‍ കഴിഞ്ഞ ദിവസം മാത്രമാണ് കൊലയാളികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കണ്ടെടുത്തത്. എന്നാല്‍ ഇതുവരെ ആയുധം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിലെ ഗൂഢാലോചന വെളിച്ചത്തുവരും എന്നതിനാലാണ് മന്ത്രി എ കെ ബാലന്റെ നിലപാട് തള്ളി, മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമപരമായ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com