കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരം ഇന്ന് ;  സിപിഎം കത്തിച്ച സമരപ്പന്തല്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

'കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിലാണ് ബൈപ്പാസിനെതിരെ സമരം ആരംഭിക്കുക
കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരം ഇന്ന് ;  സിപിഎം കത്തിച്ച സമരപ്പന്തല്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

കണ്ണൂര്‍ : കണ്ണൂര്‍ തളിപ്പറമ്പിലെ കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളി കൂട്ടായ്മയുടെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കം. 'കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിലാണ് ബൈപ്പാസിനെതിരെ സമരം ആരംഭിക്കുക. മേധ പട്കര്‍ അടക്കമുള്ള പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കും. സിപിഎം കത്തിച്ച സമരപ്പന്തല്‍ സമരക്കാര്‍ ബഹുജന പിന്തുണയോടെ ഇന്ന് വീണ്ടും ഉയര്‍ത്തും. 

ഭൂവുടമകളുടെ സമ്മതപത്രം പ്ലക്കാര്‍ഡുകളാക്കി സിപിഎം കൊടിനാട്ടിയ കീഴാറ്റൂര്‍ വയലില്‍ത്തന്നെയാണ് പന്തല്‍ പുനഃസ്ഥാപിക്കുക. സിപിഎം കുത്തിയതിന് പകരം, ഭൂമി ഏറ്റെടുക്കലിനെ എതിര്‍ക്കുന്ന ഭൂവുടമകളുടെ പ്ലക്കാര്‍ഡുകള്‍ വയലില്‍ നാട്ടും. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് രണ്ടായിരത്തോളം പേര്‍ കീഴാറ്റൂരിലേക്ക് എത്തുമെന്നാണ് വയല്‍ക്കിളി സമരക്കൂട്ടായ്മയുടെ പ്രതീക്ഷ.

വെള്ളിയാഴ്ച വൈകിയാണ് വയല്‍ക്കിളികളുടെ സമരത്തിന് പൊലീസ് അനുമതി നല്‍കിയത്. മുന്‍പ് വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചതിന് സമാനമായ പ്രകോപനങ്ങള്‍ ഇനി ഉണ്ടാകരുതെന്ന് പ്രവര്‍ത്തകര്‍ക്ക് സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കീഴാറ്റൂരില്‍ പുറത്തുനിന്ന് വരുന്നവരെ പങ്കെടുപ്പിക്കില്ലെന്ന് നേരത്തെ സിപിഎം അഭിപ്രായപ്പെട്ടിരുന്നു. പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉണ്ടെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജാഗ്രത ശക്തമാക്കി. 

അതേസമയം വയല്‍ക്കിളികളുടെ ഇന്നത്തെ സമരം കാണാന്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പോകരുതെന്ന് സിപിഎം അണികള്‍ക്ക് നിര്‍ദേശം നല്‍കി. കീഴാറ്റൂര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ 'വയല്‍കാവല്‍' സമര സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. എന്തെങ്കിലും പ്രശ്‌നമുണ്ടാക്കി വാര്‍ത്താപ്രാധാന്യം കിട്ടാന്‍ വയല്‍ക്കിളികള്‍ ശ്രമിച്ചേക്കാം. സിപിഎം പ്രവര്‍ത്തകര്‍ അതില്‍ വീഴരുത്. വീണു പോയൊരു സമരത്തെ ഉയര്‍ത്തിക്കൊണ്ടുവരാനാണു ബിജെപിയുടെയും ആര്‍എസ്എസിന്റെയും സഹായത്തോടെ ശ്രമിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

അതിനിടെ സിപിഎം സ്ഥാപിച്ച സമരപ്പന്തലില്‍ നാടുകാക്കല്‍ സമരവും ഇന്ന് ശക്തമാക്കും.  വയല്‍ക്കിളികളുയര്‍ത്തുന്ന ആരോപണങ്ങളെ അതേ രീതിയില്‍ത്തന്നെ നേരിടാന്‍ ഒരുങ്ങിയാണ് സിപിഎം നേതൃത്വവും. എലിവേറ്റഡ് ഹൈവേയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കത്തയച്ച സാഹചര്യത്തില്‍ വിഷയത്തിലെ നിലപാട് പ്രഖ്യാപനവും ഇന്നുണ്ടായേക്കും.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com