അക്രമിസംഘത്തിന് കെവിന്റെ താമസസ്ഥലം കാണിച്ചുകൊടുത്തതും പൊലീസ്?; കുരുക്ക് മുറുകുന്നു

പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ താമസസ്ഥലം അക്രമിസംഘത്തെ കാണിച്ചുകൊടുത്തത് പൊലീസെന്ന് സൂചന.
അക്രമിസംഘത്തിന് കെവിന്റെ താമസസ്ഥലം കാണിച്ചുകൊടുത്തതും പൊലീസ്?; കുരുക്ക് മുറുകുന്നു

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ താമസസ്ഥലം അക്രമിസംഘത്തെ കാണിച്ചുകൊടുത്തത് പൊലീസെന്ന് സൂചന. മൂന്നുദിവസം മുന്‍പ് നീനുവിനെ വിവാഹ കഴിച്ച കെവിന് വധുവിന്റെ വീട്ടുകാരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് ബന്ധുവായ അനീഷിന്റെ വീട്ടിലാണ് കെവിന്‍ കഴിഞ്ഞിരുന്നത്. സമാനമായ ഭീഷണി നേരിട്ടിരുന്ന നീനുവിനെ ഹോസ്റ്റലിലാണ് താമസിപ്പിച്ചിരുന്നത്. നീനുവിനെ അന്വേഷിച്ചാണ് ഷാനു ചാക്കോയും സംഘവും കെവിന്‍ താമസിച്ചിരുന്ന വീട്ടില്‍ എത്തിയത്. ഈ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ അക്രമിസംഘത്തിന് കൈമാറിയത് പൊലീസാണ് എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

കെവിന്‍ താമസിച്ചിരുന്ന അനീഷിന്റെ വീട്ടിലുളള സുഹൃത്തുക്കള്‍ പോയവിവരം അക്രമിസംഘത്തെ പൊലീസ് കൃത്യമായി അറിയിച്ചു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോകുന്നതുവരെ പ്രദേശത്ത് പട്രോളിങ് സംഘമുണ്ടായിരുന്നുവെന്നാണ് സൂചനകള്‍. 

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന മൂന്നാമത്തെ വാഹനവും പൊലീസ് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ പുനലൂരില്‍ നിന്നുമാണ് വാഹനം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിവരുകയാണ്. രണ്ടാമത്തെ വാഹനവും സമാനമായ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. വാഗണ്‍ ആറും ഐ ട്വിന്റിയുമാണ് ഈ വാഹനങ്ങള്‍.

അതേസമയം കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ എഎസ്‌ഐ ബിജുവിന്റെയും ഡ്രൈവറുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കെവിനെ തട്ടിക്കൊണ്ടുപോയ കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കാതെ എഎസ്‌ഐ മറച്ചുവെച്ചുവെന്ന് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ കെവിന്റെ ബന്ധു അനീഷിന്റെ വെളിപ്പെടുത്തലുകളും പൊലീസിന്റെ വീഴ്ചകള്‍ വ്യക്തമാക്കുന്നതാണ്. ഈ പശ്ചാത്തലത്തില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വസ്തുതകള്‍ പുറത്തുവരുന്നതിന് ഇരുവരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ ഇവരുടെ പങ്ക് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com