തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രളയദുരിതാശ്വാസത്തിന് എന്തൊക്കെ ചെയ്തു എന്ന എന്ന ചോദ്യത്തിന്, ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കവെയാണ് പ്രതിപക്ഷം ബഹളം വെച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
പ്ലക്കാര്‍ഡും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ശബരിമലയില്‍ ഭക്തരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. വര്‍ഗീയശക്തികള്‍ക്ക് വളരാന്‍ സര്‍ക്കാര്‍ വളം നല്‍കുകയാണ് ചെയ്യുന്നതെന്നും യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. കോണ്‍ഗ്രസ് അംഗങ്ങളായ അന്‍വര്‍ സാദത്തും ഐസി ബാലകൃഷ്ണനും സ്പീക്കറുടെ ഡയസ്സിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. യുഡിഎഫ് അംഗങ്ങള്‍ തന്നെയാണ് ഇത് തടഞ്ഞത്. പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.
ശബരിമലയിലെ ഭക്തര്‍ക്ക് പിന്തുണ അര്‍പ്പിച്ച് പിസി ജോര്‍ജ്ജും, ഒ രാജഗോപാലും കറുത്ത വസ്ത്രം ധരിച്ചാണ് സഭയിലെത്തിയത്. സഭയില്‍ പി സി ജോര്‍ജ്ജിന്റെ ജനപക്ഷവും ബിജെപിയും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്നലെ തീരുമാനമെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് അംഗം റോഷി അഗസ്റ്റിനും കറുത്ത വസ്ത്രം അണിഞ്ഞാണ് സഭയിലെത്തിയത്.
അയോഗ്യത കേസില്‍ സുപ്രിംകോടതി സ്‌റ്റേ അനുവദിച്ചതോടെ, അഴീക്കോട് എംഎല്‍എ കെ എം ഷാജി നിയമസഭയിലെത്തി. കൈയടിയോടെയാണ് പ്രതിപക്ഷം ഷാജിയെ വരവേറ്റത്. സുപ്രിംകോടതി ഉത്തരവിന്റെ പകര്‍പ്പ് സഹിതമുള്ള കത്ത് ഷാജിയുടെ അഭിഭാഷകന്‍ ഇന്നലെ നിയമസഭാ സെക്രട്ടറിക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ഷാജിക്ക് നിയമസഭയില്‍ ഹാജരാകുന്നതിനുള്ള വിലക്ക് നിയമസഭ സെക്രട്ടറി പിന്‍വലിച്ചിരുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates