നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ടു തന്നെയെന്ന് കന്യാസ്ത്രീകള്‍ ; ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ ബിഷപ്പിനെ ക്രൂശിക്കുന്നുവെന്ന് സഭ

ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ജലന്ധര്‍ രൂപത നിഷേധിച്ചു
നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ടു തന്നെയെന്ന് കന്യാസ്ത്രീകള്‍ ; ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ ബിഷപ്പിനെ ക്രൂശിക്കുന്നുവെന്ന് സഭ

കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ നീതി ലഭിക്കും വരെ മുന്നോട്ടുപോകുമെന്ന് സമരരംഗത്തുള്ള കന്യാസ്ത്രീകള്‍ അറിയിച്ചു. നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. മദര്‍ ജനറാളിന്റെ നിലപാടിന് പിന്നില്‍ ബിഷപ്പിന്റെ ഇടപെടലാണ്. കേസില്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. 

ബിഷപ്പിനെതിരായ പരാതിയില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന്
ആവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് കത്തയച്ച സംഭവം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, നീതിക്കായി എല്ലാ വാതിലുകളും മുട്ടുമെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. 

അതിനിടെ ബിഷപ്പിനെതിരായ കേസില്‍ മിഷണറീസ് ഓഫ് ജീസസ് കക്ഷി ചേരും. ഹൈക്കോടതിയിലെ കേസിലാണ് കക്ഷി ചേരുന്നത്. ബിഷപ്പിനെതിരായ പരാതി അടിസ്ഥാന രഹിതമാണെന്ന നിലപാടില്‍ മാറ്റമില്ല. സന്യാസി സമൂഹത്തിനെതിരെ മോശം പ്രചാരണമാണ് നടക്കുന്നത്. ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ക്രൂശിക്കുകയാണെന്നും സഭ അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ജലന്ധര്‍ രൂപത നിഷേധിച്ചു. ബിഷപ്പുമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈ മാസം 13 ന് ബിഷപ്പ് ഫ്രാങ്കോ റോമിലേക്ക്  പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജമാണെന്ന് ജലന്ധര്‍ രൂപത വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com