ലൈംഗിക ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി എഴുത്തുകാരന്‍ പോള്‍ സക്കറിയ. കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കല്‍ നീതിന്യായവ്യവസ്ഥയുടെ മുമ്പില്‍ മറ്റൊരു പൗരന്‍ മാത്രമാണെന്ന വസ്തുതയില്‍ വെള്ളം ചേര്‍ക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. കന്യാസ്ത്രീയ്ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തോലിക്കാ പൗരോഹിത്യത്തിലെ ലൈംഗികതാപ്രതിസന്ധിയിലേക്ക് മാര്‍പ്പാപ്പ തന്നെ ഉത്തരം തേടി നേരിട്ടിറങ്ങി പുറപ്പെട്ടിരിക്കുന്നു എന്നിരിക്കെ ഇന്ത്യന്‍ സഭ ഒരു നിഷേധമനോഭാവത്തിലേക്ക് ഒളിച്ചോടാതെ, ആത്മപരിശോധനയ്ക്കും തിരുത്തിനും തയ്യാറാകണമെന്നും സക്കറിയ പറഞ്ഞു. സന്യാസിനീസഹോദരിമാരുടെ നീതിക്കുവേണ്ടിയുള്ള ഈ സമരം കോര്‍പ്പറേറ്റ് ജീവിതത്തില്‍ കുരുങ്ങി കിടക്കുന്ന കേരളകത്തോലിക്കാ സഭയ്ക്ക് നല്‍കപ്പെടുന്ന ഒരു ഗുരുതരമായ മുന്നറിയിപ്പാണിതെന്നും തിരുത്താന്‍ സഭ തയാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
പോള്‍ സക്കറിയയുടെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
കന്യാസ്ത്രികളുടെ സമരത്തിനൊപ്പം
കന്യാസ്ത്രികളുടെ സമരത്തോട് ഒരു എഴുത്തുകാരനെന്ന നിലയിലും ഒരു പൗരനെന്ന നിലയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇരയാക്കപ്പെട്ട കന്യാസ്ത്രിയ്ക്ക് ഏറ്റവും വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഒരു സ്ത്രീക്ക് ലഭിക്കേണ്ട നിയമപരമായ എല്ലാ മുന്‍ഗണനയും, പ്രത്യേകിച്ച് സുരക്ഷയും, അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ മുമ്പില്‍ മറ്റൊരു പൗരന്‍ മാത്രമാണ് എന്ന വസ്തുതയില്‍ വെള്ളം ചേര്‍ക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കലുമാണ്. മറ്റേത് പൗരനെയും പോലെ ഫ്രാങ്കോ മുളക്കലും നിയമത്തിന് കീഴ്‌വഴങ്ങുന്നുവെന്ന് സംശയാതീതമായി ഉറപ്പുവരുത്താനുള്ള ചുമതല സര്‍ക്കാരിനുണ്ട്. കത്തോലിക്കാ പൗരോഹിത്യത്തിലെ ലൈംഗികതാപ്രതിസന്ധിയിലേക്ക് മാര്‍പ്പാപ്പ തന്നെ ഉത്തരം തേടി നേരിട്ടിറങ്ങി പുറപ്പെട്ടിരിക്കുന്നു എന്നിരിക്കെ ഇന്ത്യന്‍ സഭ ഒരു നിഷേധമനോഭാവത്തിലേക്ക് ഒളിച്ചോടാതെ, ആത്മപരിശോധനയ്ക്കും തിരുത്തിനും തയ്യാറാകണം. സന്യാസിനീസഹോദരിമാരുടെ നീതിക്കുവേണ്ടിയുള്ള ഈ സമരം കോര്‍പ്പറേറ്റ് ജീവിതത്തില്‍ കുരുങ്ങി കിടക്കുന്ന കേരളകത്തോലിക്കാ സഭയ്ക്ക് നല്‍കപ്പെടുന്ന ഒരു ഗുരുതരമായ മുന്നറിയിപ്പാണ്. അതിന്റെ അര്‍ത്ഥതലങ്ങള്‍ മനസിലാക്കി സ്വയം അഭിമുഖീകരിക്കാനും തിരുത്താനും സഭയ്ക്ക് ഒരുപക്ഷെ ഇനിയും സമയമുണ്ട്. യുദ്ധക്കളത്തിലെ കന്യാസ്ത്രി സഹോദരിമാര്‍ക്ക് എന്റെ എളിയ അഭിവാദ്യങ്ങള്‍!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates