ബിഷപ്പിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍ ; ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു, അറസ്റ്റിന് സാധ്യത 

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നു എന്നതുകൊണ്ട് അറസ്റ്റിന് നിയമതടസ്സമില്ലെന്ന് ഡിജിപി
ബിഷപ്പിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍ ; ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു, അറസ്റ്റിന് സാധ്യത 


കൊച്ചി : കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. ബിഷപ്പിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇന്ന് വൈകീട്ടോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു. ബിഷപ്പിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം. 

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക് സെല്ലിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നു എന്നതുകൊണ്ട് അറസ്റ്റിന് നിയമതടസ്സമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അന്വേഷണസംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീരുമാനമെടുക്കും. അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ഏഴുമണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ അന്വേഷണസംഘം ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ വിശകലനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിന്റെ മൊഴികള്‍ സ്ഥിരീകരിക്കുന്നതിനും പൊരുത്തക്കേടുകള്‍ തുറന്നുകാട്ടുന്നതിനുമാണ്  അന്വേഷണസംഘത്തിന്റെ ശ്രമം. താന്‍ കുറ്റക്കാരനല്ലെന്നാണ് ബിഷപ് ഇന്നലെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. 

വ്യക്തിവിരോധം തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കന്യാസ്ത്രീയുടെ  പരാതിയെന്നും ബിഷപ് അറിയിച്ചു. തനിക്ക് അനുകൂലമായ തെളിവുകള്‍ ബിഷപ്  അന്വേഷണസംഘത്തിന് മുന്നില്‍വച്ചിരുന്നു.  ഇവയും അന്വേഷണസംഘം വിശകലനം ചെയ്തിട്ടുണ്ട്. അന്വേഷണ സംഘം 150ലേറെ ചോദ്യങ്ങളാണു ഇന്നലെ ബിഷപ്പിനോടു ചോദിച്ചത്. കന്യാസ്ത്രീക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്ക് അടിസ്ഥാനമെന്ന് ബിഷപ് അന്വേഷണ സംഘത്തിനു മുന്നില്‍ ആവര്‍ത്തിച്ചു. കന്യാസ്ത്രീ പരാതിയിൽ പറയുന്ന ദിവസങ്ങളിൽ കുറവിലങ്ങാട് മഠത്തിൽ താമസിച്ചിട്ടില്ലെന്നുമാണ് ബിഷപ്പ് പൊലീസിന് മുന്നിൽ വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com