മതം സ്ത്രീകളെ മാറ്റിനിര്‍ത്താനുള്ള മറയാകരുത് ; സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തലിന് തുല്യമെന്ന് സുപ്രിംകോടതി

സ്ത്രീ ഒരു കാരണവശാലും പുരുഷന് മുകളിലുമല്ല, താഴെയുമല്ല. സ്ത്രീയും പുരുഷനും തുല്യരാണ്
മതം സ്ത്രീകളെ മാറ്റിനിര്‍ത്താനുള്ള മറയാകരുത് ; സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തലിന് തുല്യമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി : ശബരിമലയില്‍ ആര്‍ത്തവത്തിന്റെ പേരില്‍ യൗവനയുക്തകളായ സ്ത്രീകളെ വിലക്കുന്നതിനെ വിധി ന്യായത്തില്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് വിമര്‍ശിച്ചു. 10-നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധിക്കാനുള്ള അവകാശം നിഷേധിച്ചിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞു.  എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണം. സ്ത്രീ ഒരു കാരണവശാലും പുരുഷന് മുകളിലുമല്ല, താഴെയുമല്ല. സ്ത്രീയും പുരുഷനും തുല്യരാണ്. വിവേചനം കൊണ്ടുവരാനുള്ള ശ്രമം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. 

മതം സ്ത്രീകളെ മാറ്റിനിര്‍ത്താനുള്ള മറയാകരുതെന്ന്, സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. മതങ്ങള്‍ക്ക് ആചാരങ്ങളാകാം. ക്ഷേത്രങ്ങള്‍ക്ക് പ്രവേശനത്തിന് പ്രത്യേകം ചട്ടങ്ങളും രീതികളുമാകാം. എന്നാല്‍ രാജ്യത്ത് ഒരു ഭരണഘടനയുണ്ട്. ഏത് ചട്ടങ്ങളും അതിനോട് യോജിച്ചുപോകുന്നതാകണം. അങ്ങനെയുള്ള ആചാരങ്ങളും രീതികളും മാത്രമേ നിലനില്‍്കയുള്ളൂ എന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. 

ആര്‍ത്തവം എന്നത് സ്ത്രീകളുടെ ജൈവിക സവിശേഷതയാണ്. ഇതിന്റെ പേരില്‍ വിവേചനം നടത്തുന്നത് അംഗീകരിക്കാനാകില്ല. ഒരു ജൈവിക സവിശേഷത വിവേചനത്തിന് അടിസ്ഥാനമാക്കുന്നത് ഭരണഘടനാപരമായ ലംഘനമാണെന്ന് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അഭിപ്രായപ്പെട്ടു. 41 ദിവസത്തെ വ്രതം എടുത്താണ് വരേണ്ടത് എന്നാണ് ശബരിമലയിലെ ആചാരം. ആര്‍ത്തവം ഉള്ളതിനാല്‍ 41 ദിവസത്തെ വ്രതം എടുക്കാനാകില്ലെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. സ്ത്രീകളെ ദുര്‍ബലരും താഴേക്കിടയിലുമുള്ളവരുമായി കണക്കാക്കുന്നതുകൊണ്ടാണ്, 41 ദിവസത്തെ വ്രതം അത് കഠിനമായാലും ലളിതമായാലും ആര്‍ത്തവത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും വിധിപ്രസ്താവത്തില്‍ നരിമാന്‍ പറഞ്ഞു. 

ഭക്തിയില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ലിംഗ വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിക്കുന്നതാണ്. സ്തീകളെ ഒരു തരത്തിലും പുരുഷന്മാരുടെ കീഴെയായി കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് തരംതാഴ്ത്തുന്നതിന് തുല്യമാണ്. ശാരീരികവും ജൈവികവുമായ കാരണങ്ങള്‍ വിവേചനത്തിന് കാരണമാകരുതെന്നും കോടതി നിരീക്ഷിച്ചു. അയ്യപ്പ ഭക്തര്‍ എന്നത് പ്രത്യേക ഗണമല്ല. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് കോടതി റദ്ദാക്കി. 

ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാരുടെ അഭിപ്രായത്തോട്, ബെഞ്ചിലെ ഏക വനിതാ ജഡ്ജിമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ചു. ചില പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് മതത്തിന്റെ, ആചാരത്തിന്റെ രീതിയാണ്. അതില്‍ കോടതി ഇടപെടേണ്ടതില്ല. അത് മതങ്ങള്‍ക്കും തന്ത്രി അടക്കമുള്ളവര്‍ക്ക് വിടേണ്ടതാണെന്ന് വിയോജനക്കുറിപ്പില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com