സിപിഎം നേതാവിന്റെ കൊലപാതകം : നാല് പ്രതികൾ പിടിയിൽ

പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൊലപ്പെടുത്തിയത്
കൊല്ലപ്പെട്ട പി ബി സന്ദീപ് കുമാര്‍
കൊല്ലപ്പെട്ട പി ബി സന്ദീപ് കുമാര്‍

പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം നേതാവ് സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ നാല് പ്രതികൾ പിടിയിലായി. തിരുവല്ല സ്വദേശികളായ ജിഷ്ണു, നന്ദു, ചങ്ങനാശ്ശേരി സ്വദേശി പ്രമോദ്, കണ്ണൂർ സ്വദേശി ഫൈസൽ ( ജിനാസ്) എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ കരുവാറ്റയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പ്രതികളെ തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അഞ്ചു പ്രതികളാണ് അക്രമിസംഘത്തിൽ ഉൾപ്പെട്ടതെന്ന് പൊലീസ് സൂചിപ്പിച്ചു. മറ്റൊരു പ്രതിയായ വേങ്ങൽ സ്വദേശി അഭിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. വ്യക്തിവൈരാ​ഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. 

പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൊലപ്പെടുത്തിയത്.  നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ അക്രമി സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. 

കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചു. നിലതെറ്റി റോഡിൽ വീണ് എഴുന്നേൽക്കുന്നതിനിടെ  കുത്തിവീഴ്‌ത്തി. നെഞ്ചത്തും പുറത്തുമായി  നിരവധി  കുത്തേറ്റു. കൈയ്‌ക്കും കാലിനും  വെട്ടുമുണ്ട്‌.  കരച്ചിൽ കേട്ട്‌ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. 

തിരുവല്ലയിൽ ഹർത്താൽ

രാഷ്‌ട്രീയ സംഘർഷം തീരെയില്ലാത്ത  പ്രദേശത്താണ്  ആസൂത്രിത ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.  സന്ദീപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. തിരുവല്ല നഗരസഭ, നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തിലുമാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആചരിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com