തിരുവല്ലയിൽ സിപിഎം ഹർത്താൽ ആരംഭിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 06:17 AM  |  

Last Updated: 03rd December 2021 06:17 AM  |   A+A-   |  

harthal in alappuzha

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. തിരുവല്ല നഗരസഭ, നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തിലുമാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആചരിക്കുക. 

ഇന്നലെ രാത്രി എട്ടോടെ വീടിന്‌ അടുത്ത്‌ ചാത്തങ്കേരി എസ്എൻഡിപി ഹൈസ്കൂളിന് സമീപത്തെ കലുങ്കിനടുത്തുവെച്ചായിരുന്നു ആക്രമണം. 
സന്ദീപ് വീട്ടിലേക്ക്‌ ബൈക്കിൽ പോകുമ്പോൾ രണ്ട്‌ ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയിൽ തടഞ്ഞാണ് ആക്രമിച്ചത്. നിലതെറ്റി റോഡിൽ വീണ് എഴുന്നേൽക്കുന്നതിനിടെ  കുത്തിവീഴ്‌ത്തി. 

നെഞ്ചത്തും പുറത്തുമായി  നിരവധി  കുത്തേറ്റു. കൈയ്‌ക്കും കാലിനും  വെട്ടുമുണ്ട്‌.  കരച്ചിൽ കേട്ട്‌ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. രാഷ്‌ട്രീയ സംഘർഷം തീരെയില്ലാത്ത  പ്രദേശത്താണ്  ആസൂത്രിത ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.