'പെരിയയിലേത് രാഷ്ട്രീയക്കൊല', ശരത് ലാലിന് യുവാക്കള്‍ക്കിടയിലെ സ്വാധീനം അവസാനിപ്പിക്കുക ലക്ഷ്യം; 24 പേരെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd December 2021 07:46 PM |
Last Updated: 03rd December 2021 07:46 PM | A+A A- |

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ കുറ്റപത്രം നല്‍കി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം നല്‍കിയത്. പെരിയ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈര്യമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. മുന്‍ ഉദുമ എംഎല്‍എയും പാര്‍ട്ടി കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനും പ്രതി പട്ടികയിലുണ്ട്. കൊലപാതകം, ഗൂഡാലോചന, സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍, ആയുധ നിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 19 പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റവും ഗൂഡാലോചനാ കുറ്റവും ചുമത്തി. അഞ്ചു പേര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനുമാണ് കേസ്.
ശരത് ലാലിന് യുവാക്കള്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതിന് ശേഷമാണ് ഗൂഡാലോചന തുടങ്ങുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. രണ്ടാം പ്രതി സജി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി എന്നതാണ് കുഞ്ഞിരാമനെതിരെ നിലവില്‍ സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ട കേസ് രാഷ്ട്രീയ കൊലപാതകമാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
2019 ഫെബ്രുവരി 17 നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.