അടിവസ്ത്രവും മൊബൈലും അടക്കം പൊതിഞ്ഞുവെക്കും, മോഷണത്തിന് ഇറങ്ങുന്നത് ന​ഗ്നനായി; നാട്ടുകാരുടെ തന്ത്രത്തിൽ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2021 08:50 AM  |  

Last Updated: 08th December 2021 08:50 AM  |   A+A-   |  

alappuzha  thief arrested

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ; ന​ഗ്നനായി വീടുകളിൽ മോഷണം നടത്തുന്ന യുവാവിനെ നാട്ടുകാർ കുടുക്കി. തകഴി ചെക്കിടിക്കാട് പതിനഞ്ചിൽ സോജനാണ് (36) പിടിയിലായത്. വസ്ത്രങ്ങളും സാധനങ്ങളും ഉൾപ്പടെയുള്ളവ പൊതിഞ്ഞുവച്ചാണ് ഇയാൾ മോഷണത്തിന് ഇറങ്ങാറുള്ളത്. ഈ തുണിക്കെട്ട് നാട്ടുകാർ കണ്ടെത്തിയതാണ് ആളെ പിടിക്കാൻ സഹായമായത്. 

ഓട്ടോ പാർക് ചെയ്ത് മോഷണത്തിന് ഇറങ്ങും

തിങ്കൾ രാത്രി 9.30ന് തലവടി മുരിക്കോലി മുട്ടിനു സമീപത്തെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് സോജൻ ഓടി രക്ഷപ്പെട്ടു. പച്ച ജംക്‌ഷനിലെ ഓട്ടോ ഡ്രൈവറായ സോജൻ ഓട്ടോ പാർക്ക് ചെയ്ത ശേഷമാണ് മോഷണത്തിന് ഇറങ്ങിയത്. തന്റെ മൊബൈൽ ഫോൺ, തിരിച്ചറിയൽ കാർഡ് അടങ്ങുന്ന പഴ്സ്, അടിവസ്ത്രം ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ എന്നിവ പൊതിഞ്ഞ് ഒരു വീടിനു സമീപത്ത് വച്ചിട്ടാണ് മോഷണത്തിന് ഇറങ്ങിയത്. 

തുണിക്കെട്ട് കണ്ടെത്തി ഭാര്യയെ വിളിച്ചു

കള്ളനു വേണ്ടിയുള്ള തിരച്ചിലിന് ഇടയിലാണ് ഈ തുണിക്കെട്ട് നാട്ടുകാർ കണ്ടെത്തുന്നത്. തുടർന്നു സ്ഥലവാസികൾ സോജന്റെ മൊബൈൽ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചു. ഫോൺ വഴിയിൽ നിന്ന് കിട്ടിയതാണ് എന്ന് പറഞ്ഞാണ് സംസാരിച്ചത്. സ്ഥലം അന്വേഷിച്ചറിഞ്ഞ ശേഷം കണ്ടെടുത്ത സാധനങ്ങൾ എടത്വ പൊലീസിന് കൈമാറി. ഇന്നലെ രാവിലെ പച്ച ജംക്‌ഷനു സമീപത്തു വച്ച് സോജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സമാന രീതിയിൽ ആറോളം മോഷണ കേസുകളിൽ സോജൻ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.