ഗവര്‍ണറുടെ ശ്രമം മാധ്യമശ്രദ്ധ കിട്ടാന്‍; ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ നിര്‍ബന്ധിക്കരുത് ; രൂക്ഷ വിമര്‍ശനവുമായി കാനം

രഹസ്യമാക്കേണ്ട കത്തിടപാടുകള്‍ ഗവര്‍ണര്‍ പരസ്യമാക്കി. ആശയവിനിമയങ്ങളിലെ മാന്യത ഗവര്‍ണര്‍ ലംഘിച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: ഗവര്‍ണര്‍ ആറിഫ് മുഹമ്മദ് ഖാനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമശ്രദ്ധ നേടാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ ഇടതുമുന്നണി ആലോചിച്ചിട്ടില്ല. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറെ ചാന്‍സലറാക്കുന്നത്. അതു വേണ്ടെന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യം നിയമസഭയ്ക്ക് എപ്പോഴും ഉണ്ട്. എന്നാല്‍ അതിനു സര്‍ക്കാരിനെ നിര്‍ബന്ധിക്കരുതെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മാന്യത ഗവര്‍ണര്‍ ലംഘിച്ചു

മാധ്യമ ശ്രദ്ധ കിട്ടാന്‍ പ്രസംഗിക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്. ആദ്യമായല്ല സര്‍ക്കാരും ഗവര്‍ണറും ആശയ വിനിമയം നടത്തുന്നത്. രഹസ്യമാക്കേണ്ട കത്തിടപാടുകള്‍ ഗവര്‍ണര്‍ പരസ്യമാക്കി. ആശയവിനിമയങ്ങളിലെ മാന്യത ഗവര്‍ണര്‍ ലംഘിച്ചു. അത് ലംഘിക്കപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിക്കു പരസ്യമായി മറുപടി പറയേണ്ടി വന്നത്. ഗവര്‍ണര്‍ക്കു സംശയം ഉണ്ടായാല്‍ സര്‍ക്കാര്‍ വിശദീകരണത്തോടെ അത് അവസാനിക്കും. കഴിഞ്ഞ കാലത്തെ അനുഭവം അങ്ങനെയാണ്. 

അപ്പോള്‍ നമുക്ക് നോക്കാം

വിസി നിയമനത്തിന് യുജിസിയുടെ മാനദണ്ഡം ഉണ്ട്. അതുപ്രകാരം വിസിയെ നിയമിക്കുന്നതിനായി സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കണം. അവര് കൊണ്ടു വരുന്ന പേരുകള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണം. സര്‍ക്കാര്‍ ഇതില്‍ ഒന്നും ചെയ്യുന്നില്ല. ഗവര്‍ണര്‍ നിയമിച്ച ആളുകളെക്കുറിച്ചാണ് അദ്ദഹം ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. സര്‍വകലാശാലകളിലെ സെനറ്റും സിന്‍ഡിക്കേറ്റും തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ്. അത് ഓട്ടോണമസ് ബോഡിയാണ്. അവര്‍ക്കു തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. അതില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ കോടതി ചൂണ്ടിക്കാണിക്കട്ടെ, അപ്പോള്‍ നമുക്ക് നോക്കാം. 

വിമര്‍ശനം ഉന്നയിച്ചിട്ട് എവിടെ എത്തി ?

ഗവര്‍ണര്‍ പദവി അനാവശ്യ ആര്‍ഭാടമാണ് എന്ന് അഭിപ്രായമുള്ള പാര്‍ട്ടിയുടെ പ്രതിനിധിയാണ് താന്‍.  ഗവര്‍ണറുടെ ചെയ്തികള്‍ എങ്ങനെയാകും എന്നു പാര്‍ട്ടി മുന്‍കൂട്ടി കാണുന്നുണ്ട്. പൗരത്വ വിഷയത്തിലും കാര്‍ഷിക നിയമത്തിന്റെ കാര്യത്തിലും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചിട്ട് എവിടെ എത്തിയെന്നും കാനം ചോദിച്ചു. ഗവര്‍ണര്‍ക്ക് അധികാരങ്ങള്‍ ഇല്ലെന്നു പറഞ്ഞിട്ടില്ലെന്ന് കാനം പറഞ്ഞു. ഉണ്ടെങ്കില്‍ അദ്ദേഹം പറയട്ടെ. 

മുഖ്യമന്ത്രി മറ്റൊരു ഭരണഘടനാസ്ഥാപനം

ഭരണഘടനാ സ്ഥാപനമായ ഗവര്‍ണര്‍ ബാഹ്യ സമ്മര്‍ദത്തിനു വഴങ്ങി ചെയ്തു എന്നു പറഞ്ഞാല്‍ അത് വലിയ ആക്ഷേപമല്ലേ എന്നും കാനം ചോദിച്ചു. താന്‍ അങ്ങനെ പറയില്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞല്ലോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, മുഖ്യമന്ത്രി മറ്റൊരു ഭരണഘടനാ സ്ഥാപനമല്ലേ, അവര്‍ക്ക് ആകാം എന്നായിരുന്നു കാനത്തിന്റെ മറുപടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com