

കൊച്ചി: പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടും കയ്യിലിരിപ്പും കൊണ്ടുമാത്രം നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നഷ്ടമായതായി സിപിഎം എറണാകുളം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍. തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ സീറ്റുകള്‍ പാര്‍ട്ടി ഉറപ്പിച്ചിരുന്നതാണ്. ജയിക്കാനുള്ള എല്ലാ സാഹചര്യവും അവിടെ ഉണ്ടായിരുന്നു.
ഉറപ്പായും ജയിക്കാമായിരുന്ന സാഹചര്യം അവിടെ ഉണ്ടായിരുന്നു. അയ്യായിരം വോട്ടിന് മുകളില്‍ ജയിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ നേതാക്കള്‍ പ്രവര്‍ത്തനരംഗത്തു നിന്നും വിട്ടുനിന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇത് ഘടകകക്ഷികളില്‍ നിന്നും പ്രതിഷേധത്തിന് ഇടയാക്കി. ഘടകകക്ഷികളില്‍ നിന്നും തെരഞ്ഞെടുപ്പിന് പണം വാങ്ങിയെന്ന ആരോപണവും ഉയര്‍ന്നു.
സംഘടനാ കീഴ് വഴക്കങ്ങള്‍ക്ക് നിരക്കാത്ത രീതിയിലാണ് മുതിര്‍ന്ന നേതാക്കള്‍ പോലും പെരുമാറിയത്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഇല്ലായ്മ മൂലം കയ്യിലെത്തിയ സീറ്റുകള്‍ നഷ്ടപ്പെടുത്തി. അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞു. കളമശ്ശേരി, കുന്നത്തുനാട് സീറ്റുകള്‍ പിടിക്കാനായത് നേട്ടമായി. പെരുമ്പാവൂരും തൃപ്പൂണിത്തുറയും കൂടി വിജയിച്ചിരുന്നെങ്കില്‍ ഏഴു സീറ്റിന്റെ അഭിമാനകരമായ നേട്ടമുണ്ടാകുമായിരുന്നു.
പാര്‍ട്ടി ജില്ലയില്‍ പിന്നോട്ടുപോയില്ല
മുന്നോട്ടുപോയില്ലെങ്കിലും പാര്‍ട്ടി ജില്ലയില്‍ പിന്നോട്ടുപോയില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ പിടിക്കാനായത് വലിയ നേട്ടമാണ്. ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും പത്തുവര്‍ഷത്തിന് ശേഷം ഭരണത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞു. അരശതമാനം വോട്ടിന്റെ വര്‍ധന ഉണ്ടാക്കാന്‍ സാധിച്ചതായും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ഇന്നലെ 13 പേരാണ് പങ്കെടുത്തത്. ചര്‍ച്ച ഇന്നും തുടരും. വൈകീട്ട് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. തുടര്‍ന്ന് സംസ്ഥാന നേതാക്കളുടെ വിലയിരുത്തലും ഉണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates