ഒമൈക്രോണ്‍ ഭീഷണി: കേന്ദ്രസംഘം കേരളത്തിലേക്ക്

വാക്‌സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസംഘം കേരളത്തിലേക്ക്. രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ കേരളം അടക്കം 10 സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘമെത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

 പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. കോവിഡ് വ്യാപനം വര്‍ധിച്ചതും, ഒമൈക്രോണ്‍ കൂടുതല്‍ സ്ഥിരീകരിച്ചതുമായ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. വാക്‌സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തും.

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മിസോറാം, കര്‍ണാടക, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് വിദഗ്ധസംഘമെത്തുക. 

ഒമൈക്രോണ്‍ വ്യാപനം ഏറുന്നു

രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം വര്‍ധിക്കുകയാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 400 കടന്നു. ഇന്ത്യയില്‍ ഇതുവരെ 415 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതരുള്ളത്. 108 പേര്‍. ഡല്‍ഹിയില്‍ 79 ഉം ഗുജറാത്തില്‍ 43 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തെലങ്കാനയില്‍ 38, കേരളം 37, തമിഴ്‌നാട് 34, കര്‍ണാടക 31, രാജസ്ഥാന്‍ 22, ഹരിയാന, ആന്ധ്രപ്രദേശ്, ഒഡീഷ നാലുവീതം, പശ്ചിമബംഗാള്‍, ജമ്മുകശ്മീര്‍ മൂന്നു വീതം, ഉത്തര്‍പ്രദേശ് രണ്ടുപേര്‍ എന്നിങ്ങനെയാണ് ഒമൈക്രോണ്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 

ഇന്നലെ 7189 പേര്‍ക്ക് കോവിഡ്

ഉത്തരാഖണ്ഡ്, കേന്ദ്രഭരണപ്രദേശങ്ങളായ ലഡാക്ക്, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ ഓരോ ആളുകളിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ ബാധ കണ്ടെത്തിയിട്ടില്ല. രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരില്‍ 115 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ, 7189 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 387 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 77,516പേരാണ്. 7286 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. അതീവജാഗ്രത തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com