യുവാക്കൾ തമ്മിൽ പക; തിരുവനന്തപുരത്ത് വീടുകയറി ആക്രമണം; 14 പേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2021 08:38 PM  |  

Last Updated: 26th December 2021 08:38 PM  |   A+A-   |  

attack

ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: യുവാക്കൾ തമ്മിലുള്ള പകയെ തുടർന്ന് തിരുവനന്തപുരത്ത് വീടുകയറി ആക്രമണം. ആറ്റിങ്ങൽ വെള്ളല്ലൂരിലാണ് സംഭവം. രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അതിക്രമം. 

സൂരജ്, വിഷ്ണു എന്നീ യുവാക്കൾ തമ്മിലുണ്ടായ അടിപിടിയാണ് വീട്ടിൽ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്. ആക്രമണവുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നഗരൂർ സ്വദേശികളായ സൂരജും വിഷ്ണും തമ്മിൽ വർഷങ്ങളായി ശത്രുതയുണ്ട്. ഇവർ തമ്മിൽ നേരത്തെ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇന്നലെ വൈകീട്ട് വിഷ്ണുവും സുഹൃത്ത് ലതീഷുമായി സൂരജിൻറെ സുഹൃത്തായ അഫ്സലിൻറെ വീടിന് മുന്നിലൂടെ ബൈക്കിൽ പോവുകയായിരുന്നു. സൂരജും അപ്പോൾ ഈ വീട്ടിലുണ്ടായിരുന്നു. സൂരജും അഫ്സലും ചേർന്ന് വിഷ്ണുവിനോട് തട്ടികയറിയും ഒടുവിൽ കൈയാങ്കളിലെത്തുകയും ചെയ്തു. മർദ്ദനത്തിൽ വിഷ്ണുവിന് സാരമായി പരിക്കേറ്റു. വിഷ്ണുവിനെ മ‍ർദ്ദിക്കുന്നതായി അറിഞ്ഞ് എട്ട് സുഹൃത്തുക്കൾ സ്ഥലത്തെത്തി.

വിഷ്ണുവിൻറെ സുഹൃത്തുക്കളെത്തിയപ്പോൾ അഫ്സലും സൂരജും വീട്ടിലേക്ക് ഓടികയറി. അക്രമി സംഘം വീട്ടിൽ കയറി സൂരജിനെയും അഫ്സലിനെയും അടിച്ചു. അതിനിടെ വീട്ടിലുണ്ടായിരുന്നു സ്ത്രീകൾക്കും മർദ്ദനമേറ്റു. രണ്ട് സംഭവങ്ങളിലുമായി 14 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കൂട്ടത്തല്ലിൽ പ്രതികൾക്കെല്ലാം പരിക്കുകളുണ്ട്.