കളിക്കുന്നതിനിടെ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയിൽ വീണു; എട്ട് വയസുകാരന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2021 08:27 AM  |  

Last Updated: 27th December 2021 08:27 AM  |   A+A-   |  

8years_old_boy

പോൾവിൻ

 

കോട്ടയം: ശോചനീയാവസ്ഥയിലായിരുന്ന വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. പാലയ്ക്ക് സമീപം ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിൻസിന്റെ മകൻ പോൾവിൻ (എട്ട്) ആണ് മരിച്ചത്. 

ശനിയാഴ്ച രാവിലെ 10.45നായിരുന്നു അപകടം. ശോച്യാവസ്ഥയിലായിരുന്ന വിറകുപുരയോടു ചേർന്ന് കുട്ടികൾ കളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരങ്ങൾ ഓടിമാറി.

കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ഭിത്തിക്കടിയിൽ നിന്ന് കുട്ടിയെ എടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: റോസിലി, സഹോദരങ്ങൾ: അശ്വിൻ, എഡ്‌വിൻ.