കിഴക്കമ്പലം അക്രമം: 162 പേര്‍ അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍; വളഞ്ഞിട്ട് ആക്രമിച്ച് സിഐയെ കൊല്ലാന്‍ ശ്രമിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

സംഘര്‍ഷത്തെക്കുറിച്ച് അറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
അക്രമികൾ അ​ഗ്നിക്കിരയാക്കിയ പൊലീസ് ജീപ്പ്
അക്രമികൾ അ​ഗ്നിക്കിരയാക്കിയ പൊലീസ് ജീപ്പ്


കൊച്ചി : കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികളായ ഇതരസംസ്ഥാനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരുടെയെല്ലാം അറസ്റ്റ് രേഖപ്പെടുത്തി. 106 പേരുടെ അറസ്റ്റാണ് രാവിലെ രേഖപ്പെടുത്തിയത്. ഇതോടെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 162 ആയി. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 

അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 50 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. 50 ഓളം പേര്‍ ചേര്‍ന്നാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കമുള്ളവരെ കൊല്ലാന്‍ ശ്രമിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷം തടയാന്‍ എത്തിയവരെ കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശം. 

എസ്എച്ച്ഒ ഷാജനെ വധിക്കാന്‍ ശ്രമിച്ചു

പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. പ്രതികള്‍ കല്ലും മരവടിയും ഉപയോഗിച്ച് എസ്എച്ച്ഒ വി പി ഷാജനെ വധിക്കാന്‍ ശ്രമിച്ചു. സംഘം ചേര്‍ന്നായിരുന്നു ആക്രമണം. സംഘര്‍ഷത്തെക്കുറിച്ച് അറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസിനെ ഇവര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  പ്രതികളെ വിയ്യൂര്‍, കാക്കനാട്, മൂവാറ്റുപുഴ ജയിലുകളിലേക്ക് അയക്കാനാണ് പൊലീസ് ആലോചിക്കുന്നത്. 

അക്രമ സംഭവം നടക്കുന്ന സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്നവരും അവരുടെ മൊബൈലുകളില്‍ ദൃശ്യങ്ങളെടുത്തിരുന്നു. ഇതും പൊലീസ് പരിശോധിക്കും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. അക്രമത്തില്‍ സാരമായി പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തേണ്ടി വന്നു. 

ക്രിസ്മസ് കരോൾ നടത്തിയതിൽ തുടക്കം

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്വാർട്ടേഴ്സിൽ ക്രിസ്മസ് കരോൾ നടത്തിയതുമായി ബന്ധപ്പെട്ടു ചില  തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കം ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നീങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടു. ഇതോടെ കൂട്ടയടിയായി. ഒരു വിഭാഗം തൊഴിലാളികൾ തെരുവിലിറങ്ങി അക്രമം തുടർന്നു. ഓഫിസിനുള്ളിൽ സെക്യൂരിറ്റി ജീവനക്കാർ തൊഴിലാളികളെ മർദിച്ചെന്ന പരാതി ഉയർന്നതോടെ സംഘർഷം മൂർഛിച്ചു. സെക്യൂരിറ്റി ജീവനക്കാർ വിവരം അറിയിച്ചതോടെ കുന്നത്തുനാട് സ്റ്റേഷന്റെ പട്രോളിങ് ജീപ്പ് സ്ഥലത്തെത്തി. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട പൊലീസിനെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയും പൊലീസ് ജീപ്പുകൾ കത്തിക്കുകയുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com