ഷാന്‍ വധം: ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍; കൊലയാളികള്‍ക്ക് ഒളിത്താവളം ഒരുക്കിയത് ആര്‍എസ്എസ് കാര്യാലയത്തില്‍

കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കള്‍ക്ക് ഒളിത്താവളം ഒരുക്കിയതിനാണ് അനീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെഎസ് ഷാന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് ആലുവ ജില്ലാ പ്രചാരക് അറസ്റ്റില്‍. മലപ്പുറം സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കള്‍ക്ക് ഒളിത്താവളം ഒരുക്കിയതിനാണ് അനീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലുവ ആര്‍എസ്എസ് കാര്യാലയത്തിലാണ് പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. 

കേസില്‍ ഇന്നലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് വഴികാട്ടിയത് ഇവരാണ്. 

കൊലപാതകത്തിന്റെ ആസൂത്രണം ചേര്‍ത്തലയില്‍ വച്ചായിരുന്നുവെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസം മുമ്പ് ആസൂത്രണത്തിന് രഹസ്യ യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ കൊലപാതകത്തിനായി 7 പേരെ നിയോഗിച്ചു. ഡിസംബര്‍ 15 ന് വീണ്ടും യോഗം ചേര്‍ന്നു. ചേര്‍ത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരമാണ് ഷാന്റെ കൊലപാതകമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആസൂത്രണം ചില നേതാക്കള്‍ക്ക് അറിയാമായിരുന്നു. ഷാന്റെ കൊലയ്ക്ക് ശേഷം എത്തിയ സംഘാംഗങ്ങള്‍ രണ്ട് ടീമായി രക്ഷപ്പെട്ടു. പ്രതികള്‍ക്ക് രക്ഷപെടാനും നേതാക്കളുടെ സഹായം കിട്ടി. കൊലയാളി സംഘാംഗങ്ങള്‍ അടക്കം ആകെ 16 പ്രതികളാണ് കേസിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com