കെപി ഉദയഭാനു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; വീണാജോര്‍ജും പീലിപ്പോസ് തോമസും ജില്ലാ കമ്മിറ്റിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2021 12:20 PM  |  

Last Updated: 29th December 2021 12:20 PM  |   A+A-   |  

udhayabhanu and veena george

ഉദയഭാനു, വീണാ ജോർജ് /ഫയൽ

 

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരും. സെക്രട്ടറി പദത്തില്‍ ഉദയഭാനുവിന്റെ മൂന്നാമൂഴമാണ്. ജില്ലാ കമ്മിറ്റിയില്‍ മൂന്നു പേരെ കൂടി ഉള്‍പ്പെടുത്തി അംഗബലം 34 ആയി ഉയര്‍ത്തി. 

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മുന്‍ എഐസിസി അംഗവും മുന്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന അഡ്വ. പീലിപ്പോസ് തോമസും ജില്ലാ കമ്മിറ്റിയില്‍ ഇടംനേടി. ഇവരടക്കം അഞ്ചു പുതുമുഖങ്ങളാണ് ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുള്ളത്. 

ജില്ലാ കമ്മിറ്റിയില്‍ അഞ്ചു പുതുമുഖങ്ങള്‍

വീണാ ജോര്‍ജ്, പീലിപ്പോസ് തോമസ്, അഡ്വ. എസ് മനോജ്, ലസിത നായര്‍, പി ബി സതീഷ് കുമാര്‍, എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. ഏഴുവര്‍ഷം മുമ്പ് സിപിഎമ്മിലെത്തിയ പീലിപ്പോസ് തോമസ്, അടുത്തിടെ ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

നാലുപേരെ ഒഴിവാക്കി

ജില്ലാ കമ്മിറ്റിയില്‍ നിന്നും നാലുപേരെ ഒഴിവാക്കി. ടികെജി നായര്‍, അമൃതം ഗോകുലന്‍, പ്രകാശ് ബാബു, ജി അജയകുമാര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. മുതിര്‍ന്ന നേതാവായ ടികെജി നായരുടെ ഭാര്യ നിര്‍മ്മലദേവിയെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാന്നി ഏരിയാസെക്രട്ടറി പി പ്രസാദിനെയും ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.