കൊല്ലപ്പെട്ട അനീഷ്, പ്രതി സൈമൺ ലാലൻ/ ചിത്രം: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
കൊല്ലപ്പെട്ട അനീഷ്, പ്രതി സൈമൺ ലാലൻ/ ചിത്രം: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

പുലര്‍ച്ചെ മുറിക്കുള്ളില്‍ സംസാരം; മുട്ടിയിട്ടും തുറന്നില്ല, വാതില്‍ ചവിട്ടിത്തുറന്നു; കയ്യേറ്റത്തിനൊടുവില്‍ കത്തിക്കുത്ത്

പൊലീസ് എത്തുമ്പോള്‍ അനീഷ് വീടിന്റെ രണ്ടാം നിലയിലെ ഹാളില്‍ ചലനമറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ മകളുടെ സുഹൃത്തിനെ കൊലപ്പെടുത്തിയത് കള്ളനാണെന്ന് തെറ്റിദ്ധരിച്ചാണെന്ന പ്രതിയുടെ മൊഴി തള്ളി പൊലീസ്. കൊല്ലപ്പെട്ട അനീഷുമായി കൈയേറ്റമുണ്ടായെന്നും, വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതി സൈമണ്‍ ലാലന്‍ കുത്തുകയായിരുന്നു എന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍. പ്രാണരക്ഷാര്‍ത്ഥം കള്ളനാണെന്ന് കരുതി കുത്തുകയായിരുന്നു എന്നാണ് സൈമണ്‍ ലാലന്‍ പൊലീസിനോട് പറഞ്ഞത്. 

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. പേട്ട ചായക്കുടി ലെയ്‌നിലെ സൈമണ്‍ ലാലന്റെ വീടായ ഏദനില്‍ വെച്ച് പുലര്‍ച്ചെയാണ് അനീഷിന് കുത്തേല്‍ക്കുന്നത്. പുലര്‍ച്ചെ ഉണര്‍ന്ന സൈമണ്‍ ലാലന്‍ മകളുടെ മുറിയില്‍ നിന്നും സംസാരം കേട്ടു. ഇതേത്തുടര്‍ന്ന് വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. ആരുമില്ലെന്ന് മകള്‍ മറുപടി നല്‍കി. എന്നാല്‍ ഇതുകൂട്ടാക്കാതെ സൈമണ്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്നു.

ഇതോടെ അനീഷ് കുളിമുറിയിലേക്ക് ഓടി. തുടര്‍ന്ന് പ്രതി സൈമണ്‍ ലാലന്‍ അനീഷുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. പൊലീസ് എത്തുമ്പോള്‍ വീടിന്റെ രണ്ടാം നിലയിലെ ഹാളില്‍ ചലനമറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു അനീഷ്. നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. തറയിലും രക്തമുണ്ടായിരുന്നു. 

സിസിടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്

സൈമണ്‍ ലാലന്റെ കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നു. ആംബുലന്‍സ് വരുത്തിയാണ് നാലുമണിയോടെ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. കുത്താനുപയോഗിച്ച കത്തി പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. കൊലപാതകം നടന്ന വീടിന് 800 മീറ്റര്‍ മാത്രം അകലെയാണ് അനീഷിന്റെ വീട്. പുലര്‍ച്ചെ മൂന്നുമണിയോടെ ആരും അറിയാതെ അനീഷ് വീട്ടില്‍ നിന്നും പുറത്തിറങ്ങി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ഇതുറപ്പാക്കാന്‍ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. 

തിരികെ പൊകാനുള്ള തയ്യാറെടുപ്പിനിടെ കൊലപാതകം

ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്ന സൈമണ്‍ ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. താഴത്തെ നില വാടകയ്ക്ക് നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ലാലന്റെ ഭാര്യയാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി ലാലനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ സൈമണെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം നടന്ന വീടിന് സമീപം ഒട്ടേറെ വീടുകളുണ്ട്. എന്നാല്‍ പൊലീസ് എത്തിയശേഷം മാത്രമാണ് ഇങ്ങനെയൊരു സംഭവം നടത്തനായി നാട്ടുകാര്‍ അറിയുന്നത്. നിലവിളിയോ ഒന്നും പുറത്തുകേട്ടില്ലെന്ന് സമീപവാസികള്‍ വ്യക്തമാക്കി. കുടുംബങ്ങള്‍ തമ്മില്‍ മുന്‍പരിചയമുണ്ടെന്നും, അവനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നും അനീഷിന്റെ പിതാവ് ജോര്‍ജ് പറഞ്ഞു. 

വിവരം അറിഞ്ഞത് പൊലീസ് എത്തിയപ്പോള്‍

പേട്ട പൊലീസ് സ്‌റ്റേഷനിലെത്തിയശേഷമാണ് മകന് കുത്തേറ്റ വിവരം ജോര്‍ജ് അറിഞ്ഞത്. പിന്നാലെ പൊലീസ് ജീപ്പില്‍ത്തന്നെ ജോര്‍ജിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജോര്‍ജിനെ കാണിച്ചശേഷമാണ് മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയത്. അനീഷ് കൊല്ലപ്പെട്ട വിവരം ബന്ധുക്കളൊക്കെ എത്തിയ ശേഷമാണ് അമ്മ ഡോളിയെ അറിയിച്ചത്.

ഹോട്ടല്‍ സൂപ്പര്‍വൈസറാണ് അനീഷിന്റെ പിതാവ് ജോര്‍ജ്. അമ്മ ഡോളി വീടിന് സമീപത്ത് ചെറിയൊരു കട നടത്തുന്നുണ്ട്.  നാലാഞ്ചിറ ബഥനി കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അനീഷ്. ഇടവകപ്പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കുടുംബം സജീവമായിരുന്നു. 

അനീഷിനെ കുത്തിക്കൊലപ്പെടുത്തിയ സൈമണ്‍ ലാലന്റെ മകളും ഭാര്യയും അനീഷിനൊപ്പം പേട്ട പള്ളിമുക്കിലുള്ള ക്രൈസ്തവദേവാലയത്തിലെ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു. പെണ്‍കുട്ടിയും അനീഷും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്ന് അറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ മുറിയില്‍ സൈമണിന്റെ രണ്ടു മക്കളും മുറിയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com