ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് മൂന്ന് വാഹനത്തിലെത്തിയത് 15 പേര്‍ ; യാത്രയില്‍ ദുരൂഹതയെന്ന് പൊലീസ് ; ആറു പേര്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2021 12:43 PM  |  

Last Updated: 21st June 2021 12:46 PM  |   A+A-   |  

commissioner

പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

 

കോഴിക്കോട് : കോഴിക്കാട് രാമനാട്ടുകരയില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. ചെര്‍പ്പുളശ്ശേരിയില്‍ നിന്നും 15 പേരാണ് കോഴിക്കോട്ടേക്ക് പോയത്. മൂന്നു വാഹനങ്ങളിലാണ് ഇവരെത്തിയത്. ഇവര്‍ എന്തിനാണ് 15 പേര്‍ ഒരുമിച്ച് എയര്‍പോര്‍ട്ടിലേക്ക് എത്തി എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് കമ്മീഷണര്‍ എ വി ജോര്‍ജ് പറഞ്ഞു. 

യുവാക്കളുടെ സംഘം സഞ്ചരിച്ച വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പട്ടത്. സംഘത്തിലുണ്ടായിരുന്ന ഏതാനും പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്യുകയാണ്. അപകടത്തില്‍പ്പെട്ടവര്‍ മദ്യപിച്ചിരുന്നതായി ഇവര്‍ സംശയം പറയുന്നു. 

ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അക്കാര്യവും അന്വേഷിച്ചു വരുന്നതായും, കേസുമായി ബന്ധപ്പെട്ട് ഒരു കാര്യവും വിട്ടുകളയില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. 

എന്ത് ആവശ്യത്തിനാണ് ഇവര്‍ എത്തിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നും വന്നയാളെ കൂട്ടാന്‍ വന്നതാണെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പറയുന്നത്. 

നിയന്ത്രണം വിട്ട് കരണം മറിഞ്ഞ് ബൊലേറോ ഇടിക്കുകയായിരുന്നു എന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും പൊട്ടിയ സോഡാക്കുപ്പികളും മറ്റും ലഭിച്ചിട്ടുണ്ട്. അതേസമയം മറ്റേ വാഹനങ്ങളുടെ നമ്പരും, വാഹനത്തിലുണ്ടായിരുന്നവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. 

ഇന്നോവ വാഹനത്തിലുള്ളവരാണ് പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇന്നു പുലര്‍ച്ചെ 4.30നു എയര്‍പോര്‍ട്ട് റോഡിലെ പുളിഞ്ചോട് വളവിനു സമീപത്താണ് അപകടം. ബൊലേറോ ജീപ്പും സിമന്റ് കയറ്റി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീര്‍ (26), ചെര്‍പ്പുളശ്ശേരി താഹിര്‍ (23), മുളയന്‍കാവ് വടക്കേതില്‍ നാസര്‍ (28), മുളയന്‍കാവ് ചെമ്മക്കുഴി ഇടുംതറ സുബൈര്‍, ചെര്‍പ്പുളശ്ശേരി ഹസൈനാര്‍ എന്നിവരാണ് മരിച്ചത്. പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്.