കൊല്ലത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ; കൊലപാതകമെന്ന് ബന്ധുക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2021 11:58 AM  |  

Last Updated: 21st June 2021 12:05 PM  |   A+A-   |  

vismaya

മരിച്ച വിസ്മയ, മർദനമേറ്റ ചിത്രങ്ങൾ / ടെലിവിഷൻ ചിത്രം

 

കൊല്ലം : കൊല്ലത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ(24)യാണ് മരിച്ചത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാസ്താംകോട്ടയ്ക്ക്ടുത്ത് ശാസ്തനടയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാരെ പുലര്‍ച്ചെ വിസ്മയ തൂങ്ങി മരിച്ചു എന്നു വിവരം അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് ബന്ധുക്കള്‍ നിലമേലില്‍ നിന്നും ശാസ്താംകോട്ടയിലെത്തി. എന്നാല്‍ ബന്ധുക്കള്‍ എത്തുന്നതിന് മുമ്പു തന്നെ മൃതദേഹം വീട്ടില്‍ നിന്നും മാറ്റിയിരുന്നെന്നും യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു. 

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് നിരന്തരം വിസ്മയയെ മര്‍ദ്ദിക്കുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. 

കഴിഞ്ഞദിവസം ബന്ധുക്കള്‍ക്ക് വിസ്മയ മർദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നു. തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു എന്നും പെണ്‍കുട്ടി വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ബന്ധുക്കളെ അറിയിച്ചിരുന്നു. 

ഈ തെളിവുകള്‍ ബന്ധുക്കള്‍ പുറത്തുവിട്ടു. ഈ സാഹചര്യത്തില്‍ വിസ്മയയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബലമായി സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 


 

യുവതി വീട്ടുകാർക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം