ഭാര്യയുടെ വിവരങ്ങള്‍ ബാധകമല്ലെന്ന് ഇടതു സ്ഥാനാര്‍ത്ഥി ; സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശപത്രിക മാറ്റിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 04:25 PM  |  

Last Updated: 20th March 2021 04:29 PM  |   A+A-   |  

sulaiman haji

സുലൈമാന്‍ ഹാജി / പോസ്റ്റര്‍ ചിത്രം

 

മലപ്പുറം : കൊണ്ടോട്ടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ ടി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു. ജീവിതപങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിട്ടില്ല. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ല എന്നാണ് രേഖപ്പെടുത്തിയത്. 

സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ആരോപിച്ച് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്. ഒരു ഭാര്യ വിദേശത്താണുള്ളത്. ഹിറാ മുഹമ്മദ് സഫ്ദര്‍ എന്ന റാവല്‍പിണ്ടി ( പാകിസ്ഥാന്‍) സ്വദേശിയാണ് ഭാര്യമാരില്‍ ഒരാള്‍ എന്നതിന്റെ രേഖകളും ഇവര്‍ നല്‍കിയിട്ടുണ്ട്.

നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടില്ല. മാത്രമല്ല സ്വത്തു വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നും പ്രാദേശിക മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. സുലൈമാന്‍ ഹാജിയുടെ പത്രിക അപൂര്‍ണമാണെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് പരിശോധന പൂര്‍ത്തിയാക്കാതെ മാറ്റിവെച്ചത്. 

ഇക്കാര്യത്തില്‍ കൂടുതല്‍ നിയമവശങ്ങള്‍ തേടിയ ശേഷമാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കുക. ഗള്‍ഫ് വ്യവസായിയാണ് ഇടതു സ്വതന്ത്രനായി മല്‍സരിക്കുന്ന കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജി. ജയിച്ചാല്‍ ഗള്‍ഫില്‍ ജോലി ചെയ്യാന്‍ ആഗ്രഹമുള്ള മണ്ഡലത്തിലെ യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നാണ് സുലൈമാന്‍ ഹാജി വാഗ്ദാനം ചെയ്തിട്ടുള്ളത്.