'തോറ്റുപോയവരുടെ' പോരാട്ടം;  മനസ്സ് തുറക്കാതെ തൃശൂര്‍

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ ഇത്തവണ ത്രികോണ മത്സരമാണ്
ആര് വീഴും ആര് വാഴുമെന്ന് അറിയിക്കാതെ, സാസ്‌കാരിക തലസ്ഥാനത്തിലെ ജനത അങ്കം കണ്ട് രസിക്കുകയാണ്...
ആര് വീഴും ആര് വാഴുമെന്ന് അറിയിക്കാതെ, സാസ്‌കാരിക തലസ്ഥാനത്തിലെ ജനത അങ്കം കണ്ട് രസിക്കുകയാണ്...

തോറ്റുപോയവര്‍ തമ്മില്‍ ജയിക്കാന്‍ പോരടിക്കുമ്പോള്‍ ആ മത്സരത്തിന് ആവേശം കൂടും, കൂടുതല്‍ വിയര്‍പ്പൊഴുകും, വീണുപോകാതിരിക്കാന്‍ പഠിച്ചയടവുകള്‍ ഓരോന്നും വെട്ടിനോക്കും. അങ്ങനെയൊരു പോരിനാണ് തൃശൂര്‍ സാക്ഷിയാകുന്നത്. നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് പലപ്പോഴായി തോല്‍വിയുടെ കയ്പ്പറിഞ്ഞ മൂന്നുപേര്‍. നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചമാത്രം ബാക്കിനില്‍ക്കെ, ആര് വീഴും ആര് വാഴുമെന്ന് അറിയിക്കാതെ, സാസ്‌കാരിക തലസ്ഥാനത്തിലെ ജനത അങ്കം കണ്ട് രസിക്കുകയാണ്...

2011ല്‍ തേറമ്പില്‍ രാമകൃഷ്ണനോട് പരാജയപ്പെട്ടയാളാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍. യുഡിഎഫ് പോരാളി പത്മജ വേണുഗോപാല്‍ വീണത് 2016ല്‍ വി എസ് സുനില്‍കുമാറിനോട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടി എന്‍ പ്രതാപനോട് തോറ്റ സുരേഷ് ഗോപിയെയാണ് ബിജെപി ഇറക്കിയിരിക്കുന്നത്. 

ചുവരുകളിലും റോഡിലും സുനില്‍കുമാര്‍

തൃശൂരിലേക്കിറങ്ങിയാല്‍ ചുവരുകളിലും റോഡിലുമെല്ലാം വി എസ് സുനില്‍കുമാറാണ്. എല്‍ഡിഎഫ് പ്രചാരത്തിന്റെ മുഖ്യ ആയുധം. കോണ്‍ഗ്രസ് കോട്ട തച്ചു തകര്‍ത്ത് ചെങ്കൊടി പാറിച്ച സുനില്‍കുമാര്‍ തൃശൂരില്‍ ഇടതുപക്ഷത്തിന്റെ ബ്രാന്റാണ്. ആ ബ്രാന്റ് ഉപയോഗിച്ചാണ് പി ബാലചന്ദ്രന്‍ പ്രചാരണം കൊഴുപ്പിക്കുന്നത്‌. കേരള വര്‍മ്മ കോളജില്‍ രാഷ്ട്രീയം പയറ്റി തെളിഞ്ഞ, ഒരുമിച്ച് സംഘടനാപ്രവര്‍ത്തനം ആരംഭിച്ച ബാലചന്ദ്രനെ വിജയിപ്പിക്കാനുള്ള ദൗത്യം സുനില്‍ കുമാര്‍ ഏറ്റെടുത്തിട്ടുണ്ട്. മറ്റു മണ്ഡലങ്ങള്‍ ഒഴിവാക്കി തൃശൂരില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് അദ്ദേഹം. 

മന്ത്രി വി എസ് സുനില്‍കുമാര്‍, പി ബാലചന്ദ്രന്‍, മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍/ഫെയ്‌സ്ബുക്ക്‌ 
 

തൃശൂരിലെ സാംസ്‌കാരിക,രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന പി ബാലചന്ദ്രന്‍, പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും തുടര്‍ഭരണ പ്രതീക്ഷയും പറഞ്ഞാണ് വോട്ട് തേടുന്നത്. വി എസ് സുനില്‍കുമാറിന്റെ ജനകീയത ഒരുവട്ടം കൂടി പാര്‍ട്ടിയെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ. 

ജയിച്ചു കാണിക്കാന്‍ പത്മജ

ലീഡര്‍ കെ കരുണാകരന്റെ തട്ടകമായിരുന്നു തൃശൂര്‍. അച്ഛന്റ പാരമ്പര്യം നിലകൊള്ളുന്ന മണ്ണില്‍ ഒരുതവണയേറ്റ തോല്‍വിയ്ക്ക് പകരം  വീട്ടാന്‍ കച്ച കെട്ടിയിറങ്ങിയ പത്മജ വേണുഗോപാല്‍, ഇത്തവണ വിജയത്തിനപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ വരവറിയിക്കാന്‍ ഗൃഹപാഠങ്ങള്‍ ഏറെ ചെയ്താണ് പോരാട്ടം. കോണ്‍ഗ്രസിന്റെ വനിതാ ടീമില്‍ ഏറെ ശ്രദ്ധ കിട്ടുന്ന സ്ഥാനാര്‍ത്ഥിയെന്ന പ്രത്യേകതയും പത്മജയ്ക്കുണ്ട്. 

പത്മജ വേണുഗോപാല്‍ പ്രചാരണത്തില്‍/ഫെയ്‌സ്ബുക്ക്‌
 

2016ല്‍ തോറ്റതിന് ശേഷം മണ്ഡലത്തില്‍ അഞ്ചുവര്‍ഷം നിന്ന് പ്രവര്‍ത്തിച്ച് അടിത്തറയുണ്ടാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പേ മണ്ഡലത്തില്‍ സജീവമായതിന്റെ ആത്മവിശ്വാസം പത്മജയ്ക്കുണ്ട്. 2016ലെ തെരഞ്ഞെടുപ്പില്‍ വി എസ് സുനില്‍കുമാര്‍ അട്ടിമറി വിജയം നേടിയത് മാറ്റിനിര്‍ത്തിയാല്‍ പൂര്‍ണമായും കോണ്‍ഗ്രസ് അനുകൂല മണ്ഡലമാണ് തൃശൂര്‍. കെ കരുണാകരനെന്ന പേര് മറക്കാന്‍ സാധിച്ചിട്ടില്ലാത്ത പരാമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ ഇത്തവണ തന്റെ പെട്ടിയില്‍ തന്നെ വീഴുമെന്ന് പത്മജ കണക്കുകൂട്ടുന്നു. 

പഞ്ച് കുറയാതെ സുരേഷ് ഗോപി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തെത്തിയ സുരേഷ് ഗോപി ഇത്തവണ കളത്തിലിറങ്ങിയതിനാല്‍, സീറ്റ് കൂടെപ്പോരുമെന്ന ഉറച്ച ഉറപ്പിലാണ് ബിജെപി. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സുരേഷ് കളത്തിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേതുപോലെ പഞ്ച് ഡയലോഗുകളുമായി താരം മണ്ഡലത്തില്‍ ഓളമുണ്ടാക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ നേടിയ മുന്നേറ്റം കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. 

സുരേഷ് ഗോപി പ്രചാരണത്തില്‍/ഫെയ്‌സ്ബുക്ക്‌
 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ രാജാജി മാത്യു തോമസിനെ പിന്നിലാക്കിയ സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തി. 37,641വോട്ടാണ് സുരേഷ് ഗോപി ഇവിടെ നേടിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ച മണ്ഡലമായിരുന്നു ഇതെന്നതുകൂടി ശ്രദ്ധേയമാണ്. ശബരിമല മുഖ്യ ആയുധമാക്കിയാണ് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. 

സുനില്‍കുമാര്‍ ഇടിച്ചുനിരത്തിയ യുഡിഎഫ് കോട്ട

യുഡിഎഫിന് ഉറച്ച സ്വാധീനമുള്ള മണ്ഡലമാണ് തൃശൂര്‍. സുനില്‍കുമാര്‍ വരുന്നതിന് മുന്‍പ് 1967ല്‍ കെ ശേഖരന്‍ നായരും 1987ല്‍ ഇ കെ മേനോനും ചെങ്കൊടി പാറിച്ചത് ഒഴിച്ചാല്‍ ഇടത് പാര്‍ട്ടികള്‍ നിലംതൊട്ടിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍, വി എസ് സുനില്‍കുമാര്‍/എക്‌സ്പ്രസ് ഫോട്ടോ
 

87ല്‍ തന്നെ തോല്‍പ്പിച്ചതിന് പകരം വീട്ടി 1991ല്‍ മണ്ഡലം തിരിച്ചുപിടിച്ച തേറമ്പില്‍ രാമകൃഷ്ണന്‍ 2011വരെ അടക്കിവാണു. കൈപ്പമംഗലം വിട്ട് തൃശൂരിലെത്തിയ സുനില്‍കുമാര്‍ അട്ടിമറിയിലൂടെ തൃശൂരില്‍ ചെങ്കൊടിയുയര്‍ത്തി. പത്മജ വേണുഗോപാലിന് എതിരെ 53,664വോട്ടാണ് നേടിയത്. പത്മജ 46,677ഉം ബിജെപിയുടെ ബി ഗോപാലകൃഷ്ണന്‍ 24,748ഉം വോട്ട് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com