ജയിച്ചുകയറുമോ രാജേട്ടന്‍ രണ്ടാമന്‍?  ആ അക്കൗണ്ടിന് എന്തുപറ്റും? പ്രവചനാതീതം നേമം

പഴയ നേമം മണ്ഡലത്തില്‍ കെ കരുണാകരന്‍ മത്സരിച്ച് വിജയിച്ചിരുന്നു
ജയിച്ചുകയറുമോ രാജേട്ടന്‍ രണ്ടാമന്‍?  ആ അക്കൗണ്ടിന് എന്തുപറ്റും? പ്രവചനാതീതം നേമം


തിരുവനന്തപുരം : നേമം കേരളത്തിലെ ഗുജറാത്താകുമോ?. ബിജെപിയുടെ പ്രചാരണത്തിന്റെ ഫലമെന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം. നേമത്തെ താമര വാടാതെയും, കൂടുതല്‍ മണ്ഡലങ്ങളില്‍ താമര വിരിയിക്കാനുമുള്ള കഠിന ശ്രമത്തിലാണ് ബിജെപി. അതേസമയം അപ്രതീക്ഷിത എന്‍ട്രിയിലൂടെ രാഷ്ട്രീയ കളം തന്നെ മാറ്റിമറിച്ചിരിക്കുകയാണ് കെ മുരളീധരന്‍. 

കോണ്‍ഗ്രസിലെ കരുത്തനായി മുരളീധരനും, ഒരു രാജേട്ടനു പകരം അടുത്ത രാജേട്ടനായി കുമ്മനവും പോര്‍ക്കളത്തിലിറങ്ങുമ്പോള്‍, കരുത്തനായ വി ശിവന്‍കുട്ടിയെയാണ് ഇടതുമുന്നണി അണിനിരത്തുന്നത്. കുമ്മനം രാജേട്ടന്റെ പിന്‍ഗാമിയാകുമോ ?. കുമ്മനം തന്റെ പിന്‍ഗാമിയല്ലെന്നത് അടക്കമുള്ള രാജഗോപാലിന്റെ പ്രസ്താവനകളെ നേമം എങ്ങനെ നോക്കിക്കാണും എന്നതും ശ്രദ്ധേയമാണ്.


നേമത്തെ 'വെല്ലുവിളി'കള്‍ 

കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന് ചരിത്രം തിരുത്തിക്കുറിച്ചതോടെയാണ് നേമം സമീപകാലത്ത് ശ്രദ്ധയാകര്‍ഷിക്കുന്നത്. സിപിഎമ്മിന്റെ വി ശിവന്‍കുട്ടി, യുഡിഎഫിന്റെ വി സുരേന്ദ്രന്‍പിള്ള എന്നിവരെ തകര്‍ത്താണ് ബിജെപിയുടെ ഒ രാജഗോപാല്‍ 2016 ല്‍ നേമത്ത് താമര വിരിയിച്ചത്. ഇത്തവണ പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയാണ് മണ്ഡലം നിലനിര്‍ത്താന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. കുമ്മനത്തിന്റെ ജനകീയതയും പൊതുരംഗത്തെ ഇടപെടലും നേമത്തെ താമര വാടാതെ കാക്കുമെന്ന് ബിജെപി ക്യാംപ് കണക്കുകൂട്ടുന്നു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേമം ഉള്‍പ്പെടുന്ന തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ കുമ്മനം മല്‍സരിച്ചിരുന്നു. 

പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ രാജഗോപാല്‍ നടത്തിയ വിവാദപ്രസ്താവനകള്‍ എങ്ങനെ പ്രതിഫലിക്കും എന്നതും ജനം ഉറ്റുനോക്കുകയാണ്. എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപി വോട്ട് മറിച്ചിട്ടുണ്ട് , ബിജെപി കേരളത്തില്‍ വളരാത്തത് ജനങ്ങള്‍ക്ക് സാക്ഷരതയുള്ളതുകൊണ്ട്, ബിജെപി പ്രവര്‍ത്തനശൈലി മാറ്റണം, പിണറായിയുടെ വികസനപ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയത് തുടങ്ങി നിരവധി ശ്രദ്ധേയ പ്രതികരണങ്ങളാണ് രാജഗോപാല്‍ അടുത്തിടെ നടത്തിയത്. രാജഗോപാലിനെപ്പോലെ, അഴിമതിക്കറ പുരളാത്ത സംശുദ്ധത കുമ്മനത്തെയും നേമത്ത് തുണയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നത്. 

സസ്‌പെന്‍സ്, ട്വിസ്റ്റ്

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഉദ്വേഗങ്ങളും ട്വിസ്റ്റുകളും കൊണ്ടാണ് യുഡിഎഫ് ക്യാംപ് ഇത്തവണ ശ്രദ്ധ നേടിയത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം എംപി ശശി തരൂര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവ മുതിര്‍ന്ന നേതാക്കളുടെ പേരുകളാണ് നേമത്തേക്ക് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേട്ടത്. 

നേമത്ത് കരുത്തന്‍ തന്നെ രംഗത്തെത്തുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയും സസ്‌പെന്‍സ് ശക്തമാക്കി. ഒടുവില്‍ കണ്ണൂരിലെ കരുത്തന്‍ പി ജയരാജനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മുട്ടുകുത്തിച്ച കെ മുരളീധരനെ കോണ്‍ഗ്രസ് മണ്ഡലം തിരികെ പിടിക്കാന്‍ നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നേമം മണ്ഡലം തിരികെ പിടിക്കുക എന്നതിന് പുറമെ, മണ്ഡലത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന ഭാരിച്ച പ്രയത്‌നം കൂടി കെ മുരളീധരന് വന്നിരിക്കുകയാണ്. 

പഴയ നേമം മണ്ഡലത്തില്‍ 1982 ല്‍ കെ കരുണാകരന്‍ മത്സരിച്ച് വിജയിച്ചിരുന്നു. പി ഫക്കീര്‍ഖാനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മാളയിലും നേമത്തും വിജയിച്ചതിനെ തുടര്‍ന്ന് കരുണാകരന്‍ നേമം മണ്ഡലത്തില്‍ നിന്നും രാജിവച്ചു. ഇത്തവണ കരുണാകരന്റെ മകന്‍ മുരളീധരനിലൂടെ നേമത്തെ കോണ്‍ഗ്രസ് ക്യാംപില്‍ തിരികെ എത്തിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്നത്. 

ചുവപ്പിക്കാന്‍ പഴയ പോരാളി

മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയെയാണ് നേമത്ത് സിപിഎം വീണ്ടും മല്‍സരിപ്പിക്കുന്നത്. 2011 ല്‍ ശിവന്‍കുട്ടി നേമത്തു നിന്നും വിജയിച്ചിരുന്നു. ഇടതുസ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി, കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് മുമ്പേ തന്നെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. 2011 ല്‍ ബിജെപിയുടെ ഒ രാജഗോപാല്‍, യുഡിഎഫിന്റെ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാര്‍ട്ടി സ്ഥാനാര്‍ത്ഥി ചാരുപാറ രവി എന്നിവരെയാണ് ശിവന്‍കുട്ടി പരാജയപ്പെടുത്തിയത്. 

കോണ്‍ഗ്രസിന്റെ 'കൈ' വിട്ട മണ്ഡലം

മണ്ഡല പുനര്‍ നിര്‍ണയത്തിന് മുമ്പ് 2001, 2006 നിയസഭ തെരഞ്ഞെടുപ്പുകളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന്‍ വിജയിച്ച മണ്ഡലമാണ്. 2001 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 16,872 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍  2006 ല്‍ അത് 6,705 വോട്ടുകളായി കുറഞ്ഞു. 2011 ല്‍ കോണ്‍ഗ്രസിനെ പിന്തള്ളി വി ശിവന്‍കുട്ടിയാണ് നേമത്തെ ചുവപ്പിക്കുന്നത്. 

2011 ല്‍ ശിവന്‍കുട്ടിക്ക് 42.99 ശതമാനം വോട്ടുകള്‍ ലഭിച്ചു. 37.49 ശതമാനം വോട്ട് ലഭിച്ച ഒ രാജഗോപാല്‍ ബിജെപിയെ രണ്ടാമതെത്തിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാരുപാറ രവിക്ക് 17.38 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. യുഡിഎഫ് വോട്ട് വിഹിതം 9.7 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന്റെ ഈ ശോഷണമാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കരുത്തായതെന്ന് കാണാം. 

1.92 ലക്ഷത്തിലധികം വോട്ടര്‍മാരാണ് നേമം മണ്ഡലത്തിലുള്ളത്. ഇതിലേറെയും സവര്‍ണ ഹിന്ദുക്കളാണ്. 30,000ഓളം മുസ്‌ലിം വോട്ടുകളും അത്രത്തോളം നാടാര്‍ വോട്ടുകളുമുണ്ട്. ഹിന്ദു വോട്ടുബാങ്ക് ലക്ഷ്യമിട്ട് സിപിഎമ്മും കോണ്‍ഗ്രസ്സും ബിജെപിയും നായര്‍ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെയാണ് മത്സരരംഗത്തിറക്കിയിട്ടുള്ളത്. അതേസമയം ഹിന്ദു വോട്ടിന് പുറമെ, മുസ്ലിം, നാടാര്‍ വോട്ടുകളും തുണയ്‌ക്കെത്തുമെന്നാണ് കെ മുരളീധരന്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com