ഇഞ്ചികൃഷി മുതല്‍ സ്വര്‍ണക്കടത്തു വരെ; വിവാദങ്ങള്‍ നിറഞ്ഞ് അഴീക്കോട്ടെ തെരുവുകള്‍, പോരാട്ടം കടുപ്പം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 05:02 PM  |  

Last Updated: 31st March 2021 05:03 PM  |   A+A-   |  

azhikode

 

കണ്ണൂര്‍ : ഇഞ്ചികൃഷി മുതല്‍ സ്വര്‍ണക്കടത്തു വരെ നിറഞ്ഞുനില്‍ക്കുകയാണ് അഴീക്കോട്ടെ തെരുവോരങ്ങളിലും ന​ഗരവീഥികളിലും. കടത്തനാടന്‍ ശൈലിയില്‍ വെട്ടും മറുവെട്ടും തടയും പൂഴിക്കടകനും വരെ  തീരമണ്ഡലത്തില്‍ പയറ്റുകയാണ് മുന്നണികള്‍. സിറ്റിങ് എംഎല്‍എ കെ എം ഷാജിക്കെതിരായ അഴിമതി കഥകള്‍ ഇടതുപക്ഷവും ബിജെപിയും പ്രചാരണായുധമാക്കുന്നു. പത്തുകൊല്ലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായിട്ടും അഴീക്കോട്ടെ വികസനത്തിലെ പിന്നോക്കാവസ്ഥയും മണ്ഡലത്തില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. 

പ്രാദേശികമായി ഏറെ എതിര്‍പ്പുകളും ഷാജിക്ക് ഇത്തവണ നേരിടേണ്ടി വന്നിരുന്നു. മണ്ഡലത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കണമെന്നാണ് മുസ്ലിം ലീഗിനുള്ളിലും യുഡിഎഫിലും അഭിപ്രായം ഉയര്‍ന്നത്. ഈ എതിര്‍പ്പുകളെല്ലാം പരിഹരിച്ചാണ് ഷാജി വീണ്ടും അഴീക്കോട് മല്‍സരത്തിനെത്തുന്നത്. എന്നാല്‍ ഇത്തവണ ഷാജിക്ക് പോരാട്ടം അത്ര ഈസിയല്ല. രാഷ്ട്രീയ ജീവിതത്തില്‍ ഏറെ വെല്ലുവിളി നേരിടുന്ന സമയത്തെ അഴീക്കോടന്‍ പരീക്ഷണം ഷാജിക്ക് കടുകട്ടിയാകുമെന്നുറപ്പാണ്.

 

കെ എം ഷാജി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌

കോട്ട കാക്കാന്‍ ഷാജി

മൂന്നാമൂഴം തേടിയിറങ്ങിയ കെ എം ഷാജിക്ക് ഇത്തവണ അഴീക്കോട്ട് ജീവന്മരണ പോരാട്ടമാണ്. രാഷ്ട്രീയമായി ഇടത് ചായ്‌വുള്ള അഴീക്കോട് 2011 ല്‍ സിപിഎമ്മിലെ പ്രകാശന്‍മാസ്റ്ററെ 400 ഓളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യൂത്ത് ലീഗ് നേതാവായ കെ എം ഷാജി പിടിച്ചെടുക്കുകയായിരുന്നു. 2016 ലും ഷാജി മണ്ഡലം നിര്‍ത്തി. 2200 ലേറെ വോട്ടുകള്‍ക്കാണ് ഷാജി മുന്‍മന്ത്രി എം വി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം വി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയത്. 

ഇത്തവണ ലീഗിലെ പ്രാദേശികമായ അതൃപ്തിയും, പ്ലസ് ടു കോഴ, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങിയ കുരുക്കുകളും ഷാജിക്ക് മേലുണ്ട്. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചെന്ന കേസിലെ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. കേസ് രാഷ്ട്രീയപ്രേതിരമാണെന്ന ഷാജിയുടെ വാദം അഴീക്കോട്ടെ ജനത സ്വീകരിക്കുമോ എന്നതും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.
 

കോട്ട പിടിക്കാന്‍ യുവപോരാളി

അഴീക്കോട്ടെ കോട്ട പിടിക്കാന്‍ ഇടതുപക്ഷം രംഗത്തിറക്കിയത് യുവനേതാവ് കെ വി സുമേഷിനെയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ സുമേഷ് മുമ്പ് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ നേട്ടമാകുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. സുമേഷിന്റെ ജനകീയത കൊണ്ട് അട്ടിമറി വിജയമാണ് സിപിഎം ലക്ഷ്യമിടുന്നത്. അഴീക്കോട്ടെ വികസനമുരടിപ്പും, കെ എം ഷാജിയുടെ അഴിമതികളും ഇടതുപക്ഷം മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കുന്നു.

കെ വി സുമേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഒപ്പം ആഷിക് അബു / ഫെയ്‌സ്ബുക്ക്‌

സാന്നിധ്യമറിയിക്കാന്‍ ബിജെപി

കെ രഞ്ജിത്താണ് അഴീക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി. ഇത്തവണ വോട്ടുവിഹിതം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. അഴീക്കോട്ടെ വികസനമുരടിപ്പാണ് ബിജെപി മുഖ്യമായും ഉയര്‍ത്തിക്കാട്ടുന്നത്. അഴീക്കോട് ഷാജി ഒരു വികസനപദ്ധതികളും നടപ്പാക്കിയിട്ടില്ലെന്ന് രഞ്ജിത്ത് ആരോപിക്കുന്നു.

കെ രഞ്ജിത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌


2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 12,980 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടില്‍ ഇടിവുണ്ടായി. വോട്ട് 11,728 ആയി ചുരുങ്ങി. എന്നാല്‍ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ 15,705 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 

ഇടതുപക്ഷത്തിനും നിലവിലെ കണക്കുകള്‍ ആത്മവിശ്വാസം പകരുന്നു. 2016 ല്‍ 60,795 വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത് 51,218 ആയി കുറഞ്ഞു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് 58, 351 ആയി ഉയര്‍ന്നിട്ടുണ്ട്. 

യുഡിഎഫിന് 2016 ല്‍ 63,082 വോട്ടുകളാണ് ലഭിച്ചത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത് 73,075 ആയി ഉയര്‍ന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുകളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായായി. 51,897 വോട്ടുകളാണ് മണ്ഡലത്തില്‍ യുഡിഎഫിന് ലഭിച്ചത്. 


മണ്ഡല ചരിത്രം

ചരിത്രപരമായി സിപിഎമ്മിനോടാണ് അഴീക്കോട് മണ്ഡലത്തിന് കൂറ്. ചടയന്‍ ഗോവിന്ദന്‍, എംവി രാഘവന്‍, ഇപി ജയരാജന്‍ തുടങ്ങിയ പ്രമുഖര്‍ മല്‍സരിച്ച് വിജയിച്ച മണ്ഡലമാണ് അഴീക്കോട്. അഴീക്കല്‍ തുറമുഖവും പല വ്യവസായ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന അഴീക്കോട് മണ്ഡലം 1977 ലാണ് രൂപം കൊള്ളുന്നത്. അതിന് മുമ്പ് മറഞ്ഞുപോയ മാടായി മണ്ഡലത്തിന്റെയും കല്യാശേരിയുടെയും ഭാഗമായിരുന്നു. അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദനാണ് അഴീക്കോട്ടെ ആദ്യ എംഎല്‍എ. 

പിന്നീട് പി ദേവൂട്ടിയിലൂടെ 1980 ലും 82 ലും സിപിഎം നിലനിര്‍ത്തി. എന്നാല്‍ 1987 ല്‍ എം വി രാഘവനിലൂടെ യുഡിഎഫ് അഴീക്കോട് പിടിച്ചെടുത്തു. 1991 ല്‍ ഇ പി ജയരാജനിലൂടെ സിപിഎം അഴീക്കോട് തിരിച്ചുപിടിച്ചു. പിന്നീട് സിപിഎം ഉരുക്കുകോട്ട പോലെ കാത്ത അഴീക്കോട് കെ എം ഷാജിയിലൂടെയാണ് വലത്തേക്ക് ചായുന്നത്. 2011 ലാണ് ഷാജി അഴീക്കോട് വിജയക്കൊടി പാറിച്ചത്. അന്നുമുതല്‍ ഒരുദശാബ്ദമായി യുഡിഎഫിനൊപ്പമാണ് അഴീക്കോട്. 

വെല്ലുവിളികളും പ്രതീക്ഷകളും

കെ എം ഷാജിയുടെ രണ്ടു വിജയങ്ങളും നേരിയ ഭൂരിപക്ഷണത്തിനാണ് എന്നതാണ് യുഡിഎഫ് ക്യാമ്പിനെ ആശഹ്കപ്പെടുത്തുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 6141 വോട്ടിന് യുഡിഎഫ് പിന്നിലാണ്. ഇതിനെല്ലാം പുറമെ ലീഗിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളും, പ്ലസ്ടു കോഴ ആരോപണമെന്ന കടമ്പയും യുഡിഎഫിന് മറികടക്കണം. മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ അഞ്ചില്‍ നാലും ഭരിക്കുന്നു എന്ന ആത്മവിശ്വസമാണ് ഇടതുപക്ഷത്തിന് കരുത്തേകുന്നത്. കണ്ണൂര്‍ കോര്‍പറേഷനില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ഡിവിഷന്‍ അഴീക്കോട് മണ്ഡലത്തിലാണ് എന്നതാണ് ബിജെപിക്ക് ആത്മവിശ്വസമേകുന്നത്.